കല്യാണച്ചെറുക്കന്റെ കിടിലൻ എൻട്രി, വിഡിയോ വൈറൽ!

സിനിമയായാലും സീരിയലായാലും ഇനി ഹ്രസ്വചിത്രമായാലും നായകന്റെ എൻട്രി പ്രധാനമാണ്. എൻട്രി ക്ലിക്കായാൽ പകുതി ഓകെയായി. ഇതാ യഥാർഥജീവിതത്തിൽ കിടിലൻ എൻട്രിയിലൂടെ ലോകമെങ്ങും ചർച്ചയാകുകയാണ് പാക്കിസ്ഥാനിലെ ഒരു കല്യാണച്ചെറുക്കൻ കിച്ചൂ അഹ്മർ. അഹ് മറിന്റെ എൻട്രി തന്റെ കല്യാണപ്പന്തലിലേക്കായിരുന്നു. അതും ഗുസ്തിക്കാരൻ ട്രിപ്പിൾ എച്ചിനെ അനുകരിച്ച്. ഡബ്ല്യുഡബ്ല്യുഇ ഗുസ്തിക്കാരനായ ട്രിപ്പിൾ എച്ചിന്റെ കടുത്ത ആരാധകനാണ് അഹ്മർ. അതിനാൽ തന്റെ ഏറ്റവും പ്രധാനദിനത്തിലും ട്രിപ്പിൾ എച്ചിനെ കൂടെക്കൂട്ടാൻ തീരുമാനിക്കുകയായിരുന്നു യുവാവ്.

എന്നാൽ വിവാഹത്തിനെത്തിയവർക്ക് ഇതു ശരിക്കും കോളായി. അവർ കൈയടിയും കൂക്കുവിളികളുമായി വരനെ പ്രോൽസാഹിപ്പിക്കാനുള്ള തിരക്കിലായിരുന്നു. ചാംപ്യൻഷിപ് ബെൽറ്റ് കഴുത്തിലണിഞ്ഞ് ട്രിപ്പിൾ എച്ചിന്റെ തീം സോങ്ങുമായി പടക്കങ്ങളുടെയും പൂത്തിരികളുടെയും അകമ്പടിയോടെയാണ് വരൻ വിവാഹപ്പന്തലിലേക്കു പ്രവേശിച്ചത്. ലഹോറിൽ നടന്ന ചടങ്ങിൽ ഒട്ടേറെപ്പേർ അതിഥികളായി എത്തിയിരുന്നു. ട്രിപ്പിൾ എച്ചിനെപ്പോലെ

പോസ് ചെയ്യാനും വായിൽ വെള്ളമെടുത്ത് വായുവിലേക്കു ചീറ്റി ട്രേഡ്മാർക് വെല്ലുവിളി നടത്താനും അഹ്മർ മറന്നില്ല. ഗോദയിലെ കയർവടത്തിനു പകരം നീളത്തിലുള്ള മാലയായിരുന്നു വരന് ചാടിക്കടക്കാൻ തയാറാക്കിയിരുന്നത്.

വിഡിയോ സോഷ്യൽ മീഡിയയിലൂടെ പറക്കാൻ തുടങ്ങിയതോടെ അഹ്മർ പെട്ടന്ന് പ്രശസ്തനായി. പത്തുലക്ഷത്തിലധികംപേരാണ് വിഡിയോ കണ്ടത്. അങ്ങനെ എത്തി എത്തി വിഡിയോ ട്രിപ്പിൾ എച്ചിന്റെ അടുത്തും എത്തി. സംഗതി ആസ്വദിച്ച അദ്ദേഹം ട്വിറ്ററിലെത്തി രസികൻ മറുപടി നൽകാനും മറന്നില്ല. വിവാഹ എൻട്രി ഇങ്ങനെയെങ്കിൽ, ഈ വരന്റെ ഹണിമൂൺ എങ്ങനെയിരിക്കുമെന്ന് ആലോചിച്ചുപോകുകയായിരുന്നു!.. ട്രിപ്പിൾ എച്ച് ട്വീറ്റ് ചെയ്തു.