പേര് ഐസിസ്; അഞ്ചു വയസുകാരിയോടു ന്യൂടെല്ലയുടെ വിവേചനം

ഐ എസ് തീവ്രവാദികൾ സിറിയയിലും മറ്റും നടത്തുന്ന ക്രൂരതകൾ നാം കാണുന്നുണ്ട്. എന്നുകരുതി ഐസിസ് എന്ന പേരുള്ളവരെയെല്ലാം മാറ്റിനിർത്താമോ? അവരെയെല്ലാം സമൂഹത്തില്‍ നിന്നും ഒറ്റപ്പെ‌ടുത്തണമെന്നുണ്ടോ? ഇവി‌ട‌െ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടനയെക്കുറിച്ചുപോലും വ്യക്തമായ ധാരണയില്ലാത്ത ഓസ്ട്രേലിയൻ സ്വദേശിയായ അഞ്ചുവയസുകാരിയും തന്റെ പേര് ഐസിസ് എന്നായതുമൂലം ഒറ്റപ്പെ‌ടുകയാണ്. തങ്ങളുടെ ജാറുകളിൽ ഉപഭോക്താക്കളുടെ പേരുകൾ നൽകുന്ന പുതിയ ക്യാംപയിനിൽ നിന്നുമാണ് ന്യൂടെല്ല ഐസിസ് എന്ന പെൺകുട്ടിയെ ഒഴിവാക്കിയിരിക്കുന്നത്. വിവരം പെൺകുട്ടിയു‌ടെ അമ്മയായ ഹെതർ ടെയ്‍ലർ ആണ് ഫേസ്ബുക്ക് വഴി പങ്കുവച്ചത്.

ന്യൂടെല്ലയുടെ പുതിയൊരു പ്രചാരണ പരിപാടിയായിരുന്നു ഉപഭോക്താക്കളുടെ പേരുകൾ ജാറിനു മുകളിൽ നൽകുകയെന്നത്. ഇതുപ്രകാരം ഒട്ടേറെപേരുകൾ ന്യൂടെല്ല ജാറുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പക്ഷേ ഐസിസിനു മാത്രം അതിനുള്ള ഭാഗ്യമുണ്ടായില്ല. ടെയ്‍ലറുടെ സഹോദരിയാണ് ടെയ്‍ലറുടെ മക്കളുടെയുൾപ്പെടെ അഞ്ചു പേഴ്സണലൈസ്ഡ് ജാറുകൾക്ക് ഓർഡർ നൽകിയത്. എന്നാൽ ഐസിസിന്റെ പേരു ജാറിനു മുകളിൽ നൽകുവാൻ സ്റ്റോർ മാനേജർ വിസമ്മതിക്കുകയായിരുന്നു. സെപ്തംബറിലാണ് ന്യൂടെല്ല ജാറുകളിൽ പേരുകൾ നൽകുന്ന പ്രചാരണ പരിപാടി ആരംഭിച്ചത്.

കമ്പനിയ്ക്ക് അതിന്റേതായ നിയമങ്ങളുണ്ടെന്നും ചില പേരുകൾ മാത്രമേ സ്വീകരിക്കുവാൻ കഴിയൂ എന്നുമാണ് ഡിപാർട്മെന്റ് സ്റ്റോർ വിഷയത്തോടു പ്രതികരിച്ചത്. ഈജിപ്ഷ്യൻ ദേവതയായ ഐസിസിന്റെ പേരാണു താൻ മകൾക്കു നല്‍കിയതെന്നും എന്നാൽ പലരും അതിനു നെഗറ്റീവ് തലങ്ങൾ കാണുകയാണെന്നും ടെയ്‍ലർ പറഞഞു. ഐസിസ് എന്ന പേരുള്ളവര്‍ക്കു നേരെ പ്രശ്നങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. നേരത്തെ ഐസിസ് എന്നു പേരുള്ള പെൺകുട്ടിയു‌ടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിയിരുന്നു.