സ്റ്റൈലിസ്റ്റ് തന്നെ വധുവായാലോ?, ആ ഒരുക്കങ്ങൾ ഇങ്ങനെ

സ്റ്റൈലിസ്റ്റ് ലക്ഷ്മി

വിവാഹത്തിനൊരുങ്ങുന്ന ഏതൊരു പെൺകുട്ടിക്കുമുണ്ടാകും D dayയിലെ ഒരുക്കങ്ങളെക്കുറിച്ചുള്ള ഒരായിരം സങ്കൽപങ്ങൾ. സാരി, സാരിയുടെ നിറം, ബ്ലൗസ്, പാറ്റേൺ, ഹെയർസ്റ്റൈൽ, മേക്ക് അപ് തുടങ്ങി ഒരുപിടികാര്യങ്ങളിൽ പലവിധ ആഗ്രഹങ്ങൾ. അപ്പോഴും സംശയം ബാക്കിനിൽക്കും – ഇതു തന്നെയാണോ മികച്ച രീതിയിൽ തനിക്കു ചേരുന്നത്, ഈ നിറം, ഈ സ്റ്റൈൽ അനുയോജ്യമാണോ? ഇതിനെല്ലാം ഉത്തരം നൽകുന്നയാളാണ് സ്റ്റൈലിസ്റ്റ്. അപ്പോൾ സ്റ്റൈലിസ്റ്റ് തന്നെ വധുവാകുമ്പോഴോ. ഒട്ടേറെ മണവാട്ടികളുടെ വിവാഹ സ്റ്റൈലിസ്റ്റായിട്ടുണ്ട് ബ്യൂട്ടി കൺസൽറ്റന്റായ ലക്ഷ്മി ബാബു. ഫാഷൻ ബ്ലോഗറുമാണ് (The Urban Goddess) ലക്ഷ്മി. സ്വന്തം വിവാഹത്തിനു വേണ്ടി നടത്തിയ ഒരുക്കങ്ങളെക്കുറിച്ചും വ്യത്യസ്തമായ സ്റ്റൈലിങ് അനുഭവത്തെക്കുറിച്ചും ലക്ഷ്മി ബാബു പറയുന്നു.

ട്രഡീഷനൽ റോയൽ ലുക്ക്

വിവാഹ വസ്ത്രം ട്രഡീഷനൽ വേണമെന്നു നിർബന്ധമുണ്ടായിരുന്നു. വിവാഹത്തിനുള്ള ഒരുക്കത്തിൽ മുൻഗണന നൽകിയത് സാരിക്കും ബ്ലൗസിനും. ഡീപ് മെറൂൺ നിറത്തിലുള്ളതായിരുന്നു വിവാഹസാരി. റോയൽ ലുക്കിനായാണ് ഈ നിറം തിരഞ്ഞെടുത്തതും. കാഞ്ചീപുരം സാരിയിൽ അന്റിക് ഗോൾഡ് നിറത്തിലുള്ള മാറ്റ് ഫിനിഷ് നൽകി. കാഞ്ചീപുരം വീവ്സിൽ ഒരു ഭാഗം ബ്രൊക്കേഡും മറ്റൊരു ഭാഗം ടിഷ്യുവും വരുന്ന വിധത്തിലാണ് സാരി ഡിസൈൻ ചെയ്തത്. കസ്റ്റമൈസ്ഡ് ബ്ലൗസ് ഒരുക്കിയത് എറണാകുളം ശീമാട്ടിയാണ്.  

റോയൽ ലുക്കിനായി ബ്ലൗസിൽ സാരിയുടെ അതേ നിറത്തിലുള്ള വെൽവെറ്റ് ഫാബ്രിക്കാണ് നൽകിയത്. സ്‌ലീവ്സിൽ മെറ്റൽ സർദോസി, ത്രെഡ് എംബ്രോയ്ഡറി വർക്ക് ചെയ്ത വെങ്കിടേശ്വര രൂപത്തിലുള്ള മോട്ടിഫ് ചെയ്തു. ഡിസൈൻ വർക്ക് ബാലൻസ് ചെയ്യാനായി സാരിയിൽ വലിയ വർക്കുകൾ കൊണ്ടുവരാതെ ബ്ലൗസിൽ കൂടുതൽ ഡീറ്റെയ്‌ലിങ് നൽകുകയായിരുന്നു. വരന്റെ ചൈനീസ് കോളറുള്ള ഷർട്ടിനായി തിരഞ്ഞെടുത്തതു പട്ടിൽ നെയ്തെടുത്ത ഫാബ്രിക്കായിരുന്നു. സിൽവർ, ഗോൾഡൻ നിറത്തിലുള്ള കസവു വരുന്ന മുണ്ട് ബാലരാമപുരത്തു നിന്നു പ്രത്യേകം ചെയ്യിപ്പിച്ചെടുത്തു.  

