സ്മാർട്ട് ഫോൺ കുത്തിപ്പൊട്ടിക്കാൻ ശിക്ഷ!

ആറ്റുനോറ്റു വാങ്ങിച്ച മൊബൈൽ ഫോൺ കാണാതാവുമ്പോഴേയ്ക്കും വ്യാകുലപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. താഴത്തും തലയിലും വയ്ക്കാതെ മൊബൈൽ ഫോണിനെ പ്രേമിച്ചു നടക്കുന്ന പുതുതലമുറയുടെ കാലത്ത് തായ് വാനിൽ ഒരുകൂട്ടം നേവി പരിശീലകർ അതാ തങ്ങളുടെ സ്മാർട്ഫോണുകൾ കല്ലുവച്ച് കുത്തിപ്പൊട്ടിക്കുന്നു. വട്ടാണോ എന്നു ചിന്തിക്കുന്നുണ്ടാവും അല്ലേ? എന്നാൽ ഈ യുവാക്കൾ നിവൃത്തികേടു കൊണ്ടു ചെയ്യുന്നതാണത്. തായ് വാനിലെ നേവി പരിശീലകർക്ക ലഭിച്ച പണിഷ്മെന്റ് വിഡിയോ ആണിപ്പോള്‍ ചർച്ചയാകുന്നത്. തങ്ങൾ മോഹിച്ചു വാങ്ങിയ മൊബൈൽ ഫോണുകൾ സ്വന്തം കൈകൾ കൊണ്ടുതന്നെ തകർത്തു തരിപ്പണമാക്കേണ്ടി വന്നിരിക്കുകയാണ് ഇവർക്ക്. സംഗതി എന്തിനാണെന്നോ പരിശീലന കാലത്തിനിടയിൽ നിയമങ്ങൾ ലംഘിച്ചതിന്.

വിലകൂടിയ ഐഫോണുകളും സാംസങ് മൊബൈലുകളുമായി നിലത്തിരിക്കുകയാണ് ഓരോ നേവി പരിശീലകരും. ഇനി ഒരു കമാൻഡിങ് ഓഫീസര്‍ ഓരോരുത്തരോടും അവരുടെ മോഡൽ ഏതാണ് അതു വിലയേറിയതല്ലേ എന്നെല്ലാം ചോദിക്കുന്നു. ശേഷം അതു തകർക്കാന്‍ പറയുകയാണ്. കണ്ണിൽച്ചോരയില്ലാത്ത കമാൻഡറുടെ ആജ്ഞാപിക്കൽ നിവൃത്തിയില്ലാതെ അനുസരിക്കുകയാണ് ട്രെയിനികൾ. പരിശീലനത്തിനിടയിൽ നിയമം ലംഘിക്കുന്നവര്‍ തങ്ങളുടെ ഫോണുകള്‍ നശിപ്പിക്കണമെന്നാണു നിയമം എന്നാണ് തായ് നേവിയുടെ വാദം. എന്നാലും ഇതൊരു ഒന്നൊന്നര ശിക്ഷയായിപ്പോയല്ലേ?