നെറ്റ് ന്യൂട്രാലിറ്റിയോ? എഫ്ബിക്ക് പുല്ലുവില!!

നെറ്റ് ന്യൂട്രാലിറ്റി വക്താക്കളുടെ വിമർശനങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് തങ്ങളുടെ സൗജന്യ ഇന്റർനെറ്റ് പദ്ധതിയായ Internet.orgയുമായി ഫെയ്സ്ബുക്ക് മുന്നോട്ട്. പദ്ധതിയുടെ ഒന്നാം വാർഷികമായ ജൂലൈ 27ന് പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് ഇന്റർനെറ്റ് ഡോട്ട് ഓർഗ് കൂടുതൽ മൊബൈൽ ഓപറേറ്റർമാരെയും ഡെവലപർമാരെയും കൂടി ഉൾപ്പെടുത്തി വ്യാപിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയത്.

ഫെയ്സ്ബുക്കുമായി ധാരണയുണ്ടാക്കിയ വെബ്സൈറ്റുകൾ മാത്രം ലഭ്യമാക്കുന്നതിന് ഇന്റർനെറ്റ് പരിമിതപ്പെടുത്തുന്നത് നെറ്റ് ന്യൂട്രാലിറ്റിക്ക് വിരുദ്ധമാണെന്നാരോപിച്ച് ഇന്ത്യയിലുൾപ്പെടെ വലിയ പ്രതിഷേധങ്ങളുയർന്നിരുന്നു. ഡേറ്റ കണക്‌ഷനില്ലെങ്കിലും ചില മൊബൈൽ സർവീസ് പ്രൊവൈഡർമാരുടെ സഹായത്തോടെ ഏതാനും വെബ്സൈറ്റുകൾ മാത്രം മൊബൈലിൽ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. അതായത് ഇന്റർനെറ്റിന്റെ അടിസ്ഥാന സേവനം സാധാരണക്കാർക്കുൾപ്പെടെ ലഭ്യമാക്കുക ലക്ഷ്യം. പക്ഷേ സംഭവം വിവാദമായതിനെത്തുടർന്ന് ഫെയ്സ്ബുക്കിന്റെ ഈ പദ്ധതിയിൽ നിന്ന് ചില വെബ്സൈറ്റുകൾ പിന്മാറി.

എന്നാൽ നെറ്റ് സമത്വവും ഇന്റർനെറ്റ്.ഓർഗും പരസ്പരം ചേർന്നു പോകുന്നവയാണെന്നാണ് എഫ്ബി സ്ഥാപകൻ മാർക്ക് സക്കർബർഗ് പറഞ്ഞത്. നിലവിൽ 17 രാജ്യങ്ങളിലായി 90 ലക്ഷത്തിലേറെപ്പേർക്ക് ഡേറ്റ ചാർജുകൾ യാതൊന്നും ഈടാക്കാതെ ഇന്റർനെറ്റ് ഡോട്ട് ഓർഗ്‌ലൂടെ വിവിധ വെബ്സൈറ്റുകൾ ലഭ്യമാക്കുന്നുണ്ട്. അതിൽ ഫെയ്സ്ബുക്കും ഉൾപ്പെടും. ഒരു ഡസനിലേറെ മൊബൈൽ ഓപറേറ്റർമാരാണ് ഇക്കാര്യത്തിൽ ഫെയ്സ്ബുക്കുമായി സഹകരിക്കുന്നത്. മാത്രവുമല്ല, ഇന്റർനെറ്റ്.ഓർഗ്‌ന്റെ ഉപഭോക്താക്കളിൽ പകുതിയിലേറെപ്പേരും ഒരുമാസത്തിനകം കൂടുതൽ വെബ്സേവനങ്ങൾക്കായി ഏതെങ്കിലും വിധത്തിലുള്ള ഡേറ്റ കണക്‌ഷൻ നേടിയതായും ഫെയ്സ്ബുക്ക് പറയുന്നു. ചെറിയൊരു ഡേറ്റ സൗജന്യമായി നൽകി വമ്പൻ ഡേറ്റാപ്രേമത്തിലേക്കുള്ള ചൂണ്ടക്കുരുക്കിടുകയാണ് തങ്ങളെന്ന് ഇതുവഴി ഫെയ്സ്ബുക്ക് തന്നെ സമ്മതിക്കുന്നുമുണ്ട്.

ഇന്ത്യയിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ചേർന്നാണ് ഫെയ്സ്ബുക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. പദ്ധതി വഴി 33 വെബ്സൈറ്റുകളാണ് നിലവിൽ ലഭിക്കുക. സാംസങ്, ക്വാൽകോം തുടങ്ങിയ സാങ്കേതിക മേഖലയിലെ ഭീമന്മാരുമായി ചേർന്ന് ലോകത്തെ 450 കോടി ജനങ്ങളിലേക്ക് ഇന്റർനെറ്റ് സേവനം എത്തിക്കുകയാണത്രേ ഫെയ്സ്ബുക്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കണ്ടന്റ്/ ആപ്ലിക്കേഷൻ ഡെവലപർമാരുടെ സേവനം തേടി ഇന്റർനെറ്റ്.ഓർഗ്‌‌ന്റെ പടിവാതിലുകളും തുറന്നിട്ടു കഴിഞ്ഞു. പ്രധാനമായും ലാറ്റിനമേരിക്കൻ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുകയാണ് ഫെയ്സ്ബുക്ക് ലക്ഷ്യം. ഇവിടെയാണ് ഈ സമൂഹമാധ്യമ ഭീമന് ഏറ്റവും വേരോട്ടമുള്ളതും. ഇന്ത്യയിൽ ഫെയ്സ്ബുക്ക് പ്രതീക്ഷിച്ചതു പോലെയാകുമോ കാര്യങ്ങളെന്നത് കാത്തിരുന്നു തന്നെ കാണണം. നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച കേന്ദ്രസർക്കാർ തീരുമാനം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.