'കല്യാണം മുടക്കികള്‍ അറിയുന്നുണ്ടല്ലോ, ഞങ്ങൾ വിവാഹിതരായി'

രഞ്ജിഷും സരിഗമയും

മാട്രിമോണിയൽ സർവീസുകളും ബ്രോക്കര്‍മാരും ഒന്നും വിചാരിച്ചു ഫലം ചെയ്യാതെ വന്നപ്പോൾ മലപ്പുറം മഞ്ചേരി സ്വദേശിയും ഫൊട്ടോഗ്രഫറുമായ രഞ്ജിഷ് മഞ്ചേരി സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റിട്ടു. വധുവിനെ ആവശ്യമുണ്ട്. 'എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല. അന്വേഷണത്തിലാണ്. പരിചയത്തിലാരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം. ജോലി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍, ഡിമാന്റുകളില്ല. ഹിന്ദു, ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹം കഴിഞ്ഞ സഹോദരിയുമുണ്ട്.' ഇതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. തന്റെ നേട്ടങ്ങളും കുറവുകളും ഒക്കെ വിവരിച്ചു കഴിഞ്ഞ ജൂൺ മാസത്തിൽ കക്ഷിയിട്ട പോസ്റ്റിനൊടുവിൽ ഫലപ്രാപ്തിയായി. ആലപ്പുഴ സ്വദേശിനിയും അധ്യാപികയുമായ സരിഗമ രഞ്ജിഷിന്റെ ഭാര്യയായി. ഏപ്രിൽ 18  നു ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

സമൂഹമാധ്യമത്തിലൂടെ മാട്രിമോണിയൽ എന്ന ആശയത്തിനു തുടക്കം കുറിച്ച രഞ്ജിഷ് , തന്റെ കല്യാണ വിശേഷങ്ങൾ മനോരമൺലൈനിനോടു പങ്കുവയ്ക്കുന്നു.

വധുവിനെ ആവശ്യമുണ്ട് , എന്ന പോസ്റ്റ് ഇടാനുള്ള കാരണം എന്തായിരുന്നു?

വയസ്സ് 34  ആയി, ഏഴു വർഷമായി നടക്കുന്ന കല്യാണ ആലോചനകൾ ഒന്നും ശരിയാകുന്നില്ല. ജാതക പ്രശ്നങ്ങൾ ഒരു വശത്ത്, കല്യാണം മുടക്കികളുടെ സേവനം മറുവശത്ത്. ഒടുവിൽ ഒരു ഗത്യന്തരം ഇല്ലാതെ വന്നപ്പോൾ ഏറ്റവും അടുത്ത സുഹൃത്തും ഞാൻ ഏറെ ബഹുമാനിക്കുന്നതുമായ ഒരു വ്യക്തിയാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്. ആദ്യം എനിക്ക് അതിൽ ഒട്ടും തന്നെ താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ നിർബന്ധത്തെ തുടർന്നാണ് ഞാൻ പോസ്റ്റ് ഇട്ടത്. ആ സമയത്ത് എന്റെ സുഹൃദ് വലയത്തിലും മറ്റുമായി പ്രായമായിട്ടും വിവാഹം നടക്കാത്ത ഒത്തിരിപേർ ഉണ്ടായിരുന്നു. എല്ലാവരുടെയും കൂടി പ്രോത്സാഹനം ആയപ്പോൾ ഞാൻ ആ പോസ്റ്റ് ഇട്ടു. ഇട്ട അടുത്ത നിമിഷം മുതൽ പോസ്റ്റ് ഫലം കണ്ടു തുടങ്ങി എന്നതാണ് വാസ്തവം.

ആലപ്പുഴ സ്വദേശിനിയും അധ്യാപികയുമായ സരിഗമ രഞ്ജിഷിന്റെ ഭാര്യയായി. ഏപ്രിൽ 18  നു ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു...

ആഗ്രഹിച്ചതു പോലെ ഒരുപാട് കല്യാണാലോചനകൾ വന്നോ? 

