രാജകുടുംബത്തിൽ വിവാഹമേളം; അദ്ഭുതമൊളിപ്പിച്ച് ഗൗൺ

ചിത്രം: ട്വിറ്റർ

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരി യൂജിനി വിവാഹിതയായി. വിന്‍സർ കൊട്ടാരത്തിലെ സെന്റ് ജോർജ് പള്ളിയിൽ വെച്ചായിരുന്നു എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകളുടെ വിവാഹം. രാഞ്ജിയുടെ ഇയമകൻ ആന്‍ഡ്രൂ രാജകുമാരന്റെ മകളാണ് യൂജിനി. മദ്യവ്യാപാരിയായ ജാക് ബ്രൂസ്ബാങ്ക് ആണ് വരൻ. കസാമഗോസ് ടൊകെവില എന്ന വിശ്വവിഖ്യാത മദ്യത്തിന്റെ യൂറോപ്യൻ ബ്രാന്റ് മാനേജരാണ് ബ്രൂസ്ബാങ്ക്.

ചിത്രം: ട്വിറ്റർ

രാജകീയ കുടുംബാംഗങ്ങളും രാജ്യത്തെ പ്രമുഖരും സന്നിഹിതരായിരുന്ന ചടങ്ങിൽ പക്ഷേ താരമായത് വധു യുജിനിയുടെ വിവാഹവസ്ത്രമായിരുന്നു. 

അതിമനോഹരമായ തൂവെള്ള ഗൗണായിരുന്നു യുജിനിയുടെ വിവാഹ വസ്ത്രം. പന്ത്രണ്ടാം വയസ്സിൽ സ്കേലിയായിസ് എന്ന നട്ടെല്ലിനെ ബാധിക്കുന്ന രോഗത്തിനു ശസ്ത്രക്രിയ നടത്തിയിരുന്നു യൂജിനി. ആ ശസ്ത്രക്രിയയുടെ പാടുകൾ കാണുന്ന വിധത്തിലായിരിക്കണം വസ്ത്രമെന്ന നിർബന്ധം യുജിനിയ്ക്ക് ഉണ്ടായിരുന്നു. 

അതുകൊണ്ടുതന്നെ കഴുത്തിനു ചുറ്റും നല്ല ഇറക്കത്തിൽവെട്ടി അലുക്കുകൾ തുന്നിച്ചേർത്തു, താഴെ നിലംമുട്ടി ഒഴുകി ഗൗൺ ഫ്ലയർ. ഗൗണിന്റെ ഓരോ നൂലിഴയിലും ഡിസൈനർ പീറ്റർ പില്ലേറ്റോയുടെ കരവിരുത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ശൈലി അനുകരിച്ചാണ് ചടങ്ങിൽ യൂജിന്റെ ആഭരണങ്ങളും വസ്ത്രങ്ങളും പില്ലോറ്റോ ഒരുക്കിയത്.

സ്കോട്ട്ലാന്റിലെ മുൾചെടി, കൊട്ടാരത്തിൽ ധാരാളമായി കാണുന്ന ബാൽമോറൽ ചെടികൾ, അയർലന്റിൽ നിറയെ കാണുന്ന മൂന്ന് ഇലകളോടു കൂടിയ ഷാംറോക് ചെടി എന്നിവയെല്ലാം ഗൗണിൽ കാണാം.  രാഞ്ജി നൽകി വെൽഷ് സ്വർണ്ണം കൊണ്ടു തീർത്തതാണ് യൂജിനിയുടെ വിവാഹമോതിരം. പ്രകൃതിയോടുള്ള രാജകുടുംബത്തിന്റെ ഇഷ്ടം വിളിച്ചു പറയുന്ന ചടങ്ങിൽ അതിനുയോജ്യമായ വസ്ത്രം.

40 രാജകുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ, സിനിമാ–സാഹിത്യ ലോകത്തെ പ്രമുഖർ എന്നിവരുൾപ്പെടെ 850 ലധികം ക്ഷണിക്കപ്പെട്ട അഥിതികൾ ചടങ്ങിനെത്തിയിരുന്നു. പൊതുജനങ്ങളെ പ്രതിനിധീകരിച്ച്  ബാലറ്റിലൂടെ തിരഞ്ഞെടുത്ത 1200  പേർ ചടങ്ങിൽ പങ്കെടുത്തു.  ആൻഡ്രിയ ബൊസല്ലിയെന്ന വിഖ്യാത ഗായികയുടെ പ്രകടനമുണ്ടായിരുന്നു. ചടങ്ങിനുശേഷം ഗ്രേറ്റ് വിൻസർ പാർക്കില്‍ പ്രത്യേകം തയാറാക്കിയ കൊട്ടാരത്തിലേക്കാണ് വധൂവരന്മാർ പോയത്.