വിഷാദമൊഴിയാൻ ഒരു കിടിലൻ മന്ത്രം!

എത്ര നൊന്താലും പിടഞ്ഞാലും ഭൂമിയോളം ക്ഷമിക്കാൻ കഴിയുന്നവരാണ് സ്ത്രീകൾ. ഇങ്ങനെ ക്ഷമ ഒരു ശീലമെന്നോണം ഒപ്പംകൊണ്ടു നടക്കുന്ന അമ്മമാർക്ക് ഒരു നല്ല വാർത്തയുണ്ട്. ക്ഷമാശീലരായ സ്ത്രീകളിൽ വിഷാദത്തിനു സാധ്യത കുറാവാണത്രേ. പ്രായമായ സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

67നും അതിനു മുകളിലും പ്രായമുള്ള 1000 പേരെയാണ് നിരീക്ഷിച്ചത്. മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ സ്ത്രീകളിൽ വിഷാദം അകലുന്നതായി കണ്ടു. ഇനി അവർ ചെയ്ത തെറ്റുകളോടു മറ്റുള്ളവർ ക്ഷമിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ പുരുഷൻമാരിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല. പ്രായമേറിയ പുരുഷൻമാരിലാണ് വിഷാദരോഗം കൂടുതലായി കണ്ടെത്തിയത്.

സർവേയിൽ പങ്കെടുത്തവരോടെ അവരുടെ മതവിശ്വാസത്തെയും ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും കുറിച്ചാണ് തിരക്കിയത്. ഏജിങ് ആൻഡ് മെന്റൽ ഹെൽത് എന്ന പ്രസിദ്ധീകരണത്തിലാണ് നിരീക്ഷണങ്ങൾ വന്നിട്ടുള്ളത്. എന്തായാലും തന്റെ തെറ്റുകളോടു സ്വയം പൊറുത്തതുകൊണ്ടൊന്നും വിഷാദം അകലുകയില്ലെന്നും ഗവേഷകർ പറയുന്നു. മറ്റുള്ളവരോട് ക്ഷമിക്കാനുള്ള, അല്ലെങ്കിൽ ക്ഷമിക്കാൻ തയാറുള്ള മനസ്സ് അതാണ് ഫലം ചെയ്യുന്നത്. തലയിൽ വെള്ളിയുമണിഞ്ഞ് പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന അമ്മൂമ്മമാരുടെ മുഖത്തൊന്നു നോക്കുക.. ക്ഷമയുടെ ആയിരം നിറകുടങ്ങൾ തെളിഞ്ഞു വരുന്നതായി കാണാം!