ചുറ്റിക്കറങ്ങാൻ ബോസ് നൽകും ഒന്നരലക്ഷം ! പോകുന്നോ ജോലിക്ക്?

സ്റ്റീല്‍ഹൗസ് സിഇഒ മാർക് ഡഗ്ലസ്, സ്റ്റീൽഹൗസിലെ തൊഴിലാളികൾ

ഒരു ജോലി കിട്ടിയിട്ടു വേണം നാലഞ്ചു ലീവ് എ‌ടുക്കാൻ , തൊഴിൽരഹിതരായ പല യുവാക്കളും മുദ്രാവാക്യം പോലെ പറയുന്നൊരു വാക്കാണിത്. സത്യത്തിൽ നാം ചെയ്യുന്ന ജോലി നമുക്കിഷ്ടമുള്ളതാണെങ്കിൽ അവധിയൊന്നും ഒരു പ്രശ്നമേയാകില്ലല്ലോ. അപ്പോൾ ബോറടിക്കാത്ത, ദിനംപ്രതി ഇഷ്ടം കൂടിക്കൊണ്ടിരിക്കുന്ന ഒരു ജോലിക്കു വേണ്ടി ശ്രമിക്കണം. ഇനി നിങ്ങൾ കാത്തിരിക്കുന്ന ജോലിക്കൊപ്പം പെയ്ഡ് വെക്കേഷൻ കൂടി ഉണ്ടെങ്കിലോ? അതായത് ഉദ്യോഗാർഥികൾക്കായി അവിടുത്തെ ബോസ് അവധിക്കാലം ആഘോഷിക്കാൻ നിശ്ചിതതുക നീക്കിവച്ചിട്ടുണ്ടെന്നു കേട്ടാലോ? എപ്പോൾ ആ ജോലിക്ക് എസ് മൂളിയെന്നു ചോദിച്ചാൽ മതിയല്ലേ. അതൊക്കെ സ്വപ്നം കാണാനല്ലേ പറ്റൂയെന്നു പറഞ്ഞുകളയാൻ വരട്ടെ. സ്റ്റീല്‍ഹൗസ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ഓരോ വർഷവും ഒന്നരലക്ഷം രൂപയാണ് അവിടുത്തെ ബോസ് ബോണസായി നീക്കിവച്ചിരിക്കുന്നത്, അതും ഇഷ്ടമുള്ള സ്ഥലത്ത് കറങ്ങിയടിച്ചു വരാൻ.

യുഎസ്എ ആസ്ഥാനമായുള്ള അഡ്വർടൈസിങ് ഏജൻസിയാണ് സ്റ്റീൽഹൗസ്. മാർക് ഡഗ്ലസ് എന്ന ബോസാണ് കിടിലൻ സർപ്രൈസോടെ തൊഴിലാളികളുടെ പ്രിയ്യങ്കരനായ സിഇഒ ആയി മാറിയത്. തന്റെ തീരുമാനം ഒരിക്കലും തെറ്റായിട്ടില്ലെന്ന് ഡഗ്ലസിന് ഉറച്ച ബോധ്യമുണ്ട്. നമ്മു‌ടെ സംസ്കാരം വളരെ ലളിതമാണ്, അതു വിശ്വാസത്തിലും ലക്ഷ്യത്തിലും ഊന്നിയിട്ടുള്ളതാണ്. തൊഴിലാളികൾക്ക് അവർക്ക് ആവശ്യമുള്ള ഏതു സ്ഥലവും തിരഞ്ഞെടുക്കാം. തിരിച്ചു വന്നതിനുശേഷം ബിൽ കാണിച്ചാൽ അവർക്കു ഒന്നരലക്ഷം രൂപ കമ്പനി വക നൽകുന്നതായിരിക്കും.

ഇനി ജോലി ചെയ്യുന്ന വർഷം അവർ ആ പണം ഉപയോഗപ്പെ‌ടുത്തിയില്ലെങ്കിൽ അതു നഷ്ടപ്പെ‌ടുകയും ചെയ്യും. വർഷത്തിൽ ഒരൊറ്റ ട്രിപ്പായോ പലപല ട്രിപ്പുകളായോ പോകാൻ അനുവാദമുണ്ട്. ഈ ആശയം കൊണ്ടുവന്നതോടെ തൊഴിലാളികൾ കൂടുതൽ ആവേശത്തോടെ ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നു പറയുന്നു ഡഗ്ലസ്. ഇതിനകം 250 ജോലിക്കാരിൽ നിന്നും അഞ്ചു പേർ മാത്രമേ കമ്പനി വിട്ടുപോയിട്ടുള്ളു, ഫലമോ മുമ്പത്തേതിലും അധികം ലാഭവും. തീർന്നില്ല ഇപ്പോൾ സ്റ്റീൽഹൗസിൽ ജോലി നേടാൻ ഉദ്യോഗാർഥികൾ കിണഞ്ഞു പരിശ്രമിക്കുകയാണത്രേ. ട്രിപ്പടിക്കാനുള്ള കാശ് വെറുതെ കിട്ടുന്ന ജോലി അല്ലെങ്കിലും ഒരൽപം രസകരം അല്ലേ..?