സമാന്ത ഇനി ചൈതന്യക്കു സ്വന്തം, വിവാഹചിത്രങ്ങൾ കാണാം

സമാന്തയും നാഗചൈതന്യയും വിവാഹ ചടങ്ങുകൾക്കിടെ

ആരാധകർ കാത്തിരുന്ന ആ സ്വപ്നതുല്യമായ വിവാഹത്തിന് ഗോവ ഇന്നലെ സാക്ഷിയായി. തെന്നിന്ത്യയിലെ മിന്നുംതാരം സമാന്ത പ്രഭുവിന്റെ കഴുത്തിൽ തെലുഗു സൂപ്പർ സ്റ്റാർ നാഗാർജുനയുടെ പുത്രനും നടനുമായ നാഗചൈതന്യ മിന്നുചാർത്തി. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചൈതന്യയുടെ മുത്തശ്ശിയുടെ വർഷങ്ങൾ പഴക്കമുള്ള വിവാഹസാരിയിൽ സമാന്ത സുന്ദരിയായപ്പോൾ എത്‌നിക് വെയറിൽ നാഗചൈതന്യയും കിടിലന്‍ ലുക്കിലെത്തി. 

മഹേഷ് ബാബു, ചിരഞ്ജീവി, അല്ലു അർജുൻ, രാം ചരൺ, തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. ആറുമുതൽ എട്ടുവരെ ഗോവയിൽ വച്ചു നടക്കുന്ന വിവാഹ മാമാങ്കത്തിന് പത്തുകോടിയിലേറെ ചിലവാണ് കണക്കാക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വിവാഹത്തിനു ശേഷം ഹൈദരാബാദിൽ വച്ചു ഗംഭീരമായ റിസപ്ഷനും നടത്തുന്നുണ്ട്. കാത്തലിക് വിവാഹവും ഹിന്ദു വിവാഹവും വെഡ്ഡിങ് റിസപ്ഷനുമാണ് പ്രധാന ചടങ്ങുകൾ. ‌‌

ചർച്ച് വെഡ്ഡിങ്ങിന് ഗൗണും ഹിന്ദു റിസപ്ഷന് ഡിസൈനര്‍ ഔട്ട്ഫിറ്റുമാണ് താരം ധരിക്കുന്നത്. മനസ്സില്‍ തങ്ങളുടെ വിവാഹം എപ്പോഴേ കഴിഞ്ഞെന്നാണ് സമാന്ത അടുത്തിടെ പറഞ്ഞത്. കല്ല്യാണത്തിനു ശേഷവും സമാന്ത അഭിനയം തുടരുമെന്ന് ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യചിത്രം പൂർത്തിയാകും മുമ്പെ തന്നെ ഇരുവർക്കും ഇടയിൽ പ്രണയം മൊട്ടിട്ടിരുന്നു. പിന്നീട് വർഷങ്ങളോളം പ്രണയിച്ചതിനു ശേഷം ഹൈദരാബാദില്‍ വച്ചാണ് ആര്‍ഭാടമായുള്ള വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ നടന്നത്. 

Read more: Lifestyle Malayalam Magazine