കല്യാണ രാവിന് അഴകായി മൈലാഞ്ചി മൊഞ്ച് 

Representative Image

ന്യൂജനറേഷന്റെ മുഖം മിനുക്കലിൽ കല്യാണാഘോഷവും ചിട്ടകളും അപ്പാടെ മാറി മറഞ്ഞു എങ്കിലും ഇന്നും മാറ്റം കൂടാതെ പിന്തുടരുന്ന ഒന്നാണ് മൈലാഞ്ചി ഇടൽ എന്ന ചടങ്. കൈകളിൽ മൈലാഞ്ചി ചോപ്പ് ഇല്ലാതെ വധു വിവാഹ പന്തലിൽ അപൂർണയാണെന്നാണ് ഒരു കൂട്ടം പേർ പറയുന്നത്. പണ്ടുകാലത്ത് മൈലാഞ്ചി ഇടൽ എന്നത് വിവാഹ ആചാരങ്ങളുടെ ഭാഗമായിരുന്നു എങ്കിൽ, ഇന്നത് വിവാഹ ആഘോഷത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഗമാണ്. 

അമ്മമാർ കല്ലിൽ അരച്ചെടുത്തിരുന്ന മൈലാഞ്ചി ഇലകളായിരുന്നു പണ്ട് മണവാട്ടിമാരുടെ കൈകളിൽ മൊഞ്ച് വിരിയിച്ചിരുന്നത് എങ്കിൽ ഇപ്പോഴത് ട്യൂബ് മൈലാഞ്ചികളാണ്. കൈകളിൽ വിരിയുന്നതാവട്ടെ അറബിക്, പേർഷ്യൻ ഡിസൈനുകളും. ഹിന്ദു - മുസ്‌ലിം വിവാഹങ്ങൾക്കാണ് കൂടുതലും മൈലാഞ്ചി നിർബന്ധമായിട്ടുള്ളത്. ഇടക്കാലത്ത് മൈലാഞ്ചിക്ക് പകരം ടാറ്റൂ സ്ഥാനം പിടിച്ചു എങ്കിലും പിന്നീടത് വിവാഹ മാർക്കറ്റിൽ ക്ലച്ച് പിടിക്കാതെ പടിയിറങ്ങി. 

ഇപ്പോൾ ബ്യൂട്ടി പാർലറുകളിൽ വിവാഹ പാക്കേജുകളുടെ ഭാഗമാണ് മെഹന്ദി അഥവാ മൈലാഞ്ചി ഇടൽ. മൈലാഞ്ചി ഇടൽ പ്രൊഫഷണലായി ചെയ്യുന്ന ആളുകളായിരിക്കും ഇതിനു നേതൃത്വം നൽകുന്നത്. കൈമുട്ട് വരെയും കാൽപാദങ്ങൾ നിറഞ്ഞുമാണ് സാധാരണയായി മൈലാഞ്ചി ഇടാറുള്ളത്. എന്നാൽ ചില മണവാട്ടികൾ മുട്ടുകള്‍ വരെ മൈലാഞ്ചി ഇടാറുണ്ട്. മൈലാഞ്ചിക്കൊപ്പം കാല്‍വിരലുകളിൽ മിഞ്ചി അഴക് കൂടിയാകുമ്പോൾ പിന്നെ പറയണ്ട, ബഹുകേമം.

മൈലാഞ്ചിയുടെ ഡിസൈനുകളിൽ ഇന്നത്തെ തലമുറക്ക് ഏറെ പ്രിയം അറേബ്യന്‍ സ്റ്റൈലിനോടാണ്. ഇന്ത്യന്‍ ഡിസൈനിങ്ങിനെ അപേക്ഷിച്ച് ഇത് ഇടാനും ഏറെ എളുപ്പമാണ്. അറേബ്യന്‍ ഡിസൈന്‍ കൂടാതെ ഉത്തരേന്ത്യന്‍, പാക്കിസ്ഥാനി, പേര്‍ഷ്യന്‍ എന്നിങ്ങനെ മൈലാഞ്ചിവരകളുടെ ഡിസൈനുകള്‍ക്കു രാജ്യങ്ങളുടെ വൈവിധ്യം ഇനിയുമേറെയുണ്ട്. രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ സമയമെടുത്താണ് മൈലാഞ്ചി മൊഞ്ചിൽ കൈകൾ മനോഹരമാക്കുന്നത്. 

മൈലാഞ്ചിയിടുമ്പോള്‍ നല്ല ചുവപ്പ് കിട്ടണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. അതിനാൽ  മൈലാഞ്ചിക്കോണുകളില്‍ വെറും മൈലാഞ്ചിയിലക്കൊപ്പം  നിറം കിട്ടാനായി യൂക്കാലി പോലുള്ള വസ്തുക്കളും ചേര്‍ക്കാറുണ്ട്. ചിലയിടങ്ങളിൽ മൈലാഞ്ചിയിടൽ ചടങ്ങിന്റെ ഭാഗമായി മൈലാഞ്ചി തൊട്ട് വധുവിന്റെ കയ്യിലെ വെറ്റിലയില്‍ തേയ്ക്കും. പിന്നെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യിലെ തളികയില്‍ പണം നിക്ഷേപിക്കും.

ചിലയിടങ്ങളിൽ നഖങ്ങളിലും മൈലാഞ്ചി ചോപ്പ്  സ്ഥാനം പിടിക്കും. എന്നാൽ ഇപ്പോൾ നെയിൽ പോളിഷ് കൂടുതലായി ഉപയോഗിക്കപ്പെടുന്നു. കാരണം, നഖത്തിലെ മൈലാഞ്ചി അത്രപെട്ടെന്നു പോവില്ല എന്നതു തന്നെ. സംഭവം എന്തായാലും, പെരുന്നാളിന് എന്ന പോലെതന്നെ കല്യാണങ്ങൾക്കും മൈലാഞ്ചി ഒരു അവിഭാജ്യ  ഘടകമായി എന്നേ മാറിക്കഴിഞ്ഞു.

Read More: Wedding, Lifestyle