Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ ഉടുപ്പാക്കി തായ്‌ലൻഡ് സുന്ദരി

Thai beauty queen

കുടുകുടു ശബ്ദവുമായി തായ്‌ലൻഡിലെ തെരുവുകളിൽ തലങ്ങും വിലങ്ങും പായുന്ന ഓട്ടോറിക്ഷകൾ ടൂറിസ്റ്റുകളുടെ പ്രിയവാഹനങ്ങളിലൊന്നാണ്. ടുക് ടുക് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ ഓട്ടോയിൽ കയറാതെ തായ്‌ലൻഡിലെ വിനോദയാത്ര പൂർണമാകില്ലെന്നാണ് പാശ്ചാത്യരുടെ ചിന്ത തന്നെ. ഇത്രയും നാൾ ടൂറിസ്റ്റുകളാണ് കടൽകടന്ന് ടുക് ടുക്കിനെ കാണാനെത്തിയത്. എന്നാലിനി ടുക് ടുക് തന്നെ കടൽ കടന്നു പോകുകയാണ്. അതും അമേരിക്കയിലെ ലോകസുന്ദരിമത്സരത്തിലെ റാംപിലേക്ക്. കൂട്ടിനു വരുന്നതോ, മിസ് യൂണിവേഴ്സ് 2015 മത്സരത്തിൽ തായ്‌ലൻഡിന്റെ പ്രതിനിധിയായ അനിപോൺ ചലെംബരാനാവോങ് എന്ന സുന്ദരിയും. പക്ഷേ റാംപിലൂടെ പുകതുപ്പിപ്പായാനല്ല ടുക് ടുക്കിന്റെ പോക്ക്. മറിച്ച് തായ്‌ലൻഡ് സുന്ദരിയുടെ ഉടുപ്പിന്റെ ഡിസൈനായാണ്.

Thai beauty queen

മിസ് യൂണിവേഴ്സ് മത്സരത്തിലെ നാഷനൽ കോസ്റ്റ്യൂം വിഭാഗത്തിലാണ് ടുക് ടുക്കിന്റെ മാതൃകയിൽ തയാറാക്കിയ വസ്ത്രവും ധരിച്ച് അനിപോൺ റാംപിലെത്തുക. 356 എൻട്രികളിൽ നിന്നാണ് ഈ ഓട്ടോയുടുപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ രാജ്യത്തെയും അടയാളപ്പെടുത്തുന്ന വിധത്തിലായിരിക്കണം നാഷനൽ കോസ്റ്റ്യൂം വിഭാഗത്തിലെ വസ്ത്രമെന്ന് നിർബന്ധമുണ്ട്. മുൻവർഷങ്ങളിൽ തായ്‌ലൻഡിന്റെ പരമ്പരാഗത പട്ട് ഉപയോഗിച്ചു നിർമിച്ച വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇത്തവണ കുറച്ച് വ്യത്യസ്തമായിക്കോട്ടേയെന്നു വച്ചാണ് മിസ് തായ്‌ലൻഡ് കൂടിയായ അനിപോൺ ടുക് ടുക് ഡ്രസ് തയാറാക്കിയത്. എന്തുതരം പരീക്ഷണമാണെങ്കിലും തായ്‌ലൻഡിന്റേതു മാത്രമായ എന്തെങ്കിലും അതിലുണ്ടാകണമെന്നും നിർബന്ധമുണ്ടായിരുന്നു. എന്തായാലും ഡ്രസ് ജൂറിയ്ക്കും ഇഷ്ടപ്പെട്ടു.

തായ്‌ലൻഡിന്റെ പതാകകളും തോരണങ്ങളുമൊക്കെയാണ് ഓട്ടോയിൽ അലങ്കാരമായി ചേർത്തിരിക്കുന്നത്. ഒപ്പം ഓട്ടോയുടെ ഹെഡ്‌ലൈറ്റുകളും ഹാൻഡ്‌ൽ ബാറും വരെയുണ്ട്. ഓവർഹെഡ് ബാനറായി തായ്‌ലൻഡിന്റെ പേരും എഴുതിച്ചേർത്തു. 3–ഡി സാങ്കേതികതയിലാണ് നിർമാണം.

Thai beauty queen

സുന്ദരിപ്പട്ടത്തിനു വേണ്ടിയുള്ള തായ്‌ലൻഡിന്റെ നാഷനൽ കോസ്റ്റ്യൂം തിരഞ്ഞെടുത്ത വിവരം ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജനങ്ങളെ അറിയിച്ചത്. ഓട്ടോയുടുപ്പിന് ഒരു ‘മെറ്റാലിക്’ ലുക്ക് ഉണ്ടെന്നായിരുന്നു ജൂറി വിലയിരുത്തിയത്. സംഗതി കിടിലമായിട്ടുണ്ടെന്ന അഭിപ്രായങ്ങൾക്കൊപ്പം ടുക് ടുക് ഉടുപ്പിനു നേരെ വിമർശനങ്ങളും ഏറെയുണ്ട്. വാഹനങ്ങൾ ഭീകരന്മാരായി മാറുന്ന ‘ട്രാൻസ്ഫോർമേഴ്സ്’ എന്ന സിനിമയിലെ കോസ്റ്റ്യൂം പോലെയുണ്ടെന്നായിരുന്നു ഒരു കമന്റ്. എന്തായാലും അമേരിക്കയിൽ ഡിസംബറിൽ നടക്കുന്ന ലോകസുന്ദരി മത്സരത്തിന്റെ റാംപിൽ ടുക് ടുക്കിനൊപ്പമുള്ള അനിപോണിന്റെ വരവിനു കാത്തിരിക്കുകയാണ് തായ്‌ലൻഡിലെ ഫാഷൻ പ്രേമികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.