കടല് വൃത്തിയാക്കാൻ 3ഡി പ്രിന്റഡ് ബികിനികൾ!

മലിനമായ സമുദ്രം വൃത്തിയാക്കുന്നതിൽ പങ്കാളിയാകണമെങ്കിൽ, ഇനി മുതൽ ഒരു സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചു കടലിൽ ഒരു കുളി പാസ്സാക്കിയാൽ മതി! കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെയും, റിവർസൈഡ് ബോണ്‍ കോളജ് ഓഫ് എഞ്ചിനിയറിംഗിലെയും ഏതാനം പ്രൊഫസർമാരും ഗവേഷക വിദ്യാർഥികളും ചേർന്നാണ് 'സ്പോഞ്ച്' (Sponge) എന്ന പേരിൽ ഈ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്‌. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും മറ്റും വൃത്തിയാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ഇവരുടെ അവകാശ വാദം.

ചൂടാക്കിയ സുക്രോസിൽ നിന്നും ഉത്പാദിപ്പിക്കുന്ന വസ്തു അത്യന്തം സുഷിരമുള്ളതാണ്. വെള്ളം വലിച്ചെടുക്കാതെ, അതിലെ രാസപദാർഥങ്ങൾ സ്പോഞ്ച് വലിച്ചെടുക്കും. ഈ വസ്തു സ്വിം സ്യൂട്ട് പോലെയുള്ള വസ്ത്രങ്ങളിൽ ഉപയോഗിച്ചാൽ, വെള്ളത്തിലുള്ള രാസവസ്തുക്കൾ വലിച്ചെടുക്കുമെന്നാണ് സൃഷ്ട്ടാക്കൾ പറയുന്നത്. 3ഡി പ്രിന്റിങ്ങിലൂടെ ബികിനികളിൽ 'സ്പോഞ്ച്' ഉപയോഗിക്കാനാണ് തീരുമാനം. പ്രകൃതിക്ക് ഒരു തരത്തിലും ദോഷം ചെയ്യാത്തതും ചെലവു കുറഞ്ഞതുമായ ഒരു മാർഗ്ഗമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്.

'സ്പോഞ്ച്' ബികിനിയിൽ സംയോജിപ്പിച്ചാൽ അതിന്റെ 25 മടങ്ങ്‌ ഭാരം അതിനു വലിച്ചെടുക്കാനാവും. 1,000 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടാക്കിയാൽ മാത്രമേ  ആഗിരണം ചെയ്യപ്പെട്ട പദാർഥങ്ങൾ മാറ്റാൻ കഴിയൂ. ഈ സാങ്കേതിക വിദ്യ ഏകദേശം 20 ആവശ്യങ്ങൾക്ക് നിലവിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ വിദഗ്ദരുടെ അവകാശവാദം. 'സ്പോഞ്ച്സ്യൂട്ട്' അടുത്ത കാലത്ത് 'റീ ഷേപ്പ് 15 വെയറബിൾ ടെക്നോളജി' മത്സര വിഭാഗത്തിൽ ഒന്നാമത് എത്തിയിരുന്നു. ഇപ്പോൾ പേറ്റന്റിനായി കാത്തിരിക്കുകയാണ് നിർമ്മാതാക്കൾ. ഇവർ അവകാശപ്പെടുന്നത് എല്ലാമൊന്നും നടന്നില്ലെങ്കിലും വെയറബിൾ സാങ്കേതിക വിദ്യയിൽ ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.