അയ്യോ പാവം പ്രേതം, പേടിപ്പിക്കാൻ നോക്കി പണി മേടിച്ചു!

കിളവന് ഉന്നമില്ലാതിരുന്നതുകൊണ്ട് രക്ഷപട്ടു എന്ന് കിലുക്കത്തിൽ ജഗതി പറയുന്ന സീൻ മറന്നുകാണില്ലല്ലോ? സമാനമായ സംഭവം നടന്നത് പാവം പ്രേതത്തിന് നേരെയായിരുന്നു, പിന്നെ പ്രേതത്തിന് ഭാഗ്യം ഉള്ളത് കൊണ്ട് രക്ഷപെട്ടു, അത്ര തന്നെ!!രസകരമായ വിഡിയോകൾ സൃഷ്ടിച്ചെ‌ടുത്ത് അതു യൂട്യൂബില്‍ പങ്കുവച്ചു ഹിറ്റുകൾ വാരിക്കൂട്ടുന്നതിൽ വിരുതന്മാരാണ് വിദേശികൾ. മറ്റുള്ളവരെ കളിയാക്കുന്നതും ചിരിപ്പിക്കുന്നതും വട്ടുപിടിക്കുന്നതുമായ ധാരാളം വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. ചിലർക്കിതൊരു ക്രൂരവിനോദം തന്നെയാണ്. ഇവിടെ പക്ഷേ താൻ കുഴിച്ച കുഴിയില്‍ താൻ തന്നെ എന്ന പഴഞ്ചൊല്ല് ഓർമ്മിപ്പിക്കുമാറാണ് സംഭവം നടന്നത്. മറ്റൊന്നുമല്ല വഴിയെ കാണുന്നവരെ പ്രേതത്തിന്റെ രൂപത്തിൽ വന്നു പേടിപ്പിക്കാനാണ് സീരിയൽ പ്രാങ്കസ്റ്റർ ആയ വ്ളാഡ്മിർ സാപേവ് എന്ന യുവാവ് ശ്രമിച്ചത്. പക്ഷേ കിട്ടിയതോ എട്ടിന്റെ പണിയും.

പച്ചപ്പാതിരയിലാണ് വ്ളാഡ്മിർ തന്റെ പ്രേതക്കളിയുമായി ഇറങ്ങിയത്. കാൽനടയാത്രക്കാർ ആരെങ്കിലും വരുന്ന നിമിഷം മുന്നിലേക്കു ചാടി പേടിപ്പിച്ചു രസിക്കാനായിരുന്നു കക്ഷിയുടെ ശ്രമം. പക്ഷേ സംഭവിച്ചതോ? വ്ളാഡ്മിർ മുന്നിലേക്കു ചാടിയയുടൻ എതിരെ വന്ന യുവാവ് ഇടിച്ചു പരത്തുകയും തോക്കെടുത്തു വെടിവയ്ക്കുകയും ചെയ്തു. പക്ഷേ വ്ളാഡ്മിറു‌ടെ ഭാഗ്യമെന്നു പറയട്ടെ അതൊരു ഉണ്ടയില്ലാ തോക്കായിരുന്നു, കുറച്ചുകൂടി വ്യക്തമാക്കി പറ‍ഞ്ഞാൽ ഒരു എയര്‍ഗൺ. തോക്കു ചൂണ്ടിയപ്പോൾ ഇതോ‌ടെ തന്റെ ജീവിതം അവസാനിച്ചുവെന്നാണ് കരുതിയതെന്നും ഭാഗ്യവശാൽ അതൊരു എയർഗൺ ആയിരുന്നുവെന്നും വ്ളാഡ്മിർ പിന്നീടു പറഞ്ഞു. പെട്ടെന്നുണ്ടായ മൽപ്പിടുത്തത്തിൽ വ്ളാഡ്മിറിനു നിസാരമായ പരിക്കു പറ്റിയിട്ടുണ്ട്.

മറ്റുള്ളവരുടെ നിസഹായതയെ ചിത്രീകരിച്ച് അതു പരസ്യമാക്കി ആസ്വദിക്കുന്നവർക്കു ഇതല്ല, ഇതിനപ്പുറം തന്നെ കിട്ടണ്ടേ?