കാമുകനോട് പിണങ്ങി, തകർത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന ഓഡി !

കാമുകനും പോയി, കാറും പോയി, കേസുമായി ഐലസാ.... ചൈനയിലെ ആ പെൺകുട്ടി ഇപ്പോൾ ഇങ്ങനെ പാടിനടക്കുന്നുണ്ടാവും...അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് കേട്ടിട്ടില്ലേ..‌? അതിനു സമാനമായ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ് അങ്ങു ചൈനയിൽ. എന്താണെന്നോ? ഇവിടെ കാമുകീ കാമുകന്മാരുടെ സൗന്ദര്യപ്പിണക്കം മൂലം ഇല്ലാതായത് ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു ഓഡി കാര്‍ ആണ്. കാമുകനോടുള്ള ദേഷ്യം മൂത്ത് സ്വന്തം കാർ തന്നെ കാമുകി തല്ലിത്തകര്‍ക്കുന്ന വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.

തീരെ മനസാക്ഷി ഇല്ലേ ഈ പെണ്ണിന് എന്നു തോന്നും വിഡിയോ കണ്ടാൽ. കാമുകനോടു പിണങ്ങി വന്ന് ഇഷ്ടികയും മറ്റു വസ്തുക്കളും വച്ച് ആഞ്ഞാഞ്ഞ് ഇടിക്കുകയാണ് അവൾ. ഓരോ ഇടിയിലും കാമുകനോടുള്ള ദേഷ്യത്തിന്റെ മൂർച്ഛയും കാണാം. തുടർന്ന് വഴിയേ പോയ യാത്രക്കാരാണ് പെൺകുട്ടിയുടെ ഭ്രാന്തുകണ്ട് പോലീസിനെ അറിയിക്കാൻ തീരുമാനിച്ചത്. പോലീസ് തക്കസമയത്തു വന്നതുകൊണ്ട് കാറിനു കൂടുതൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഏതാണ്ട് അഞ്ചുലക്ഷത്തിന്റെ നാശനഷ്ടം കാറിനു വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാലും ഇതിത്തിരി കടുപ്പം തന്നെയല്ലേ?