Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്‌ലൻഡിൽ സംഭവിച്ചത് ഇവിടെയായിരുന്നെങ്കിലോ? ചോദ്യോത്തരങ്ങൾ വൈറൽ!

thai-rescue

മലയാളികൾക്ക് സ്വന്തമായി ചില രീതികളുണ്ട്. അങ്ങനെയാണ് അവർ ഓരോ വിഷയത്തെയും നോക്കിക്കാണുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടാക്കുമ്പോൾ സൈബർ ലോകത്തും ചാനലിലും ഇരുന്നുകൊണ്ട് വിമർശന ശരങ്ങൾ എയ്യുന്ന സാധാരണ മലയാളിയെ തായ്‌ലൻഡിൽ സംഭവിച്ച വിഷയവുമായി ബന്ധിപ്പിക്കുകയാണ് അഡ്വക്കറ്റ് കൂടിയായ ബിജോയ്. തായ്‌ലൻഡിൽ സംഭവിച്ചത് നമ്മുടെ നാട്ടിലായിരുന്നെങ്കിലോ എന്ന ചോദ്യത്തിന് മറുപടി കണ്ടെത്തുകയാണ് ബിജോയ്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക് കുറിപ്പാണ് ചോദ്യവും ഉത്തരവുമായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

ബിജോയ് എഴുതിയ കുറിപ്പ് വായിക്കാം;

തായ് ജനതയിൽ നിന്നും പഠിക്കൂ. ഒരു വലിയ പ്രതിസന്ധിയെ തായ് ഭരണകൂടവും ജനതയും ഒറ്റക്കെട്ടായി നേരിടുന്നു. ഗുഹയിൽ അകപ്പെട്ട കുട്ടികളെയും പരിശീലകനെയും സർവാത്മനാ പിന്തുണയ്ക്കുന്നതോടൊപ്പം തായ്‌ലന്‍ഡിലെ ജനങ്ങൾ അവിടുത്തെ ഭരണകൂടത്തോടും രക്ഷാപ്രവർത്തനങ്ങളോടും ഒരേ മനസ്സോടെ സഹകരിച്ചു പ്രവർത്തിക്കുന്നു. ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല. 

ഇപ്രകാരം സംഭവിച്ചത് നമ്മുടെ നാട്ടിൽ ആയിരുന്നു എങ്കിലോ?

1. ആദ്യം തന്നെ സർക്കാരിന്റെ അനാസ്ഥയെ കുറ്റം പറയും, മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെടും.

2. കുട്ടികളെ ഗുഹയിൽ കൊണ്ടു പോയ പരിശീലകനെതിരെയും, സ്കൂൾ അധികാരികൾക്കെതിരെയും, പ്രധാന അധ്യാപകനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനും, സ്കൂളിന്റെ അംഗീകാരം റദ്ദാക്കാനും വേണ്ടി നടപടികൾ സ്വീകരിക്കാൻ പ്രക്ഷോഭം തുടങ്ങും. സ്കൂളിന് കല്ലെറിയും.

3. കാട്ടിലെ ഗുഹാകവാടം ബന്തവസാക്കാത്തതിൽ ഫോറസ്റ്റ് ജിയോളജി ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങും.

4. ഗുഹാമുഖം തുറന്നിട്ടത് മുൻ ഗവൺമെന്റിന്റെ കാലത്താണ് എന്നാക്ഷേപിച്ച് കുറ്റപ്പെടുത്തും.

5. രക്ഷാപ്രവർത്തനം വൈകുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരേയും ആംബുലൻസ് അടക്കമുള്ള വാഹനങ്ങളേയും തടയും.

6. സംഭവസ്ഥലത്തേക്ക് പരമാവധി ഇടിച്ചു കയറി സെൽഫികളെടുക്കും.

7. സമുദായവും രാഷ്ട്രീയവും തിരിഞ്ഞ് സംഘടനകൾ പച്ച, കാവി, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള മേൽക്കുപ്പായങ്ങൾ അണിഞ്ഞ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടും.

8. സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത് തങ്ങളുടെ ചാനലാണെന്ന് മാധ്യമങ്ങൾ വീമ്പിളക്കും.

9. ഹർത്താൽ നടത്തും.

10. സർക്കാർ ധനസഹായം പ്രഖ്യാപിക്കും.

11. ബക്കറ്റ് പിരിവ് തുടങ്ങും.

12. സംഭവത്തിനു പിന്നിൽ മത തീവ്രവാദ അട്ടിമറി ഉണ്ടോ എന്ന് വെറുതെ ചൂഴ്ന്നു നോക്കി അന്തിച്ചർച്ച നടത്തും.

13. പരസ്പരം അനാസ്ഥ ആരോപിച്ച് കുറ്റപ്പെടുത്തലുകളും ചീത്ത വിളികളും തുടർന്നുകൊണ്ടിരിക്കും

14. ഒന്നും ചെയ്യാതെയും മേലനങ്ങാതെയും ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഓരോന്ന് പോസ്റ്റിക്കൊണ്ടിരിക്കും. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam