ഇവരോട് സൈക്കിളോടിക്കരുതെന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്...

വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ പായുന്ന സൈക്കിളിൽ കയറി എത്രയോ വട്ടം നമ്മൾ കൂട്ടുകാർക്കൊപ്പം ചുറ്റിയടിച്ചിരിക്കുന്നു. സൈക്കിൾ ചവിട്ടാൻ പഠിയ്ക്കുന്നതിനിടെ എത്രയോ തവണ ചടപടേന്ന് വീണു കരഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൈപൊട്ടി ചോരയൊലിക്കുന്നതു കണ്ട സങ്കടത്തിൽ ‘ഇനി സൈക്കിൾ കൈ കൊണ്ടു തൊടരുതെന്ന്’ അച്ഛൻ വടിയെടുക്കുമ്പോൾ എത്രയോ തവണ കാറിക്കരഞ്ഞിട്ടുമുണ്ട്. അതിലും സങ്കടമാണ് അഫ്ഗാനിസ്ഥാനിലെ കാര്യം. അവിടെ പല വിഭാഗക്കാർക്കിടയിലും ഇപ്പോഴും പെൺകുട്ടികൾ സൈക്കിൾ ഉപയോഗിക്കുന്നതിന് അനൗദ്യോഗിക വിലക്കാണ്. പെൺകുട്ടികൾ ദൂരെയുള്ള സ്കൂളിൽ പോകാതിരിക്കാനുള്ള തന്ത്രം കൂടിയായിരുന്നു ഇത്. ഇന്നും അഫ്ഗാനിലെ 87% പെൺകുട്ടികളും നിരക്ഷരരാണ്.

പക്ഷേ സാഹചര്യങ്ങൾ മാറുകയാണ്. നാലു ചക്രത്തിലോടുന്ന സ്കേറ്റ് ബോർഡിലേറി ഈ പെൺകുട്ടികളുടെ സ്വപ്നങ്ങൾ ദൂരേയ്ക്കു പായുകയാണിപ്പോൾ. അഫ്ഗാനിസ്ഥാനെ സ്കേറ്റിസ്ഥാനാക്കി മാറ്റിയാണ് ഒരു എൻജിഒ ഇത് സാധിച്ചെടുത്തത്. ഓസ്ട്രേലിയക്കാരൻ ഒലിവ‍ർ പെർകോവിച്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കേറ്റിസ്ഥാൻ എന്ന സംരംഭം ഇപ്പോൾ അഫ്ഗാനിലെ എല്ലാ കുട്ടികൾക്കും സ്കേറ്റ് ബോർഡിലൂടെ യാത്ര ചെയ്യാനുള്ള പരിശീലനം നൽകുകയാണ്. കുട്ടികളെ മാനസികമായും ശാരീരികമായും കരുത്തരാക്കുക മാത്രമല്ല യുദ്ധം നശിപ്പിച്ച ഒരു രാജ്യത്തിൽ സന്തോഷത്തിന്റെ ചെറുചക്രങ്ങളുരുട്ടുക കൂടിയാണ് സ്കേറ്റിസ്ഥാൻ. 2007ലാണ് തന്റെ സുഹൃത്തുമൊത്ത് ഒലിവർ കാബൂളിലെത്തിയത്. ആറുവയസ്സു മുതൽ ഒലിവറിന്റെ ഒപ്പം എവിടെപ്പോയാലും സ്കേറ്റ് ബോർഡുണ്ടാകും. കക്ഷി അതുമെടുത്ത് കാബൂളിലെ ചന്തകളിലും ഇടവഴികളിലുമൊക്കെ കറക്കം തുടങ്ങി. ഇന്നേവരെ കാണാത്ത ഒരു നാൽചക്ര അദ്ഭുതത്തിലേറി പായുന്ന വിദേശി ചേട്ടനു പിന്നാലെ കുട്ടികളും കൂടി. ഇടയ്ക്ക് ചില കുട്ടികൾക്ക് സ്കേറ്റ് ബോർഡിൽ കയറാൻ അവസരം നൽകിയതോടെ പിന്നെ ആരും അതിൽ നിന്ന് ഇറങ്ങാത്ത അവസ്ഥ. ഇത്തരം യാത്രകൾക്കിടെയാണ് അഫ്ഗാനിലെ കുട്ടികളിലെ നിരക്ഷരത ഏറിയതും സൈക്കിളോടിക്കാനും പട്ടംപറത്താനും പോലും പെൺകുട്ടികൾക്ക് അനുവാദമില്ലെന്ന കാര്യങ്ങളുമെല്ലാം ഒലിവർ മനസിലാക്കിയതും. അതോടെ സ്കേറ്റിസ്ഥാനു വേണ്ടി പണം സമാഹരിക്കലായി ഒലിവറിന്റെ ജോലി.

രണ്ട് വർഷം കൊണ്ട് പലരിൽ നിന്നും സംഭാവന സ്വീകരിച്ച് രണ്ടരലക്ഷത്തോളം ഡോളർ സ്വരുക്കൂട്ടി. 2009ൽ കാബൂളിൽ ആദ്യത്തെ സ്കേറ്റ് ബോർഡ് പാർക്കും ക്ലാസ് മുറികളും നിർമിച്ചു. തെരുവിൽ കച്ചവടം നടത്തി ജീവിച്ചിരുന്ന പെൺകുട്ടികളെ വരെ കണ്ടെത്തി പരിശീലനം നൽകിയാണ് ഒലിവർ സ്കേറ്റിസ്ഥാനു തുടക്കമിട്ടത്. പിന്നീട് ഇവരാണ് അഫ്ഗാനിലെ സ്കൂളുകളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം പോയി വിദ്യാർഥികൾക്ക് സ്കേറ്റ് ബോർഡ് ഉപയോഗിക്കാൻ ക്ലാസുകളെടുത്തത്. പലർക്കും ഇന്നതൊരു വരുമാന മാർഗം കൂടിയാണ്. സ്കേറ്റ് ബോർഡ് പരിശീലനം മാത്രമല്ല, കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. പഠനം തുടങ്ങുന്നവർ, ഇടയ്ക്ക് പഠിത്തം നിർത്തേണ്ടി വന്നവർ, യുവാക്കൾ എന്നിങ്ങനെ തിരിച്ചാണ് ശാസ്ത്രവിഷയങ്ങളിലും പ്രചോദനാത്മക വിഷയങ്ങളിലുമെല്ലാം പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഇതിനെതിരെ ആദ്യം മുഖംതിരിച്ച മാതാപിതാക്കളെല്ലാം പതിയെപ്പതിയെ സ്കേറ്റിസ്ഥാന്റെ കൈപിടിക്കാനെത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ലോകവനിതാ ദിനത്തിൽ സ്കേറ്റ്ബോർഡിലേറി 250ലേറെ പെൺകുട്ടികൾ നടത്തിയ പ്രകടനം മാതാപിതാക്കളും നാട്ടുകാരും അത്ഭുതാരവങ്ങളോടെയാണു സ്വീകരിച്ചത്. അതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിക്കുകയും ചെയ്തു. അതോടെ സ്കേറ്റിസ്ഥാനും ഹിറ്റ്. www.skateistan.org എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്കും സ്കേറ്റിസ്ഥാനെ സഹായിക്കാം. അഫ്ഗാനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കംബോഡിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം സ്കേറ്റിസ്ഥാൻ ആരംഭിച്ചുകഴിഞ്ഞു.