മരണകിടക്കയിലും പ്രണയം കൈവിടാതെ വൃദ്ധ ദമ്പതികള്‍

മരണത്തിന്റെ വക്കോളമെത്തിയാലും ആത്മാർഥ പ്രണയത്തിന് ഒരിക്കലും മരണമുണ്ടാകില്ല. അവസാന ശ്വാസം എടുക്കുമ്പോഴും നല്ലപാതിയുടെ വിചാരങ്ങളായിരിക്കും മനസു മുഴുവൻ. ഒരു നിമിഷത്തിലെ മുൻകോപവും ഈഗോയും മൂലം വർഷങ്ങളായി മനസും ശരീരവും പങ്കിട്ട ദിനങ്ങളെല്ലാം മറന്ന് പിരിയാൻ തയ്യാറാവുന്ന പുതുതലമുറ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 92കാരനായ ഒരു വൃദ്ധൻ തന്റെ പ്രിയതമയുടെ അവസാന നിമിഷങ്ങളിൽ അവർക്കു വേണ്ടി പ്രണയഗാനം പാടുകയും വിതുമ്പുകയുമാണ്. ഹോവാർഡ് എന്ന അപ്പൂപ്പനും പത്നി 93കാരിയായ ലോറയുമാണ് ജീവിത സായാഹ്നത്തിലും പ്രണയത്തിന്റെ തീവ്രതയ്ക്ക് ഒട്ടും മങ്ങലുണ്ടാകില്ലെന്നു തെളിയിച്ചത്.

എഴുപത്തിമൂന്നു വർഷമായി ഊണിലും ഉറക്കത്തിലും ഒപ്പമുള്ള പത്നി മരിണകിടക്കയിൽ കിടക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ള ഗാനം ഉള്ളിൽ കരഞ്ഞുകൊണ്ടു പാടുകയാണ് അദ്ദേഹം. ഇരുവരുടെയും പേരമകൾ എറിൻ ആണ് വിഡിയോ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചത്. അന്ധയായ ലോറയും തിരിച്ചു പാടുന്നുണ്ട്. 1940കളിലെ ഹിറ്റ് ഗാനമായ യു വിൽ നെവര്‍ നോ ഹൗ മച്ച് ഐ മിസ് യൂ എന്ന ഗാനമാണ് ഇരുവരും പാടുന്നത്. പാടുന്നതിനൊപ്പം ലോറയുടെ കവിളുകളിൽ തലോടുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നുണ്ട് ഹോവാർഡ്. തീർച്ച, ഈ പ്രണയം നിങ്ങളുടെ കണ്ണു നനയിക്കുക തന്നെ ചെയ്യും.