ഐ എസിനെ വെല്ലുന്ന കൊടും ഭീകരസംഘടനയുടെ കഥ; വിഡിയോ കാണാം

പാരിസിൽ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് ശേഷം എവിടെയും ഐ എസിനെ കുറിച്ചുള്ള വാർത്തകളാണ്. എന്നാൽ കഴുത്തറപ്പൻ രീതികളുടെ പേരിൽ ലോകം മുഴുവൻ ഭീതിയോടെ കാണുന്ന തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്/ ഐഎസ് താരതമ്യേന ഈ മേഖലയിലെ പുതുമുഖമാണ്.

പക്ഷെ പ്രവർത്തന ശൈലിയിലും, ആക്രമണ രീതികളിലടക്കം ഐ എസ് മാതൃകയാക്കുന്ന, കാൽ തൊട്ടു നമിക്കുന്ന ഒരു സംഘടനയുണ്ട്. വർഷങ്ങളായി ലോകത്തെ, വിശേഷിച്ച് നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളെ വിറപ്പിക്കുന്ന ഭീകര സംഘടനയാണ് ബൊക്ക ഹറാം. അൽഖ്വൈദയുടെ തകർച്ചയ്ക്ക് ശേഷം ഇന്നു സജീവമായ ഏറ്റവും പഴയ തീവ്രവാദ സംഘടനയും ബൊക്ക ഹറം തന്നെ.

2015 ലെ ആഗോള തീവ്രവാദ സൂചിക പ്രകാരം ഐ എസ് നടത്തിയ കൂട്ടക്കുരുതികളെക്കാൾ മുകളിലാണ് ബൊക്ക ഹറമിന്റെത്. കഴിഞ്ഞ വർഷം ലോകത്തെ തീവ്രവാദം മൂലമുണ്ടായ മരണങ്ങളിൽ 51% ബൊക്കഹറമും ഐഎസും പങ്കു വയ്ക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ തീവ്രവാദ പ്രശ്നങ്ങൾക്ക് കൂടുതൽ ലോക ശ്രദ്ധ ലഭിക്കുമ്പോൾ ആഗോള തീവ്രവാദ മരണങ്ങളിൽ 78% നടക്കുന്ന ആഫ്രിക്കൻ- ഏഷ്യൻ വാർത്തകൾക്ക് അധികം ശ്രദ്ധ ലഭിക്കാറില്ല എന്നതാണ് ബൊക്ക ഹറം തിരശീലയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കാനുള്ള പ്രധാന കാരണം.

2002 ൽ സ്ഥാപകമായ സംഘടന ആഗോള കുപ്രസിദ്ധി നേടി ലോകത്തെ ഞെട്ടിച്ചത് 2014 ൽ സ്കൂളിൽ നിന്നും 274 നൈജീരിയൻ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതോടെയാണ്. ഇതിൽ 54 പെണ്‍കുട്ടികൾ രക്ഷപെട്ടു. ബാക്കി പെണ്‍കുട്ടികൾ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായി കൊല്ലപെട്ടു.

ഐസിസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ലോക സമാധാനത്തിനു വീണ്ടും വെല്ലു വിളിയുയർത്തി കൊണ്ട് ബൊക്ക ഹറം വീണ്ടും വാർത്തകളിൽ ഇടം നേടുന്നു.