സൗന്ദര്യ റാണിയുടെ മുടിക്ക് തീ പിടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

മിസ് ആഫ്രിക്ക സൗന്ദര്യ മത്സരത്തിലെ വിജയിയുടെ മുടിക്ക് തീ പിടിച്ചു. വിജയിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മിസ് കോംഗോ ദോർകാസ് കസിന്ദെയുടെ മുടിയിൽ തീ പിടിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി വേദിയിൽ കരിമരുന്ന് പ്രയോഗം ഒരുക്കിയിരുന്നു. ഇതിൽ നിന്ന് തീപൊരി തെറിച്ചു കസിന്ദെയുടെ തലയിലേക്കു വീഴുകയായിരുന്നു.

ജോതാവായതിന്റെ സന്തോഷത്തിൽ സമീപത്തുണ്ടായിരുന്ന മറ്റൊരു മത്സരാർഥിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുകയായിരുന്നു കസിന്ദെ. ഇതിനിടയിലാണു തീപ്പെരി വീണത്. പരിപാടിയുടെ അവതാരകൻ ഓടിയെത്തി മുടിയിൽ ആളിപ്പടർന്ന തീ അണച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  

കസിന്ദെയ്ക്കു എന്തു സംഭവിച്ചു എന്നറിയാനുള്ള ആകാക്ഷ പലരും പ്രകടിപ്പിക്കുകയും ചെയ്തു. തീ അണച്ചതിനു പിന്നാലെ വേദിയിൽ കയറി കസിന്ദെ കിരീടം ചൂടിയെന്നാണു റിപ്പോർട്ട്. ജോതാവായതിനൊപ്പം വലിയൊരു അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത് കസിന്ദെ ഭാഗ്യവതിയായതിനാലാണെന്നു സോഷ്യൽ ലോകം പറയുന്നു.

നൈജീ​രിയയി​ലെ കലബാറിലാണു മത്സരം നടന്നത്. മിസ് നൈജീരിയൻ ചിമാക്കാ നമേകയേയും സാംബിയയിൽ നിന്നുള്ള ഗ്ലാഡിസ് കൌമ്പയേയുമാണ് അവസാന റൗണ്ടിൽ കസിന്ദെ തോൽപ്പിച്ചത്. 35000 ഡോളറും ഒരു കാറുമായിരുന്നു സമ്മാനം.