Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്പാത്ത് നിന്റെ അച്ഛന്റെ വകയാണോ? അല്ല, അമ്മയുടേതാടോ....!

Manju Thomas മഞ്ജു തോമസ്

ബെംഗളൂരുവിലെ നിരത്തിലൂടെ നടക്കുമ്പോൾ നടപ്പാതയ്ക്കു കുറുകെ കല്ലു നിരത്തിവച്ചിരിക്കുന്നതു കണ്ടാൽ ഒന്നുറപ്പിച്ചോളൂ, കോട്ടയം സ്വദേശി മഞ്ജു തോമസ് കുറച്ചുമുൻപ് ആ വഴി പോയിട്ടുണ്ട്! നടപ്പാതകളിലൂടെ ബൈക്ക് ഓടിക്കുന്നതു ഹരമാക്കിയ ബെംഗളൂരുവിലെ പയ്യന്മാർക്ക് എച്ച്ആർ ജീവനക്കാരിയായ മഞ്ജു പേടിസ്വപ്നമാണ്. കഴിഞ്ഞദിവസം കോർപറേഷൻ സർക്കിളിലെ നടപ്പാതയിലൂടെ ഇരുചക്രവാഹനത്തിൽ പാഞ്ഞെത്തിയ രണ്ടു യുവാക്കളെ, മഞ്ജു തടഞ്ഞുനിർത്തിയതിന്റെ വിഡിയോ കണ്ടത് ലക്ഷക്കണക്കിനാളുകൾ. യുവാക്കൾ അസഭ്യം പറഞ്ഞിട്ടും മഞ്ജു വിട്ടുകൊടുത്തില്ല. ഒടുവിൽ പരാജയം സമ്മതിച്ച് സ്കൂട്ടർ റോഡിലിറക്കേണ്ടി വന്നു. വഴിയാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ, ബെംഗളൂരു പൊലീസ് അഡീഷനൽ കമ്മിഷണർ നടപടി ആവശ്യപ്പെട്ടു ഡിസിപിമാർക്കു നിർദേശവും നൽകി. നടപ്പാതയിലൂടെ ആരെങ്കിലും ബൈക്ക് ഓടിക്കുന്നതു കണ്ടാൽ സമീപത്തു കിടക്കുന്ന കല്ലുകൾ പെറുക്കി തടസ്സമുണ്ടാക്കുന്നത് മൂന്നുവർഷമായുള്ള ശീലമാണ്. കേട്ടാൽ രസകരമെന്നു തോന്നുമെങ്കിലും നടപ്പാത കീഴടക്കുന്ന ബൈക്ക് യാത്രികരോടു മഞ്ജുവിനെന്താണിത്ര ദേഷ്യമെന്നു ചോദിച്ചാൽ വിചിത്രമായ ഒരു കഥയുണ്ട് അതിനു പിന്നിൽ!

ബാഗ് കീറിയ കഥ!

പൊന്നുപോലെ കൊണ്ടുനടന്ന തന്റെ ബാഗ് ഒരു ബൈക്കിന്റെ ഹാൻഡിലിൽ കൊളുത്തി വലിഞ്ഞ നിമിഷം! അന്നു തുടങ്ങിയതാണ് മഞ്ജുവിന്റെ ഈ ‘കലിപ്പ്’. മൂന്നുവർഷം മുൻപ് ക്രൈസ്റ്റ് കോളജിൽ പഠിക്കുന്ന സമയത്താണ് സംഭവം. ബാഗ് കീറി ഉള്ളിലുള്ളതെല്ലാം റോഡിൽ വീണു. ബൈക്കിലുള്ളവർ തിരിഞ്ഞുപോലും നോക്കാതെ ഓടിച്ചുപോയി. (കഴിഞ്ഞ ഒരു വർഷം മാത്രം ബംഗളൂരുവിൽ 18,889 സമാന കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്). അന്നുമുതൽ നടപ്പാതകളിലൂടെ ബൈക്കുകൾ ഓടിക്കുന്നതു കണ്ടാൽ മഞ്ജു നടുക്കു കയറി നിൽക്കും. ബസ് കാത്തുനിൽക്കുന്ന സമയം മുഴുവൻ ഇങ്ങനെ ചെലവഴിക്കും. ബൈക്കുകൾക്കു തടസമുണ്ടാക്കാനായി സമീപത്തുള്ള കല്ലും ടൈലുമൊക്കെ ചേർത്തു ചെറിയൊരു ബാരിക്കേഡുണ്ടാക്കും. ചിലർ ചീത്തവിളിക്കും, തലയ്ക്കു കുഴപ്പമുണ്ടെന്നു പറയും. പക്ഷേ അതൊന്നും ഏശാറില്ല. കാൽനടയാത്രക്കാർക്കു കുഞ്ഞൻ ബാരിക്കേഡ് ബുദ്ധിമുട്ടുണ്ടാക്കില്ലേ എന്നു ചോദിച്ചാൽ ‘അവരൊക്കെ, ഭാഗ്യത്തിനു റോഡിൽ നോക്കിയാണ് നടക്കുന്നത്’ എന്നാവും മറുപടി!

ബെംഗളൂരു ഏറ്റെടുത്ത വിഡിയോ

കഴിഞ്ഞയാഴ്ച ജോലികഴിഞ്ഞു മടങ്ങുമ്പോൾ പതിവുപോലെ ‘ബാരിക്കേഡ് ’ ഉണ്ടാക്കി ബസ് കാത്തുനിൽക്കുമ്പോഴാണ് സ്കൂട്ടറിൽ രണ്ടുപേരെത്തി ബാരിക്കേഡ് തട്ടിമറിച്ചിടാൻ നോക്കിയത്. നിന്റെ അച്ഛന്റെ വകയാണോ ഫുട്പാത്ത് എന്ന ചോദ്യത്തിന് അല്ല, എന്റെ അമ്മയുടേയാണ്, ഭാരതമെന്ന അമ്മയുടേതാണെന്നു മറുപടി വന്നതോടെ യാത്രികർ ഞെട്ടി. വഴിയാത്രക്കാരനായ പവൻകുമാറാണ് വിഡിയോ പകർത്തി ഫെയ്സ്ബുക്കിലിട്ടത്. വിഡിയോ വൈറലായതോടെ സഹപ്രവർത്തകർക്കു ടെൻഷൻ. വൈകിട്ടു ജോലികഴിഞ്ഞ് ആ വഴി നടന്നുപോയാൽ സേഫ് അല്ലെന്നു പറഞ്ഞ് മൂന്നു ദിവസം ടാക്സിയിലാണ് വീട്ടിൽ കൊണ്ടുപോയി വിട്ടതെന്നു മഞ്ജു. 100 രൂപയാണ് നിലവിൽ നടപ്പാതയിലൂടെയുള്ള ഡ്രൈവിങ്ങിനു പിഴ. ഇതിനു പകരം ലൈസൻസ് തന്നെ റദ്ദാക്കണമെന്നാണ് മഞ്ജുവിന്റെ ആവശ്യം. തിരുവഞ്ചൂർ തണ്ടാശേരിൽ തോമസിന്റെയും റോസിയുടെയും മകളാണ് മഞ്ജു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam