ഡിഗ്രി കാണിക്കൂ മോദിജീ

ഗുജറാത്തിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകൻ നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനാവശ്യപ്പെട്ടു നൽകിയ വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മോഡിയുടെ ഓഫീസ് അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍വിസമ്മതിച്ചതോടെ മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന ആവശ്യവുമായി നിരവധി പേര്‍ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായെത്തി .

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞ് സമർപ്പിച്ച വിവരാവകാശ അപേക്ഷ തള്ളിയതോടെ സാമൂഹ്യമാധ്യമങ്ങൾ മോദിക്ക് നേരേ പരിഹാസം ചൊരിഞ്ഞു. മോദിയുടെ ബിരുദങ്ങളെല്ലാം വ്യാജമാണെന്ന് തനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ടെന്നും മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനുള്ള വിവരാവകാശപ്രകാരമുള്ള അപേക്ഷയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയാണെങ്കില്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നുമാണ് സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ്‌കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന മാര്‍ക്കണ്‍ഡേയ കട്ജു ട്വിറ്ററിലൂടെ ഇതിനോട് പ്രതികരിച്ചത് .

താങ്കളുടെ ബിരുദം കാണട്ടെ ബഹു.പ്രധാനമന്ത്രീ എന്ന രീതിയിലുള്ള #DegreeDikhaoPMSaab എന്ന ഹാഷ് ടാഗിലൂടെയാണ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും നിരവധി പേർ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ നിഷേധാത്മക നീക്കത്തോട് പ്രതികരിച്ചത്.

മോദി 1967 ൽ ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കിയെന്നും 1978 ൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ടെന്നും തുടർന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയെന്നും വിക്കിപീഡിയയിൽ വിശദീകരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റെ യോഗ്യത സംബന്ധിച്ച വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല.

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കണമെന്നു നരേന്ദ്ര മോദിയുടെ ഇളയ സഹോദരനായ പ്രഹ്ളാദ് മോദിയും ആവശ്യമുന്നയിച്ചിരുന്നു. മുന്‍ ഡല്‍ഹി നിയമ മന്ത്രി ജിതേന്ദര്‍ സിംഗ് തൊമാറിന്റെ ബിരുദത്തിന്റെ നിജ സ്ഥിതി പരിശോധിച്ചതു പോലെ ഇറാനിയുടെ യോഗ്യതയും വിലയിരുത്തണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഈ യോഗ്യതാ വിവാദങ്ങൾക്കൊടുവിൽ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയും ഈ പരമ്പരയിലെ മറ്റൊരു പ്രഹേളികയുയർത്തുകയാണ്.