'ആ വാർത്തകൾ വ്യാജം' : വിശദീകരണവുമായി ഹെലികോപ്റ്റർ പയ്യൻ

എല്ലാവരും പഴിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ ആ ചെറുപ്പക്കാരൻ പറയുന്നു. ‘ഞാൻ അങ്ങനെ ചെയ്തിട്ടില്ല ' 

അച്ഛന് ഇൻസുലിന്‍ വാങ്ങാനായി പോയ യുവാവ് അബദ്ധത്തില്‍ ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്തെത്തിയ വാർത്ത പ്രളയദുരിതങ്ങൾക്കിടയിലും കേരളക്കരയെ ഒന്നാകെ ചിരിപ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ ഓഡിയോ വാട്സാപ്പില്‍ വൈറലായിരുന്നു. എന്നാൽ പിന്നീട് വന്ന വാർത്തകളെല്ലാം ചെറുപ്പക്കാരനെ പഴിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതായിരുന്നു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യണം എന്ന് ആഗ്രഹം പ്രളയഭൂമിയിലെ ഇരുപത്തിയെട്ടുകാരന്‍ ഉണ്ടാക്കിയത് ഒരു ലക്ഷത്തിന്‍റെ നഷ്ടമാണ് എന്ന തരത്തിലായിരുന്നു വാർത്തകൾ. അതേസമയം ജോബിയെ ഹെലികോപ്റ്ററില്‍ എടുത്തതിനാല്‍ അതിന് അടുത്ത് ഉണ്ടായ അമ്മയെയും കുഞ്ഞിനെയും ഏയര്‍ലിഫ്റ്റ് ചെയ്യാന്‍ നേവിക്ക് സാധിച്ചില്ലെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ജീവിതം തന്നെ തകർച്ചയുടെ വക്കിലെത്തിയ ജോബി അന്ന് സംഭവിച്ച കാര്യങ്ങൾ ലൈവിലൂടെ പറയുന്നു.

ജോബിയുടെ വാക്കുകൾ ഇങ്ങനെ: 

' എന്‍റെ പേര് ജോബി എന്നാണ്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി 14ാം തിയതി മുതല്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞായാറാഴ്ചയോടെ വെള്ളമിറങ്ങിയ സമയത്ത് ഞാനും ഒരു സുഹൃത്തും ചേര്‍ന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ മാര്‍ത്തോമ പള്ളിക്ക് സമീപം ഹെലികോപ്ടര്‍ താഴ്ന്നു. ഹെലികോപ്റ്ററില്‍ നിന്ന് ഒരു സൈനികന്‍ ഇറങ്ങിവന്ന് വരുന്നുണ്ടോ എന്ന് അടുത്ത നിന്ന മറ്റൊരാളോട് ചോദിച്ചു. 

അവര്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അടുത്തത് എന്നോട് ചോദിച്ചു. ഹിന്ദിയിലായിരുന്നു അവര്‍ സംസാരിച്ചത്. ഹെലികോപ്ടറിന്‍റെ കാറ്റ് കാരണം കൂടുതല്‍ വ്യക്തവുമല്ലായിരുന്നു. അപ്പോള്‍ പ്രദേശത്ത് എവിടെയോ ആരൊക്കെയോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതി, ഹെലികോപ്റ്ററില്‍ കയറാന്‍ മടിക്കുന്നവര്‍ക്ക് അവബോധം കൊടുക്കാനാണെന്നും കരുതിയാണ് ഞാന്‍ ആ ഹെലികോപ്റ്ററില്‍ കയറിയത്. പിന്നീട് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് കാര്യങ്ങള്‍ അവര്‍ വ്യക്തമായി പറയുന്നത് ' 

പ്രളയത്തിൽ ജോബിയുടെ വീട് നഷ്ടപ്പെട്ടിരിക്കുകയാണെന്നും വണ്ടി ഓടിച്ചു കുടുംബം പുലർത്തുന്ന ഇയാളെ മാനസികമായി തളർത്തുന്ന പ്രചാരണങ്ങളിൽനിന്നു വിട്ടു നിൽക്കണമെന്നും സുഹൃത്തുക്കൾ വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.