1100 കോടി നൽകി നഗ്നചിത്രം സ്വന്തമാക്കിയൊരു ടാക്സിഡ്രൈവർ !

ചൈനയിലെ ഒരു മുൻടാക്സി ഡ്രൈവർ ആണ് ഇപ്പോൾ വാർത്തയിൽ നിറഞ്ഞു നിൽക്കുന്നത്. കാരണം മറ്റൊന്നുമല്ല കക്ഷിയൊരു പെയിന്റിംഗ് സ്വന്തമാക്കി. ചില്ലറ പെയിന്റിങൊന്നുമല്ല കേട്ടോ, ഇത്തിരി വിശിഷ്ടമായൊരു പെയിന്റിംഗ് തന്നെ. ഒരു യുവതിയുടെ മനോഹരമായൊരു നഗ്നചിത്രം. ഇനി ആ ചിത്രം സ്വന്തമാക്കാൻ ഇദ്ദേഹം ചിലവഴിച്ചതെത്രയാണെന്നോ? 1100 കോടി രൂപ. ചൈനക്കാരനായ ലിയു ആണ് കേൾക്കുന്നവർക്കു ഭ്രാന്തം എന്നു തോന്നിക്കുന്ന ഈ പ്രവർത്തി ചെയ്തത്.

തന്റെ അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ലിയു അമിഡിയോ മോഡിഗ്ലിയാനിയുടെ പെയിന്റിംഗ് സ്വന്തമാക്കിയത്. അമ്പത്തിയൊന്നുകാരനായ ലിയുവിന് ഇത് ആദ്യ സംഭവവുമല്ല. മോഹവില കൊടുത്ത് നേരത്തെയും ലിയു ഒട്ടേറെ പെയിന്‌റിംഗുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇനി ഇതെല്ലാം അദ്ദേഹത്തിന്റെ വീട്ടിൽ വയ്ക്കാനൊന്നുമല്ല, മറിച്ച് ഭാര്യയ്ക്കൊപ്പം നടത്തുന്ന രണ്ടു സ്വകാര്യ മ്യൂസിയങ്ങളിൽ സൂക്ഷിച്ചുവെക്കാനാണ് വാങ്ങിയത്.

1980കളിലും 90കളിലും സ്റ്റോക് മാര്‍ക്കറ്റുകളിലൂടെയാണ് ടാക്സിഡ്രൈവറായ ലിയുവിന്റെ ഭാഗ്യം തെളിഞ്ഞത്. ഫോബ്സ്മാസിക പ്രകാരം ചൈനയിലെ പണക്കാരുടെ പട്ടികയിൽ 239ാം സ്ഥാനമാണ് ലിയുവിനുള്ളത്.