Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളെ അനുകരിക്കുന്ന ശ്രീദേവി, വിഡിയോ വൈറൽ

Sridevi Kapoor ശ്രീദേവി, ജാൻവി കപൂർ

ബോളിവുഡിന്റെ നിത്യവസന്തമായിരുന്നു നടി ശ്രീദേവി. മലയാളത്തിലും തമിഴിലും ഹിറ്റുകള്‍ വാരിക്കൂട്ടിയ താരം ബിടൗണിലും തന്റെ സിംഹാസനം ഉറപ്പിച്ചു. വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായതോടെ സിനിമാ ലോകത്തോടു വിടപറഞ്ഞ ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷ്, മോം എന്നീ ചിത്രങ്ങളിലൂ‌ടെ വീണ്ടും ശക്തമായ തിരിച്ചുവരവു നടത്തിയിരുന്നു. ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാതെ ആരാധകരെ അമ്പരപ്പിച്ച് അമ്പത്തിനാലാം വയസ്സിൽ ഈ ലോകത്തോടു വിടപറഞ്ഞു. ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളിൽ നിന്ന് ശ്രീദേവി ഇറങ്ങിപ്പോയിട്ടില്ലെന്നതിന്റെ തെളിവാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വിഡിയോ.

മകൾ ജാൻവിക്കൊപ്പമുള്ള ശ്രീദേവിയുടെ ഒരു പഴയ വിഡിയോയാണ് വൈറലാകുന്നത്. പ്രസ് മീറ്റിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകുകയാണ് ശ്രീദേവി, ജാൻവിയും ഒപ്പമുണ്ട്. അപ്പോഴാണ് മാധ്യമപ്രവർത്തകരിലൊരാൾ ജാൻവിയോട് ഭാവിപരിപാടിയെക്കുറിച്ചു ചോദിക്കുന്നത്. എന്നാൽ ഹിന്ദിയിൽ അക്ഷരസ്ഫുടതയോടെ സംസാരിക്കാനറിയാത്ത ജാൻവി ഇംഗ്ലീഷ് ചുവയുള്ള ഹിന്ദിയിലാണ് മറുപടി നൽകുന്നത്.

ഭാവി പരിപാടിയെക്കുറിച്ച് ഇപ്പോൾ ഒന്നും അറിയില്ലെന്നും സ്കൂളില്‍ പഠിക്കുകയാണെന്നുമാണ് ജാൻവി പറഞ്ഞത്. അപ്പോഴാണ് ശ്രീദേവി ഇടയ്ക്കുകയറി മൈക്ക് വാങ്ങുന്നതും ദയവുചെയതു മകളെക്കൊണ്ടു ഹിന്ദിയിൽ സംസാരിപ്പിക്കരുതെന്നു പറയുന്നതും. ഒപ്പം ജാൻവിയുടെ സംസാരശൈലിയെ അനുകരിക്കുന്ന ശ്രീദേവിയെയും കാണാം. അമ്മയു‌ടെയും മകളുടെയും രസകരമായ വി‍ഡിയോ സമൂഹമാധ്യമത്തിൽ ഞൊടിയിടയിലാണ് വൈറലായത്. 

ബോളിവുഡ് നടനും അനന്തിരവനുമായി മോഹിത് മർവയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു മടങ്ങും മുമ്പാണ് ദുബായില്‍ വച്ചു ഹൃദയാഘാതത്തെത്തുടർന്ന് ശ്രീദേവി അന്തരിച്ചത്. മരണസമയത്ത് ഭർത്താവ് േബാണി കപൂറും മകൾ ഖുഷിയുമാണ് അടുത്തുണ്ടായിരുന്നത്. 

ജാൻവിയുടെ സിനിമാപ്രവേശമായിരുന്നു ശ്രീദേവിയുടെ വലിയ സ്വപ്നം. കരൺ ജോഹർ നിർമിക്കുന്ന ധടക്  എന്ന സിനിമയിലൂടെ ജാൻവി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണ് താരങ്ങളുടെ രാജ്ഞി ജീവിതത്തിന്റെ തിരശ്ശീലയൊഴിഞ്ഞത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.