വെഡിങ് സീസൺ അവസാനിച്ചുവെന്നു സമാന്ത; കിടിലൻ റിസപ്ഷൻ ഫോട്ടോകൾ

ഹൈദരാബാദില്‍ വച്ചു നടത്തിയ റിസപ്ഷനിടെ സമാന്തയും നാഗചൈതന്യയും

'നാല്‍പതോളം ദിവസങ്ങൾ, നൂറോളം വിരുന്നുകൾ, ആ വെഡിങ് സീസൺ ഇതോടെ അവസാനിക്കുകയാണ്.' റിസപ്ഷന്‍ ഫോട്ടോകൾ പങ്കുവെക്കുന്നതിനൊപ്പം നടി സമാന്ത റൂത് പ്രഭു പങ്കുവച്ച കാപ്ഷനാണിത്. ഹൈദരാബാദിൽ വച്ചു കഴിഞ്ഞ ദിവസം നടന്ന ഗ്രാന്റ് റിസപ്ഷനോടെയാണ് സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹ ആഘോഷങ്ങൾക്കു വിരാമമായത്. ചിരഞ്ജീവി, വെങ്കടേഷ്, രാംചരൺ, അല്ലു അര്‍ജുൻ, റാണ ദഗ്ഗുബതി തുടങ്ങി സിനിമാ രംഗത്തെ പ്രശസ്തർ റിസപ്ഷനിൽ പങ്കെ‌ടുത്തിരുന്നു. 

മനോഹരമായ ലാവെൻഡർ നിറത്തിലുള്ള ഗൗണിൽ സമാന്ത കൂടുതൽ സുന്ദരിയായെത്തിയപ്പോൾ അതിനു ചേരുന്ന നീലനിറത്തിലുള്ള സ്യൂട്ടിൽ നാഗചൈതന്യയും സൂപ്പർ ലുക്കിലെത്തി. വിവാഹം നടന്ന് ഒരുമാസത്തിനിപ്പുറമാണ് തെലുഗു സിനിമാ ലോകത്തെ താരങ്ങള്‍ക്കും രാഷ്ട്രീയ ബിസിനസ് മേഖലകളിലെ വ്യക്തിത്വങ്ങൾക്കുമെല്ലാമായി അക്കിനേനി കടുംബം ഹൈദാരാബാദിൽ ആർഭാടമായ റിസപ്ഷൻ സംഘടിപ്പിച്ചത്. 

ഇക്കഴിഞ്ഞ ഒക്ടോബർ ആറിനാണ് സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. മൂന്നു ദിവസത്തോളം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങളായിരുന്നു ഗോവയിൽ നടന്നത്.  ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും രണ്ടു വിവാഹങ്ങളായാണ് നടന്നത്. രണ്ടു വിവാഹങ്ങൾ, അതും രണ്ടു മതാചാരപ്രകാരം. സമാന്ത– നാഗചൈതന്യ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു. 

വിവാഹശേഷം ലണ്ടനിലേക്കു ഹണിമൂണിനായി പറന്ന ഇരുവരും വന്നയു‌ടനെ ചെന്നൈയിൽ വച്ചു മറ്റൊരു റിസപ്ഷനും നടത്തിയിരുന്നു. 2010ല്‍ യേ മായാ ചെസാവേ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കവേയാണ് സമാന്തയും നാഗചൈതന്യയും പ്രണയത്തിലായത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam