ഇങ്ങനെ വേണം മണവാട്ടിയൊരുക്കം

Representative Image

പെണ്ണെ..പെണ്ണെ...നിൻ കല്യാണമായ്...അതെ..കല്യാണമായി എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടു തന്നെ വേണം മണവാട്ടി അതിനുള്ള ഒരുക്കങ്ങൾ നടത്താൻ. പണ്ടത്തെ പോലെ, പെണ്ണുകാണൽ, നിശ്ചയം , കല്യാണം തുടങ്ങിയ മൂന്നു ചടങ്ങുകൾ കൊണ്ടു തീരുന്നതല്ല ഇന്നത്തെ കല്യാണാഘോഷങ്ങൾ. ഇവയ്ക്കു പുറമെ, ഹാൽദി, മെഹന്ദി , റിസ്പഷൻ തുടങ്ങി ചടങ്ങുകൾ നിരവധി. കാര്യം, വിവാഹം വധുവിനെയും വരനെയും  ഒരുപോലെ ബാധിക്കുന്ന കാര്യമാണ് എങ്കിലും ചടങ്ങിലെ താരം എന്നും മണവാട്ടി തന്നെയാണ്. 

ഓരോ ചടങ്ങിലും വ്യത്യസ്തമായിരിക്കാനാണ് മണവാട്ടി ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതിനായി വ്യത്യസ്തമായ വസ്ത്രധാരണ രീതികൾ തെരഞ്ഞെടുക്കാം. സാരിയെ കല്യാണവസ്ത്രമായി മാത്രം ഒതുക്കാം. മറ്റു ചടങ്ങുകൾക്ക്, ലാച്ച , ലഹംഗ എന്നിവയെ പരിഗണിക്കാം. സാരിയായാലും ഏതു കല്യാണ വസ്ത്രമായാലും ചില്ലി റെഡും, പിങ്കും, ഗോള്‍ഡനും, മെറൂണും റോസുമൊക്കെയാണ് ഇന്നത്തേക്കാലത്തെ പ്രധാന ട്രെൻഡ്.

മണവാട്ടി അടുത്തതായി ശ്രദ്ധിക്കേണ്ടത് മേക്കപ്പിന്റെ കാര്യത്തിലാണ്. മേക്കപ്പ് വേണം, എന്നാൽ അമിതമാകരുത്.  മിനിമലിസ്റ്റിക് ലുക്ക് ആണ് മേക്കപ്പിലെ പുതിയ രീതി. ഇതനുസരിച്ച് ഒരുക്കാൻ ബ്യൂട്ടീഷ്യനോട്‌ പ്രത്യേകം പറയുക. നമ്മുടെ ചര്‍മ്മത്തിന് യോജിക്കുന്ന ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കുക. ഐ ഷാഡോ ഇട്ടു കണ്ണുകൾ മനോഹരമാക്കാൻ  ന്യൂട്രല്‍ നിറങ്ങള്‍ ഉപയോഗിക്കാം.പിങ്ക്, കോറല്‍ നിറങ്ങളിലുള്ള ഐഷാഡോയാകാം.

നിങ്ങൾ ട്രഡീഷണല്‍ വസ്ത്ര ധാരണരീതിയാണ് സ്വീകരിക്കുന്നത് എങ്കിൽ കവിള്‍ത്തടങ്ങൾ മൃദുലവും തിളക്കമുള്ളതുമാവണം. കട്ടിയില്‍ കണ്ണെഴുതി മസ്‌കാര ഇടാം. വസ്ത്രത്തിന്റെയും ശരീരത്തിന്റെയും നിറത്തിനു യോജിക്കുന്ന രീതിയിലുള്ള ലിപ്സ്റ്റിക്ക് ഇടാവുന്നതാണ്. വാട്ടര്‍പ്രൂഫ് മേക്കപ്പും എയര്‍ ബ്രഷ് മേക്കപ്പും ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം. കല്യാണം അടുക്കുമ്പോള്‍ മാത്രം ഫിറ്റനസിനെ കുറിച്ച് യാതൊരു കാര്യവുമില്ല.   ചിട്ടയോടെയല്ലാത്ത ഡയറ്റിംഗും മറ്റും ശരീരം ക്ഷീണിക്കാന്‍ കാരണമാകും.അതിനാൽ ഫിറ്റ്നസ് ശ്രമങ്ങൾ കല്യാണാലോചന തുടങ്ങുന്ന സമയത്തു തന്നെ ചെയ്യുക.

അടുത്തത് ആഭരണങ്ങളുടെ കാര്യമാണ്. വെള്ളയും ഗോള്‍ഡനും വരുന്ന ഗൗണിനൊപ്പം ഡയമണ്ടിന്റെ ഒരു മാല മാത്രം മതി വധുവിനെ രാജകുമാരിയാക്കാൻ. മിനിമം ആഭരണങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്.ആഭരണങ്ങളോടു ഭ്രമം ഉണ്ടെന്നു കരുതി വസ്ത്രങ്ങൾക്കു ചേരാത്ത രീതിയിൽ ആഭരണങ്ങൾ വാരിവലിച്ചിടുന്നത് മോശമാണ്. വിവാഹ ദിനത്തിൽ വധുവിനെ അലങ്കോലമാക്കാനേ ഇത് ഉപകരിക്കൂ. 

ഇനി പ്രധാനം ഹെയർസ്റ്റൈലിങ് ആണ്. എണ്ണമയമില്ലാത്ത മുടിയാണ് ഒരു മണവാട്ടിക്കു വേണ്ടത്. മുടി പിന്നിയിടുന്നതും പുട്ട് അപ് ചെയ്യുന്നതുമൊക്കെ ഏറെ സ്വീകരിക്കപ്പെട്ട സ്റ്റൈലുകളാണ്. ഇതൊന്നും പറ്റില്ലെങ്കിൽ മുടി മുന്നില്‍ ഉയര്‍ത്തി പഫ് ചെയ്ത് കെട്ടാം.എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക, ഓരോ വ്യക്തിയുടെയും മുഖത്തിനു ചേരുന്ന രീതിയിലാവണം ഹെയർസ്റ്റൈൽ തീരുമാനിക്കേണ്ടത്.

ഇത്രയൊക്കെ ശ്രദ്ധിച്ചാൽ, സ്റ്റേ കൂൾ, നിങ്ങൾ കിടിലൻ മണവാട്ടി തന്നെ, തീർച്ച !

Read More: Wedding, Trending