തുറന്നാൽ ചിരിക്കും, അടച്ചാൽ കരയും, ഇവനാണ് യഥാർത്ഥ പുസ്തകസ്നേഹി!

പുസ്തകം തുറക്കുമ്പോഴേക്കും ഉറക്കം വരികയും വലിച്ചെറിയുകയും ചെയ്യുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ട്. പുസ്തകം വായിച്ചു തീര്‍ന്നാൽ കരയുന്ന കുഞ്ഞിനെ കണ്ടിട്ടുണ്ടോ? ഇവിടെ പുസ്തകപ്പുഴുവായി ഇരിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ ആണ് വൈറലാകുന്നത്. കക്ഷിക്ക് വായിക്കാനൊന്നും അറിയില്ല കേട്ടോ. അമ്മ ചിത്രങ്ങൾ നോക്കി കഥകൾ പറയുന്നത് സസൂക്ഷ്മം ശ്രദ്ധിച്ചിരിക്കുന്ന കൊച്ചുകുറുമ്പന്റെ പേര് എമ്മറ്റ്. പേജെല്ലാം തീർന്ന് അമ്മ ദി എൻഡ് പറഞ്ഞു പുസ്തകം മടക്കി വെച്ചാലുടൻ തുടങ്ങും കുഞ്ഞു എമ്മറ്റ് കരയാൻ. വെറുംകരച്ചിലല്ല, ഉച്ചത്തിൽ തേങ്ങിക്കരയും.

ഇനി കരച്ചിൽ നിർത്തണമെങ്കിലോ നേരത്തെ മടക്കിവച്ച പുസ്തകം വീണ്ടുമെടുത്ത് ആദ്യംമുതൽ വായിച്ചു കൊടുത്താൽ മതി. ഓരോതവണ പുസ്തകം വായിക്കുമ്പോഴും ഇതു തന്നെ അവസ്ഥ. അവസാന പേജും മറിച്ചുകഴിഞ്ഞാൽ എമ്മറ്റ് പുസ്തകം നോക്കി കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങും. പിന്നെ അമ്മ വീണ്ടും വായിച്ചു തുട​ങ്ങണം. രസകരം തന്നെയല്ലേ, പുസ്കത്തെ ഇത്രയേറെ പ്രേമിക്കുന്ന കുഞ്ഞ് വലുതാകുമ്പോഴും ഇതുപോലെ തന്നെയായിരിക്കുമോ എന്തോ? അതോ പുസ്തകം കാണുമ്പോഴേക്കും ഉറങ്ങിത്തുടങ്ങുമോ? കണ്ടറിയണം.