മിനിമൽ ജ്വല്ലറി

ആഭരണങ്ങളുടെ കാര്യത്തിൽ മിനിമൽ ലുക്ക് ആയിരുന്നു. സാരിക്കു ചേരുന്ന വിധത്തിൽ ഫിനിഷ് ഉള്ള ഗോള്‍ഡ് ജ്വല്ലറിയാണു തിരഞ്ഞെടുത്തത്. റൗണ്ട് ഷെയ്പ്പിൽ ഹാങ്ങിങ് വരുന്ന മൂക്കുത്തി പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചു. വിവാഹ വേദി മുഴുവനായും പൂക്കൾ കൊണ്ടാണ് അലങ്കരിച്ചത്. വസ്ത്രത്തോടു യോജിച്ചുപോകുന്ന വിധത്തിൽ മഞ്ഞ, ഒാറഞ്ച് നിറത്തിലുള്ള ജമന്തി പൂക്കൾ ഉപയോഗിച്ചു. എന്റെ കമ്മലിൽ പച്ച നിറമുള്ളതുകൊണ്ടു വേദിയുടെ പശ്ചാത്തലം വെറ്റില കൊണ്ടാണ് അലങ്കരിച്ചത്. വിവാഹത്തിനു തുളസിമാലയും ഉപയോഗിച്ചു. 

മേക്ക് അപ് / ഹെയർസ്റ്റൈൽ

എച്ച്ഡി  മെയ്ക്ക്അപ്പാണ് ചെയ്ത്.  എന്റെ സ്കിൻടോൺ അനുസരിച്ചും ലോങ് ലാസ്റ്റിങ് ആയി നിൽക്കുന്ന വിധത്തിലുമാണ് ചെയ്തത്. ഫ്രെഷ് ആയി നിൽക്കാൻ മാർബിൾ ഫിനിഷും നൽകി. മുടി പിന്നിയിടുകയായിരുന്നു. മുടിയിൽ മുല്ലപ്പുവിനോടൊപ്പം  സാരിയുടെ അതേ കളറിലുള്ള റോസ് പൂ ഇതളുകളുടെ ഒരു നിരയുമുണ്ടായിരുന്നു. 

സ്റ്റൈലിങ് 100%

സ്വന്തം കല്യാണമാണോ മറ്റുള്ളവർക്കു വേണ്ടിയാണോ എന്ന വ്യത്യാസമൊന്നും സ്റ്റൈലിങ്ങിന്റെ കാര്യത്തിലില്ല. ആർക്കു വേണ്ടിയായാലും മനസ്സുകൊണ്ടാണ് സ്റ്റൈലിങ് ചെയ്യുന്നത്. അത് ഏറ്റവും ഭംഗിയാകണം എന്ന ഒറ്റ ലക്ഷ്യത്തോടെ ആത്മാർഥമായാണ് ഓരോ വർക്കും ചെയ്യുന്നത്. പിന്നെ എന്റെ വിവാഹമെത്തിയപ്പോൾ ഒരു പ്രത്യേതകയുണ്ടായിരുന്നു. എന്റെ ഇഷ്ടങ്ങൾ എനിക്കു കൃത്യമായി അറിയാം എന്നതായിരുന്നു പ്ലസ് പോയിന്റ്. അതുകൊണ്ടു തന്നെ എനിക്കു വേണ്ട സാധനങ്ങൾ തിരഞ്ഞെടുക്കാൻ എളുപ്പമായിരുന്നു.  

പലർക്കും വിവാഹ വസ്ത്രത്തിനും ഡിസൈനിങ്ങിനുമായി ഒരുപാടു പേരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടി വരാറുണ്ട്. പല സാധങ്ങളും എവിടെ കിട്ടും എങ്ങനെ ഡിസൈൻ ചെയ്യിക്കും, ആരും ചെയ്യും എന്നിങ്ങനെ സംശയിക്കുന്നതും കണ്ടിട്ടുണ്ട്. സ്റ്റൈലിസ്റ്റ് ആയതുകൊണ്ട് ഇത്തരം കാര്യങ്ങൾ  എളുപ്പമായി. എന്തു വേണമെന്നും എവിടെ നിന്നു വേണമെന്നും കൃത്യമായ നിശ്ചയമുണ്ടായിരുന്നു. ഈ മേഖലയിലെ പരിചയം വച്ച് അതിനായി ഏറെ അലയേണ്ടി വന്നില്ല. ഫോട്ടോഗ്രഫർ, ബ്യൂട്ടീഷൻ ആരു വേണമെന്നു തുടങ്ങി വിവാഹവേദി എങ്ങനെയാകണമെന്ന കാര്യത്തിൽ വരെ തീരുമാനമുണ്ടായിരുന്നു. 

Read more: Lifestyle Malayalam Magazine