കടിക്കാൻ വന്ന പാമ്പിനെ കാലുകൊണ്ടു പിടിച്ച് യുവാവ്; വിഡിയോ

അപ്രതീക്ഷിതമായി കാലിനടിയിൽ കണ്ട പാമ്പിനെ ചവിട്ടിക്കൂട്ടി കൈപിടിയിലൊതുക്കുക. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ ദൃശ്യമാണിത്. എവിടെനിന്നോ ഇഴഞ്ഞെത്തി, തുറന്നുകിടന്ന വാതിലിലൂടെ പതിയ അകത്തേക്ക് കടന്നതാണ് പാമ്പ്. വടക്കൻ തായ്‍ലൻഡിലാണു സംഭവം.

പൊലീസ് സ്റ്റേഷൻ ലോബിയിലിരുന്ന മനുഷ്യൻ കയറി വരുന്ന ഇൗ ‘അതിഥി’യെ ശ്രദ്ധിച്ചില്ല. തന്റെ തൊട്ടടുത്ത് എത്തിയപ്പോഴാണ് അദ്ദേഹം  കടിക്കാൻ നിൽക്കുന്ന പാമ്പിനെ കാണുന്നത്. ശ്വാസം നിലച്ചുപോകുന്ന നിമിഷം. പക്ഷെ യുവാവ് സമചിത്തത കൈവിട്ടില്ല. കടിക്കാൻ ശ്രമിച്ച പാമ്പിനെ തുരതുരാ ചവിട്ടി. കാലുകൾകൊണ്ടു ഞെരിച്ചു പിടിച്ച് കൈപിടിയിലൊതുക്കി.

ആറടിയോളം നീളുമുള്ള പാമ്പിനെയാണു ഭിന്നശേഷിക്കാരനായ യുവാവ് മെരുക്കിയത്. ഇതിനുശേഷം അകത്തുനിന്നു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. യുവാവിന്റെ കയ്യിലുള്ള പാമ്പിനെ കണ്ടു ഭയപ്പെട്ട പൊലീസുകാരൻ പുറത്തു കൊണ്ടു പോകാനും ആവശ്യപ്പെട്ടു. ഒരു ചിരിയോടെ യുവാവ് പാമ്പിനെ കൊണ്ടു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾ യുവാവിനെ താരമാക്കി മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തിനു ഭാഗ്യമുണ്ടെന്നും ധീരനാണെന്നുമാണു കമന്റുകൾ.