പ്രധാനമന്ത്രി നരേന്ദ്രമോദിയെ മേക്കപ്പ് ചെയ്യുന്ന സുന്ദരിയായ പെൺകുട്ടി- കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ചിത്രമാണിത്. മോദിയുടെ മേക്കപ്പിനു മാത്രം പ്രതിമാസം 15 ലക്ഷം രൂപ വില വരുമെന്ന വാർത്തയും ഇതോടൊപ്പം പ്രചരിച്ചു. കോണ്‍ഗ്രസ് ലാവോ, ദേശ് ബച്ചാവോ എന്ന പേജിലാണ് ആദ്യം ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 3700 ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചു.
ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കറങ്ങിനടന്നു. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ആദിത്യ ചതുര്‍വേദിയുടെ 'മോദി മേക്കപ്പ്' പോസ്റ്റിന് ലഭിച്ച ഷെയര്‍ 12,000ത്തോളമാണ്. എന്നാൽ പിന്നീട് ഈ വാർത്തക്കു പിന്നിലെ സത്യം പുറത്തുവന്നു.
ലോകപ്രശസ്ത മെഴുക് പ്രതിമ മ്യൂസിയം മാഡം തുസാഡ്സിൽ മോദി പ്രതിമ ഒരുങ്ങുകയാണ്. പ്രതിമയെ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ കാണുന്നത് മോദിയുടെ മെഴുക് പ്രതിമയാണ്. 2016 ഏപ്രില്‍ മാസത്തിലാണ് ഈ മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ സ്ഥാപിച്ചത്. ഈ ചിത്രമാണ് മോദിയുടെ മേക്കപ്പിന് 15 ലക്ഷം രൂപ എന്ന രീതിയിൽ ഇപ്പോൾ പ്രചരിക്കുന്നത്.