ശ്രീഹനുമാനെ അധിക്ഷേപിച്ചു, കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനം!

കെജ്‍രിവാൾ ഷെയർ ചെയ്ത കാർട്ടൂൺ

അതിർവരമ്പുകളില്ലാതെ സ്വാതന്ത്രം ആഘോഷിക്കുന്നവരുടെ ഏരിയയാണ് സോഷ്യൽ മീഡിയ. ആരെക്കുറിച്ചും എന്തിനെക്കുറിച്ചും അഭിനന്ദിക്കാനും പുകഴ്ത്താനും ഇകഴ്ത്താനും വിമർശിക്കാനും കളിയാക്കാനുമൊക്കെയുള്ള തുറന്നിട്ട ഒരു പുസ്തകം. പ്രത്യേകിച്ചും രാഷ്ട്രീയ സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖരാണ് സോഷ്യൽ മീഡിയയു‌ടെ ഇരകളാവുന്നവരിൽ ഏറെയും. അബദ്ധത്തിനു നാവിൽ നിന്ന് എന്തെങ്കിലും പിഴ വന്നാലും സമൂഹമാധ്യമങ്ങൾക്ക് ഒരാഴ്ച്ചയ്ക്കുള്ള ആഘോഷത്തിനുള്ള വകയാകും. ഇവിടെ ട്രോളുകൾ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ഒരു മുഖ്യമന്ത്രി. മറ്റാരുമല്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആണ് അറിയാതൊരു കാർട്ടൂൺ ഷെയർ ചെയ്തതിന് സോഷ്യൽ മീഡിയയുടെ ചീത്തവിളി കേൾക്കുന്നത്.

പ്രമുഖ ദേശീയ മാധ്യമത്തിൽ വന്ന കാർട്ടൂണിൽ ഹനുമാനെ സൂചിപ്പിക്കും വിധത്തിലുള്ള കഥാപാത്രമുണ്ടായിരുന്നതാണ് ട്വിറ്റർ പ്രേമികളെ ചൊടിപ്പിച്ചത്. ലങ്കാദഹനത്തിനു ശേഷം പറന്നുവരുന്ന ഹനുമാനു സമാനമായ രൂപത്തെയാണ് കാർട്ടൂണിൽ അവതരിപ്പിച്ചിരുന്നത്. പത്താൻകോട്ട്, രോഹിത് വെമുല, തിരഞ്ഞെടുപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്കിടയിൽ ഉഴലുന്ന പ്രധാനമന്ത്രിയ്ക്ക് അരികിലേക്ക് എല്ലാവരുടെയും ശ്രദ്ധ ജെ.എൻ.യുവിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് വാലുള്ള ഒരു മനുഷ്യരൂപം പറയുന്നതാണ് കാർട്ടൂണിലെ ആശയം. എ​ന്നാൽ കാർട്ടൂൺ കെ‍ജ്‍രിവാൾ ഷെയർ ചെയ്തതോടെ അദ്ദേഹം ഹിന്ദു ദൈവമായ ഹനുമാനെ അധിക്ഷേപിച്ചിരിക്കുകയാണെന്നു പറഞ്ഞ് നിരവധി നെറ്റിസൺസ് രംഗത്തെത്തുകയായിരുന്നു. എന്തായാലും രാഷ്ട്രീയ പ്രസക്തിയുള്ള ഒരു കാർട്ടൂൺ പങ്കുവച്ചതിന് കെ‍ജ്‍രിവാളിനു പൊങ്കാലയുമായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയക്കാർ.