ലൈക്കോളം വരുമോ ഡിസ്‌ലൈക്കിലിട്ടത്...

പിറന്നാളാണ്. അതിരാവിലെത്തന്നെ എഴുന്നേറ്റു, കുളിച്ചുകുട്ടപ്പനായി. അമ്പലത്തിൽ പോയില്ലെങ്കിലും പൂജാമുറിയിൽ നിന്ന് ചന്ദനം അടിച്ചെടുത്ത് ഒരു കുറിവരച്ചു. നല്ലസ്സലൊരു കസവുമുണ്ടുടുത്തു(കറുത്ത കരയുള്ളതല്ല). പിറന്നാൾ സമ്മാനമായി കാമുതി തന്ന പളപളാ മിന്നുന്ന ഷർട്ടുമിട്ടു.(ഭാഗ്യം അതും കറുത്തതല്ല) ഇനിയൊരു സെൽഫിയൊക്കെ ആവാം. അതിനു വേണ്ടി മൊബൈൽ ‘സെറ്റാ’ക്കുമ്പോഴുണ്ട് ഒരു കൂളിങ് ഗ്ലാസിന്റെ കുറവ്. അതും വച്ച് കിടിലനൊരു പിറന്നാൾ സെൽഫിയുമെടുത്ത് സകല ന്യൂജെൻ ദൈവങ്ങളെയും വിളിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റും ചെയ്തു. ആഹഹാ, കൊള്ളാം.. അതിരാവിലെ ലവന്മാരെല്ലാം ഇതു കണ്ട് ഞെട്ടിത്തരിച്ചു പറയണം–

‘അളിയാ, പൊരിച്ചു...തകർത്തു..കിടിലൻ..ചുള്ളാ...കൊള്ളാലോ നീയ്...’ ഹൊ, കുളിരു കോരുന്നു; കാത്തിരുന്നു, നോട്ടിഫിക്കേഷൻ ബാറിൽ ആദ്യത്തെ തിളക്കം. ചാടിവീണു ക്ലിക്ക് ചെയ്തു. കമന്റിയിരിക്കുന്നത് ആത്മാർഥ സുഹൃത്താണ്. സുരാജ് വെഞ്ഞാറമൂടിന്റെ പടവും വച്ച് ഒരൊറ്റ ഡയലോഗ്:

‘എടാ ഇന്നെങ്കിലും പോയി അടിച്ചു നനച്ച് കുളിക്കെടാ...’

പകച്ചു പോയി. തൊട്ടുപിറകെ പകപ്പിന്റെ പിറന്നാൾപ്പൂരം. ‘ക്ഷീണിച്ചു പോയല്ലോ എവിടാരുന്നു..’എന്ന് ബിജുമേനോൻ. കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ...എന്ന് സലിംകുമാർ. ഇത് കോമാളി വേഷമാണോ ചേട്ടായെന്ന് ജഗതിയുടെ ചോദ്യം. പിന്നെ മമ്മൂക്ക വക ‘മോളിക്കുട്ടീ, എതാ ഈ കാട്ടുമാക്കാൻ എന്ന് പെങ്ങളെ ടാഗ് ചെയ്ത് വേറൊരുത്തൻ. പാവം അച്ഛനെപ്പോലും അവന്മാർ വെറുതെവിട്ടില്ല– എനിക്കറിയാം ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മയെന്നാ...എന്ന് ശങ്കരാടിയുടെ വക തട്ട്. എന്തു ചെയ്യാനാ കൂട്ടുകാരന് ഭ്രാന്ത് ആയെന്നു വച്ച് ഉപേക്ഷിക്കാൻ പറ്റോ എന്നും ചോദിച്ച് അശോകനും വന്നു. അവസാനത്തെ കമന്റ് കുറച്ചുകൂടിയങ്ങ് മേലെപ്പോയി–എങ്ങനെ നടന്ന പയ്യനാ എന്തോ കണ്ട് പേടിച്ചതാ..എന്ന കമന്റിനൊപ്പം കള്ളിയങ്കാട്ടു നീലിയുടെ പടവും ചേർത്ത് അതും പോരാഞ്ഞ് കാമുകിയെ ടാഗും ചെയ്തു. സന്തോഷായി.

ഇനിയിപ്പോ താനായിട്ടെന്തിനാ കുറയ്ക്കുന്നത്. സ്വന്തം അവസ്ഥ ഭംഗിയായിത്തന്നെ വിശദീകരിച്ച് കമന്റിട്ടു:

‘കൊല്ലാമായിരുന്നില്ലേ, ഇതിലും ഭേദം അതായിരുന്നു...’

ആന കയറിയ കരിമ്പിൻ കാടു പോലെ തന്റെ ടൈംലൈൻ ആകെ അലമ്പായെങ്കിലും ആ കമന്റുകൾക്കെല്ലാം നേർത്തൊരു സൗഹൃദത്തിന്റെ സൗന്ദര്യമുണ്ടായിരുന്നുവെന്നതല്ലേ സത്യം. അതെല്ലാം കെടുത്താൻ വേണ്ടിയാണെന്നു പറയേണ്ടി വരും ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കെർബർഗ് ഒരു പുതിയ ബട്ടണും കൊണ്ടു വരുന്നുണ്ട്.

മലയാളിക്കെന്തിന് ഈ ബട്ടൻ?

ഒരുത്തന്റെ മുഖത്തു നോക്കി–നീയൊരു അലമ്പ് സെറ്റപ്പാണല്ലോടാ...എന്നു പറയുന്നത്ര ഭീകരമായിരിക്കും ഡിസ്‌ലൈക്ക് ബട്ടൻ തൊടുന്നതെന്നാണു വിലയിരുത്തൽ. മലയാളികൾക്കാണെങ്കിൽ നിലവിൽ ഒരു ഡിസ്‌ലൈക്ക് ബട്ടന്റെ ആവശ്യവുമില്ല. ആ സ്ഥാനത്ത് നല്ലുഗ്രൻ ട്രോളുകൾ നാം പടച്ചുവിടുന്നുണ്ട്. സെക്കൻഡുകൾ തോറും ട്രോൾ കുഞ്ഞുങ്ങളുടെ ജനസംഖ്യ കൂട്ടിക്കൊണ്ടേയിരിക്കുകയുമാണ്. അതിലേറെയും സിനിമാ ഡയലോഗുകളെ കൂട്ടുപിടിച്ചവയും, പലതും ഓർത്തോർത്ത് ചിരിപ്പിക്കുന്നതും. ഒരു പോസ്റ്റിനെക്കുറിച്ച് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരമെന്നനിലയിലായിരിക്കണം ഡിസ്‌ലൈക്ക് ബട്ടൻ.

പക്ഷേ ആരെയും ദ്രോഹിക്കാതെ, എന്നാൽ പറയാനുള്ളത് പറയാൻ സഹായിക്കുന്ന പല നിരുപദ്രവ ട്രോളുകളും നമുക്കുള്ളപ്പോൾ എന്തിനാണെ‌ാരു ‍‍ഡിസ്‌ലൈക്ക് ബട്ടൻ കൂടി? ഡിസ്‌ലൈക്കിനെപ്പറ്റി ഒരു ചോദ്യോത്തര പരിപാടിയിൽ സൂചന നൽകിയതിനു പിറകെ ആയിരക്കണക്കിനു കമന്റുകളാണ് സുക്കർബെർഗിന്റെ ഔദ്യോഗിക പേജിലെത്തിയത്. അവരിൽ പലരും പറഞ്ഞത് ഈ ബട്ടൻ ഉണ്ടെങ്കിൽ തങ്ങൾ കൂടുതൽ സമയം എഫ്ബിയിൽ ചെലവഴിക്കുമെന്നാണ്. എന്നാൽ സെലിബ്രിറ്റികളെ ഉൾപ്പെടെ നെറ്റ്‌ലോകത്ത് നാണംകെടുത്താനും മറ്റുമായി ഈ ബട്ടൻ ദുരുപയോഗം ചെയ്യപ്പെടുമെന്നു വാദിക്കുന്നവരാണ് ഏറെ. ഒരു കമ്പനിക്കോ ഉൽപന്നത്തിനോ എല്ലാം ആവശ്യം വേണ്ടത്ര ലൈക്കുകൾ സൃഷ്ടിച്ചു കൊടുക്കുന്ന ലോബികൾ വരെ ഇന്നുണ്ട്. അതുപോലെ എതിരാളികളെ തറപറ്റിക്കാൻ ഡിസ്‌ലൈക്ക് ലോബികളും ഉടലെടുത്തേക്കാം. ഒരു ലക്ഷം ലൈക്ക് കിട്ടിയ എഫ്ബി പേജിൽ രണ്ടു ലക്ഷം ഡിസ്‌ലൈക്ക് ആണെങ്കിൽ എന്തായിരിക്കും സ്ഥിതി?

ലാസ്റ്റ് കമന്റ്

ഡിസ്‌ലൈക്ക് ബട്ടൻ വിവാദമായതോടെ എഫ്ബി തന്നെ വിശദീകരണമായി വന്നിട്ടുണ്ട്. വലിയ ദുരന്തങ്ങളുണ്ടായാലോ വേണ്ടപ്പെട്ടവരുടെ മരണം സംഭവിച്ചാലോ സങ്കടവും അനുകമ്പയുമൊക്കെ പ്രകടിപ്പിക്കാനുള്ള ‘എംപതി’ ബട്ടനാണ് തങ്ങൾ ഉദ്ദേശിച്ചതെന്നാണ് കമ്പനി വാദം. ‘അപ്പൂപ്പൻ മരിച്ചു’ എന്ന പോസ്റ്റിനോടൊപ്പം അദ്ദേഹത്തിന്റെ ശവപ്പെട്ടിക്കരികിൽ നിന്നുള്ള സങ്കടസെൽഫി പോസ്റ്റ് ചെയ്യുന്ന ഇക്കാലത്ത് അത്തരമൊരു ബട്ടൻ അത്യാവശ്യമാണെന്നു പറയാതെ വയ്യ.