തീർച്ചയായും. പലരും എന്നെപ്പറ്റി നേരിട്ട് അന്വേഷിച്ചു. ചില പെൺകുട്ടികൾ നേരിട്ടു വിളിച്ചു. ചിലരുടെ മാതാപിതാക്കൾ വിളിച്ചു സംസാരിച്ചു. പരിചയത്തിലുള്ളവർ അവരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവാഹാലോചനയുമായി മുന്നോട്ടു വന്നു. എന്തിനേറെ പറയുന്നു ചില പ്രൊഫഷണൽ മാട്രിമോണിയൽ നിന്നും വിളിച്ച് അവരുടെ ബിസിനസ് ഇല്ലാതാക്കരുത് എന്നുവരെ പറഞ്ഞു. ബ്രോക്കർമാരും ധാരാളമായി വിളിച്ചിരുന്നു. 

ഈ കൂട്ടത്തിൽ നിന്നും എങ്ങനെയാണ് സരിഗാമയെ ജീവിത പങ്കാളിയായി കണ്ടെത്തുന്നത്? 

അവിടെയാണ് ജീവിതത്തിലെ മറ്റൊരു ട്വിസ്റ്റ് ഒളിഞ്ഞിരുന്നത്. പോസ്റ്റ് കണ്ടാണ് ആലപ്പുഴ എസ്എൻ കോളേജിൽ അധ്യാപികയായ സരിഗമ എന്നെ വിളിക്കുന്നത്. എന്നാൽ സരിഗമ വിളിച്ചത്, തന്റെ സുഹൃത്തായ ടീച്ചർക്ക് കല്യാണം ആലോചിക്കാൻ വേണ്ടിയായിരുന്നു. അതുപ്രകാരം ഞാൻ ആ ടീച്ചറുമായി സംസാരിച്ചു. എന്നാൽ ആലപ്പുഴ സ്വദേശിനിയായ അവർക്ക് മലപ്പുറത്തേക്കു വരാനുള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോൾ ആ കല്യാണാലോചന വേണ്ടെന്നു വയ്ക്കുകയായിരുന്നു. അപ്പോഴേക്കും സരിഗമയുമായി അത്യാവശ്യം നല്ല സൗഹൃദത്തിൽ ആയിരുന്നു ഞാൻ. ഒടുവിൽ ഫോൺ വയ്ക്കുമ്പോൾ, ശരി എന്നാൽ ഞാൻ ഇനി എന്റെ കല്യാണത്തിന് വിളിക്കാം. അപ്പോൾ വരണം , എന്ന് സരിഗമ പറഞ്ഞപ്പോഴാണ് അവൾ വിവാഹിത അല്ല എന്ന് എനിക്കു മനസിലായത്. അതുവരെ അവരുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രത്തിൽ ഒപ്പം ഒരു കുട്ടി ഉണ്ടായിരുന്നതിനാൽ വിവാഹിതയും അമ്മയും ആണ് എന്നാണ് ഞാൻ കരുതിയിരുന്നത്. സരിഗമ വിവാഹിതയല്ല എന്നറിഞ്ഞതോടെ ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കാര്യം പറഞ്ഞപ്പോൾ സരിഗമയ്ക്കും സമ്മതം , സെപ്റ്റംബറിൽ വിവാഹം ഉറപ്പിച്ചു. അങ്ങനെയാണ് സുഹൃത്തിനു വേണ്ടി കല്യാണം ആലോചിച്ച സരിഗമ എന്റെ വധുവാകുന്നത്. 

പോസ്റ്റ് കണ്ടാണ് ആലപ്പുഴ എസ്എൻ കോളേജിൽ അധ്യാപികയായ സരിഗമ എന്നെ വിളിക്കുന്നത്. എന്നാൽ സരിഗമ വിളിച്ചത്...

കഴിഞ്ഞ ജൂൺ മാസത്തിലാണ് വധുവിനെത്തേടി പോസ്റ്റ് ഇട്ടത്, സെപ്റ്റംബറിൽ വധുവിനെ കിട്ടി, വിവാഹം ഏപ്രിൽ വരെ വൈകാനുള്ള കാരണം ?

സരിഗമ ഗസ്റ്റ് ലക്ച്ചറർ ആയാണ് ജോലി ചെയ്യുന്നത്. അപ്പോൾ കോൺട്രാക്ട് പിരിയഡ് കഴിയാൻ മാർച്ച് 31  വരെ സമയം വേണമായിരുന്നു. വിവാഹത്തിനായി ജോലി വേണ്ടെന്ന് വയ്ക്കുന്നത് ശരിയായി തോന്നിയില്ല. വിവാഹം കഴിഞ്ഞു മലപ്പുറത്തു നിന്നും ആലപ്പുഴയിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്നതും ഒഴിവാക്കാൻ അൽപം കാത്തിരിക്കുന്നതാണ് നല്ലത് എന്നു ഞങ്ങൾക്കു തോന്നി. അങ്ങനെയാണ് വിവാഹം ഏപ്രിലിലേക്ക് മാറ്റിവച്ചത്. ഇനിയിപ്പോൾ ഇവിടെ ജോലി നോക്കണം. റിസർച്ച് പഠനം പൂർത്തിയാക്കിവരികയാണ് സരിഗമ.

