ഐപിഎല്ലിൽ നിന്ന് പെപ്സി പുറത്ത്!!

ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ ടൈറ്റിൽ സ്പോൺസർ സ്ഥാനം ചൈനീസ് മൊബൈൽ‌ കമ്പനിയായ വിവോ സ്വന്തമാക്കി. ശീതള പാനീയ രംഗത്തെ കുത്തകയായ പെപ്സിയ്ക്കു പകരക്കാരനായാണ് വിവോയുടെ വരവ്. ഒത്തുകളി വിവാദത്തെത്തു‌ടര്‍ന്ന് 2017 വരെയുണ്ടായിരുന്ന അഞ്ചുവർ‌ഷക്കരാറിൽ നിന്നും പെപ്സി പിൻവാങ്ങുകയായിരുന്നു. ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിലൂടെ ഇന്ത്യന്‍ വിപണിയിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ് വിവോയുടെ പ്രതീക്ഷ

2014ലാണ് വിവോ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത്. പത്തു ദിവസത്തിനകം വിവോ ബാങ്ക് ഗാരന്റി നൽകുമെന്ന് ബിസിസിഐ അറിയിച്ചു. 396.8 കോടി രൂപയ്ക്ക് 2012ലാണ് പെപ്സിക്കോ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്പോൺസർഷിപ്പ് സ്വന്തമാക്കിയത്. എന്നാൽ ഒത്തുകളി വിവാദത്തിന്റെ സാഹചര്യത്തിൽ കരാർ പിൻവലിച്ചു പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധമുള്ള പാനീയമാണ് പെപ്സി.

പെപ്സിക്കു മുമ്പേ 2008 മുതൽ 2012 വരെയുള്ള കാലയളവിലേക്കായി 200 കോടി കൊ‌ടുത്ത് ഡിഎൽഎഫ് ആണ് ടൈറ്റിൽ സ്പോൺസർഷിപ് സ്വന്തമാക്കിയിരുന്നത്. അതേസമയം വിവാദത്തെത്തുടർന്ന് ഐപിഎല്ലിൽ നിന്നും പുറത്താക്കിയ ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളെ കാലാവധി പൂർത്തിയാക്കിയ ശേഷം തിരിച്ചെടുക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.