വിശ്വസിച്ചാലും ഇല്ലെങ്കിലും; ഈ പ്രേത വിഡിയോ നിങ്ങളെ ഞെട്ടിക്കും !

പാത്രങ്ങള്‍ തനിയെ നിരങ്ങുന്നു.... വാതിലുകൾ വലിച്ചടയുന്നു... കത്തിക്കിടക്കുന്ന ലൈറ്റ് അങ്ങോട്ടും ഇങ്ങോ‌ട്ടും ആടുന്നു.... പഴയ ചില പ്രേതസിനിമകളിൽ കണ്ടിട്ടുള്ള ദൃശ്യങ്ങൾ പോലുണ്ട് അല്ലേ? എന്നാല്‍ ഇപ്പറയുന്നത് സിനിമാക്കഥയല്ല, യാഥാർഥ്യമാണ്. പ്രേതമോ ഇക്കാലത്തോ? ആളെ പറ്റിക്കാന്‍ നോക്കല്ലേ മാഷേ എന്നു പറയാൻ വരട്ടെ. ഐറിഷ് യുവതിയായ ആഷി മുര്‍ഫി പുറത്തുവിട്ടിരിക്കുന്ന വിഡിയോ കണ്ടാല്‍ ഒരു സംശയം തോന്നും ഇനി ശരിക്കും പ്രേതം ഉണ്ടോ? അടുക്കളയിൽ അരങ്ങേറുന്ന അസാധാരണത്വം കണ്ടാണ് ആഷി വിഡിയോയിൽ പകർത്തി പുറത്തുവിടാൻ തീരുമാനിച്ചത്.

ആഷിയുടെ വീട്ടിലെ അടുക്കളയിലാണ് പ്രേതബാധയ്ക്കു സമാനമായ രംഗങ്ങൾ അരങ്ങേറിയിരിക്കുന്നത്. ലൈറ്റ് തനിയെ കിടന്നാ‌ടുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് കബോർഡിന്റെ വാതിൽ തനിയെ തുറക്കുന്നതും മൂലയ്ക്കു വച്ചിരിക്കുന്ന മോപ് സ്ഥാനം മാറുന്നതും ഒരു കോണിലിരുന്ന ബക്കറ്റ് വേഗത്തിൽ ആഷിയുടെ സമീപത്തേക്ക് നീങ്ങുന്നതും കാണാം. ഞങ്ങളുടെ വീട്ടിൽ ഒരു അതിഥിയുണ്ടെന്നു പറഞ്ഞാണ് ആഷി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്നാൽ ആഷിയുടേത് വ്യാജവിഡിയോ ആണെന്നും പബ്ലിസിറ്റിയ്ക്കു വേണ്ടി മെനഞ്ഞെടുത്തതാണെന്നും വാദിച്ച് വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും പ്രേതവിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അല്ലാ, ഇനി അതു ശരിക്കും പ്രേതമായിരിക്കുമോ? ഇനി ഇപ്പോ അല്ലായെങ്കിലും സംഗതി കിടലൻ ആയിട്ടുണ്ട് അല്ലേ?