കല്യാണം മുടക്കികളോടു പറയാനുള്ളത്? 

കല്യാണം മുടക്കികളുടെ സഹകരണം കൊണ്ട് എന്റെ പല ആലോചനകളും മുടങ്ങി പോയിട്ടുണ്ട്. എന്നാൽ നമ്മൾ ചെയ്യുന്ന കാര്യത്തിൽ സത്യം ഉണ്ടെങ്കിൽ ഏറ്റവും മികച്ചതുതന്നെ നമ്മെ തേടി വരും. അതിനു സോഷ്യൽ മീഡിയ സഹായകമായതിൽ ഏറെ സന്തോഷമുണ്ട്. കല്യാണം മുടക്കികൾ പോയി പണി നോക്ക് , എന്നു തന്നെയാണ് എനിക്കു പറയാനുള്ളത് .

വളരെ ലളിതമായ രീതിയിൽ ആയിരുന്നു ഞങളുടെ വിവാഹം. മാതാപിതാക്കൾക്ക് അനാവശ്യ ബാധ്യതകൾ ഉണ്ടാക്കരുത് എന്നു ഞങ്ങൾക്കു നിർബന്ധം...

സമൂഹമാധ്യമ മാട്രിമോണിയൽ എന്ന ആശയത്തെ എങ്ങനെ വിലയിരുത്തുന്നു ?

വിവാഹം നടക്കാൻ ഏറ്റവും മികച്ച വഴി എന്നാണ് എനിക്ക് ഈ ആശയത്തെക്കുറിച്ചു പറയാനുള്ളത്. ചെലവില്ല, സ്വന്തം താല്‍പര്യം തുറന്നു പറയാം, ആർക്കും എങ്ങനെയും അന്വേഷണം നടത്താം തുടങ്ങി ഗുണങ്ങൾ പലതാണ്. ഇത് ഒത്തിരിപേർക്കു ഗുണം ചെയ്യും. ഞാൻ കല്യാണം ക്ഷണിക്കാൻ വിളിച്ചപ്പോൾ തന്നെ ഒരുപാട് യുവതീ യുവാക്കൾ തങ്ങളും ഇതേ മാർഗം പരീക്ഷിക്കുകയാണ് എന്ന് അറിയിച്ചിരുന്നു. ഇവിടെ യാതൊരുവിധ ഉഡായിപ്പും നടക്കില്ല. നമ്മുടെ ബാക്ഗ്രൗണ്ട് മോശമാണ് എങ്കിൽ ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടാനുള്ള ധൈര്യം അവർക്ക് ഉണ്ടാകില്ല. കമന്റുകളിലൂടെ കള്ളി വെളിച്ചത്താകുകയും ചെയ്യും. അതിനാൽ ധൈര്യമായി പ്രയോഗിക്കാവുന്ന ഒന്നാണിത്.

ഭാവി പദ്ധതികൾ ? 

വളരെ ലളിതമായ രീതിയിൽ ആയിരുന്നു ഞങളുടെ വിവാഹം. മാതാപിതാക്കൾക്ക് അനാവശ്യ ബാധ്യതകൾ ഉണ്ടാക്കരുത് എന്നു ഞങ്ങൾക്കു നിർബന്ധം ഉണ്ടായിരുന്നു. അതിൽ വളരെ കുറച്ച് ആളുകൾ മാത്രമേ വിവാഹത്തിന് ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോൾ , ഏപ്രിൽ 22  ന് ആലപ്പുഴയിൽ വച്ച് ഒരു ചെറിയ റിസപ്‌ഷൻ നടത്തുന്നുണ്ട്. അതുകഴിഞ്ഞു കുറച്ചു യാത്രകൾ നടത്തണം. ഉഷാറായി ജീവിതം തുടങ്ങണം. എന്തിനും ഏതിനും കൂട്ടായി മാതാപിതാക്കൾ കൂടെ ഉണ്ട് എന്നതാണ് ഏറ്റവും വലിയ സന്തോഷം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam