ആറ് പഴത്തിൽ കൂടുതൽ കഴിച്ചാൽ മരണം?

വാഴപ്പഴത്തോളം ഗുണമേന്മയുള്ള പഴങ്ങൾ കുറവാണെന്നാണ് കേട്ടിട്ടുള്ളത്. വീട്ടുവളപ്പിൽപ്പോലും, ഭീമമായ ചിലവുകളില്ലാതെ നട്ടുനനച്ചുണ്ടാക്കാവുന്ന ആരോഗ്യപ്രദമായ ഫലം. പക്ഷേ പഴം അമിതമായി കഴിക്കുന്നത് അപകടകരമാണെന്നൊരു പ്രചരണം ഉണ്ടായിരുന്നു. ഒരുസമയം ആറിൽക്കൂടുതല്‍ പഴം കഴിക്കുന്നത് മരണം വരുത്തിവെക്കുമെന്നായിരുന്നു ആ പ്രചരണം. യഥാർത്ഥത്തിൽ അതില്‍ എന്തെങ്കിലും സത്യമുണ്ടോ? വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള പഴം നല്ലതു തന്നെയാണെന്നാണ് പൊതുവെയുള്ള ഭാഷ്യം. പിന്നെന്തുകൊണ്ടാണ് ഇങ്ങനെയൊരു സംശയം?

ആറു പഴം കഴിക്കുന്നതോടെ പൊട്ടാസ്യത്തിന്റെ അളവു അമിതമായി വർധിക്കുന്നതു മൂലമാണ് മരണസാധ്യത പറയപ്പെട്ടിരുന്നത്. എന്നാൽ മനുഷ്യന്റെ നിലനിൽപ്പിന് അത്യാവശ്യമായ പൊട്ടാസ്യം ശരീരത്തിനകത്തെ ഓരോ കോശങ്ങളിലും അടങ്ങിയിട്ടുണ്ട്. കോശത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നതിൽ പൊട്ടാസ്യത്തിനു വലിയ പങ്കാണുള്ളത്. ഹൃദയമിടിപ്പിന്റെ സന്തുലനത്തിനും രക്തത്തിലെ പഞ്ചസാര ഇല്ലാതാക്കുന്നതിനും എല്ലാത്തിലുമുപരി രക്തസമ്മർദ്ദം ഉയർത്താതിരിക്കുന്നതിലുമെല്ലാം പൊട്ടാസ്യത്തിനു വലിയ പങ്കുണ്ട്.

മറുവശത്ത് പൊട്ടാസ്യത്തിന്റെ അളവ് ഏറെ കൂടിയാലും കുറഞ്ഞാലും അതു ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയും വയറുവേദന, ശർദ്ദി, ഡയേറിയ മുതലായവയ്ക്കു കാരണമാകുകയും ചെയ്യും. പൊട്ടാസ്യം ക്ലോറൈഡ് അമിതമാകുന്നത് ഹൃദയാഘാതത്തിനു വരെ കാരണമാകും. പക്ഷേ ആരോഗ്യദൃഡഗാത്രനായ ഒരാളെ സംബന്ധിച്ചിടത്തോളം ആറുപഴത്തിന് അയാളെ കൊല്ലാൻ ശക്തിയില്ലെന്നാണ് ഡയറ്റീഷ്യനായ കാതറീന്‍ കോളിൻസിന്റെ വാദം. ഇത്തരത്തിലൊരാളുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കണമെങ്കിൽ അയാൾ നാനൂറോളം പഴം കഴിക്കേണ്ടിവരും. ‌ കൗമാരക്കാര്‍ ഒരുദിവസം 3,500mg പൊട്ടാസ്യം ദിവസം ഉപയോഗിക്കണമെന്നാണ് പറയുന്നത്. 125g ഭാരമുള്ള ഒരു പഴത്തിൽ 450mg പൊട്ടാസ്യമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽത്തന്നെ ആരോഗ്യമുള്ള ഒരാൾക്ക് നിശ്ചിത അളവിലേക്കെത്താൻ ഏഴരപ്പഴം വരെ കഴിക്കാം.