മൃഗങ്ങളെ ഉറക്കും ഈ കൊച്ചുപെൺകുട്ടി

ഒരു നല്ല താരാട്ടുപാട്ടിലൂടെ മനുഷ്യരെ വേണമെങ്കിൽ ഉറക്കാം. പക്ഷേ മൃഗങ്ങളെ ഉറക്കണമെങ്കിലോ? അവ തന്നെ വിചാരിക്കണം. രാത്രിയെന്നോ പകലെന്നോ ഇല്ല, സ്വയം തോന്നിയാൽ മാത്രമേ മൃഗങ്ങൾ ഉറങ്ങൂ. മൃഗങ്ങളെ ഉറക്കാനും സാധാരണ ആരും തുനിയാറില്ല. എന്നാൽ ചൈനയിൽ ഒരു പെൺകുട്ടി മൃഗങ്ങളെ ഹിപ്നോട്ടൈസ് ചെയ്തു മയക്കുന്നതിൽ മിടുക്കിയാണ്. സിസി ടിവി എന്ന ചൈനീസ് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ മൃഗങ്ങളെ ഹിപ്നോട്ടിസം ചെയ്യുന്ന പെൺകുട്ടിയുടെ വിഡിയോ ഇപ്പോൾ വൈറലാകുകയാണ്.

പട്ടി, മുയൽ, തവള, ഓന്ത്, കോഴി തുടങ്ങി മിക്ക മൃഗങ്ങളെയും ഷോയ്ക്കിടയിൽ പെൺകുട്ടി ഉറക്കുന്നുണ്ട്. മൃഗങ്ങളെ കയ്യിലെടുത്ത് പതുക്കെ തലോടിയും അവയോട് സംസാരിച്ചുമാണ് ഉറക്കുന്നത്. ഇടയ്ക്ക് ആദ്യം ഉറക്കിയ മൃഗങ്ങളിൽ ചിലതൊക്കെ ഉണരുമ്പോഴേക്കും കക്ഷി ഓടിവന്ന് അവയെ വീണ്ടും തലോടി ഉറക്കുന്നത് കാണാം. ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ വിധികർത്താക്കളെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണിവൾ.

എന്തായാലും ഓമന മൃഗങ്ങളെ ഉറക്കുന്ന കൊച്ചു പെൺകുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്.