ഈ മഴയത്ത് ആ പൊലീസുകാരന്‍ എന്തിനിങ്ങനെ ജോലി ചെയ്യുന്നു? വൈറല്‍ വിഡിയോ 

പൊലീസുകാരെ എന്തിനും കണക്കറ്റ് കുറ്റം പറയുന്നവരാണ് നമ്മള്‍. എന്നാല്‍ ആ ജോലിയുടെ മഹത്വം കണക്കിലെടുത്ത് ഏത് സാഹചര്യത്തിലും സാമൂഹ്യ പ്രതിബദ്ധതയോടെ കടമ നിര്‍വഹിക്കുന്ന അസംഖ്യം പേരുണ്ട് നമ്മുടെ നാട്ടില്‍. അത്തരമൊരു കഥയാണ് പശ്ചിമ ഡല്‍ഹിയില്‍ നിന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് ട്രാഫിക്കില്‍ ആത്മാര്‍ത്ഥയോടെ സ്വന്തം കാര്യങ്ങള്‍ മറന്ന് ജോലി ചെയ്യുന്ന പൊലീസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോ. 

റോഡിലൂടെ യാത്ര ചെയ്തിരുന്ന മന്‍കന്‍ ബമ്മി എന്ന ഫേസ്ബുക്ക് യൂസറാണ് പൊലീസുകാരന്റെ സൂപ്പര്‍ സേവനം ഫോണില്‍ മകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തത്. സംഭവം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മഴ പെയ്താല്‍ ഡല്‍ഹിയിലെ ട്രാഫിക് തീര്‍ത്തും വഷളാകും. അപ്പോള്‍ അത് നിയന്ത്രിക്കുകയെന്നതാകട്ടെ ദുഷ്‌കരവും. ഈ സാഹചര്യത്തിലാണ് കോരിച്ചൊരിയുന്ന മഴയത്തുള്ള പൊലീസുകാരന്റെ ട്രാഫിക് നിയന്ത്രണം വൈറലാകുന്നത്. ബമ്മി തന്റെ കാറിനുള്ളിലിരുന്നാണ് വിഡിയോ എടുത്തത്. മഴയത്ത് നിന്ന് പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കുന്നതും ഒരു സാഹചര്യത്തില്‍ ബ്രേക് ഡൗണ്‍ ആയ കാര്‍ തള്ളിക്കൊടുക്കുന്നതും വരെ വിഡിയോയിലുണ്ട്. 

ബമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്ന് ഞാന്‍ റാഡിസണിലൂടെ സഞ്ചരിക്കുകയായിരുന്നു. കനത്ത മഴയായിരുന്നു. പൂര്‍ണമായും നനഞ്ഞ് ഒരു പൊലീസുകാരന്‍ ട്രാഫിക്കില്‍ ജനങ്ങളെ സേവനിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി. എന്റെ മുന്നിലുള്ള കാര്‍ പെട്ടെന്ന് ബ്രേക് ഡൗണ്‍ ആയി. ഉടന്‍ തന്നെ ആ കാര്‍ ഉടമയെ സഹായിക്കാന്‍ പൊലീസുകാരനെത്തി. അദ്ദേഹം കാര്‍ തള്ളുന്ന കാഴ്ച്ച കാണേണ്ടതുതന്നെയാണ്. 

കാറുടമയ്ക്ക് ഒന്ന് പുറത്തിറങ്ങി നനയേണ്ടി പോലും വന്നില്ല. നമ്മള്‍ എപ്പോഴും പൊലീസുകാരെ അവരുടെ ചീത്ത പ്രവൃത്തികളെ മുന്‍നിര്‍ത്തി വിമര്‍ശിക്കാറുണ്ട്. അതേസമയം അവരുടെ നല്ല പ്രവൃത്തികള്‍ കാണുമ്പോള്‍ അഭിനന്ദിക്കുകയും വേണം. ഹെവി ട്രാഫിക്കായതിനാല്‍ ആ പൊലീസുകാരന്റെ പേര് എനിക്ക് ചോദിക്കാന്‍ സാധിച്ചില്ല എന്നതാണ് സങ്കടകരം.

തന്റെ ആരോഗ്യം നോക്കി ആ മഴയത്ത് അയാള്‍ക്ക് വേണമെങ്കില്‍ എവിടെയെങ്കിലും സുരക്ഷിതനായി മഴ നനയാതെ ഇരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം അത് ചെയ്തില്ല. ഞാന്‍ സല്യൂട്ട് ചെയ്യുന്നു അയാളെ.

Read more : Malayalam Lifestyle Magazine