അമ്മയെ കാണാൻ തോന്നുന്നു ബോസ്, വൈറലായി ഒരു ലീവ്‌ലെറ്റർ

സോഷ്യൽ മീഡിയയിൽ വൈറലായ ലീവ്‌ലെറ്റർ

നിങ്ങൾ വീടുവിട്ടു ജീവിക്കുന്നവരാണോ? ജോലിയ്ക്കോ പഠിത്തത്തിനോ വേണ്ടി നാടുവിടേണ്ടി വന്നതുകൊണ്ട് വീടും കുടുംബവും മിസ് ചെയ്യുന്നവരാണോ? തിരക്കിനിടയിൽ കുറച്ചു ലീവ് കിട്ടിയാലും വീട്ടിലേക്കു പായുന്നവരാണ് ഭൂരിഭാഗം പേരും. സംഗതി മറ്റൊന്നുമല്ല വീടും നാടും തരുന്ന സന്തോഷവും സമാധാനവും ഒന്നു വേറെ തന്നെയാണ്. പറഞ്ഞു വരുന്നത് ഹോംസിക്ക്നസ് കൂടി ബോസിനൊരു വെറൈറ്റി ലീവ്‌ലെറ്റർ എഴുതിയ ജീവനക്കാരനെക്കുറിച്ചാണ്. ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന ആ അവധി അപേക്ഷയിൽ കാരണമായി ജീവനക്കാരൻ രേഖപ്പെടുത്തിയിരിക്കുന്നതു മറ്റൊന്നുമല്ല ഗുരുതരമായ ഹോംസിക്ക്നസ് രോഗം.

പാരീസിലുള്ള പാകിസ്ഥാൻ എംബസിയിലെ ഉദ്യോഗസ്ഥനാണ് കഥാനായകൻ. താൻ ഗുരുതരമായ ഹോംസിക്ക്നസ് രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും മാനസികാവസ്ഥ എന്നതിനപ്പുറം ഇതു ഹൃദയപരമായ അവസ്ഥയാണെന്നും അവധി അനുവദിക്കണമെന്നുമാണ് ജീവനക്കാരൻ ആവശ്യപ്പെടുന്നത്. ഇനി ഹാസ്യാത്മകമായ ഈ അവധി അപേക്ഷ കണ്ടു ബോസ് കണ്ണുംതള്ളിയിരുന്നില്ലെന്നു മാത്രമല്ല ജീവനക്കാരനു കുറിക്കുകൊള്ളുന്ന മറുപടി തന്നെ നൽകുകയും ചെയ്തു.‌

ജീവനക്കാരനേക്കാൾ ഒരുപടി കടക്കും വിധത്തിലുള്ള മറുപടിയാണ് മുതലാളി നല്‍കിയതെന്നു മാത്രം. ഇസ്ലാമാബാദിലെയും മാര്‍ഗല്ല ഹിൽസിന്റെയും സിഡി തന്റെ രോഗ ശമനത്തിനായി അയക്കാമെന്നും സർക്കാർ സംബന്ധിയായ കാര്യങ്ങൾ തീരുമാനിക്കുനന്ത് ഹൃദയത്തിലൂടെയല്ല മറിച്ച് മനസിലൂടെയാണെന്നും ബോസ് പറയുന്നു. ഈ ജീവനക്കാരന് അവധി കിട്ടിയിരിക്കില്ലെന്നു വിചാരിച്ചാൽ തെറ്റി എല്ലാറ്റിനുമൊടുവിൽ അവധി അനുവദിച്ചിരിക്കുന്നു എന്നും മാര്‍ക്ക് ചെയ്താണ് ബോസ് അവസാനിപ്പിക്കുന്നത്. സംഗതി സത്യമായാലും അല്ലെങ്കിലും സോഷ്യൽ മീഡിയ ഇന്ന് ഈ അവധിക്കത്തിനു പുറകെയാണ്.