Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയലിൻ വായനയുടെ വിശ്വനാഥൻ

viswanathan

ടിവി ഷോകളിൽ വയലിൻ വായന കണ്ടു തോന്നിയ മോഹമാണു വിശ്വനാഥനെ ആ വഴിയിലെത്തിച്ചത്. ആദ്യം തമാശയ്ക്കു തുടങ്ങിയതാണ്. തലയ്ക്കു പിടിച്ചതോടെ വയലിൻ വായനയുടെ സമുദ്രത്തിലേക്ക് ആ കൗമാരക്കാരൻ എടുത്തു ചാടി. നീന്തിക്കയറിയത് ലോകത്തിന്റെ നെറുകയിലാണ്. 36 മണിക്കൂർ നിർത്താതെ വയലിന്റെ തന്ത്രികളിൽ സംഗീതം പൊഴിച്ച് തൃപ്പൂണിത്തുറ മഠത്തിപ്പറമ്പിൽ വിശ്വനാഥൻ തകർത്തത് ഗിന്നസ് റെക്കോർഡാണ്. 

തൃപ്പൂണിത്തുറ അമ്പിളി നഗറിനു സമീപം പുഴയോരത്തുള്ള റിവർ ബോൺ സെന്ററിൽ കഴിഞ്ഞ ഒന്നിനു രാവിലെ എട്ടുമണിക്കു തുടങ്ങിയ വയലിൻ വായന അവസാനിച്ചതു രണ്ടിനു രാത്രി എട്ടിനാണ്. രണ്ടാം ദിവസം വൈകിട്ട് അഞ്ചുമണിയായതോടെ അർമേനിയൻ സ്വദേശി നിക്കോള മഡോയാന്റെ പേരിലുള്ള 33 മണിക്കൂറിന്റെ റെക്കോർഡ് തകർന്നു. 40 മണിക്കൂർ എന്ന ലക്ഷ്യവുമായി വേദിയിലെത്തിയെങ്കിലും മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്ന് 36 മണിക്കൂറായി ചുരുക്കുകയായിരുന്നു. 

ഒരു മണിക്കൂർ തുടർച്ചയായി വയലിൻ വായിച്ച ശേഷം അഞ്ചു മിനിറ്റ് മാത്രമായിരുന്നു വിശ്രമം. വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ സമയം കൊണ്ടു പൂർത്തിയാക്കണം. 

മണിക്കൂറുകൾ നീണ്ട വയലിൻ സപര്യയിൽ ബിഥോവന്റെ പ്രശസ്ത കോമ്പോസിഷനുകളും തമിഴ്, ഹിന്ദി, മലയാളം മെലഡികളും ശ്രോതാക്കൾക്കു ഹൃദ്യാനുഭവമായി. വയലിൻ സോളോയുടെ വിഡിയോയും മറ്റു രേഖകളും ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർക്ക് അയച്ചുകൊടുത്തു. പരിശോധനയ്ക്കു ശേഷമാണു പ്രഖ്യാപനം നടത്തുക. കൊൽക്കത്തയിലെ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ അംഗീകാരവും 36 മണിക്കൂർ നീണ്ടു നിന്ന വയിലിൻ വായനയിലൂടെ ഇദ്ദേഹം സ്വന്തമാക്കി. 

പത്താംക്ലാസ് പഠനം കഴിഞ്ഞു നടക്കുന്ന കാലത്ത് ആർഎൽവി കോളജിലെ സംഗീത അധ്യാപകനായ പി.ടി. രാധാകൃഷ്ണനെ പരിചയപ്പെട്ടതോടെയാണു വിശ്വനാഥന്റെ ജീവിതം മാറിമറിഞ്ഞത്. വയലിൻ വായന പഠിക്കാനുള്ള മോഹം അദ്ദേഹത്തോടു പറഞ്ഞു. പ്ലസ്ടു പാസായി വന്നാൽ ആർഎൽവിയിൽ ചേർന്നു വയലിൻ പഠിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. വയലിൻ പഠിക്കാനാണ് താൻ പ്ലസ്ടു പോലും പാസായതെന്നാണ് വിശ്വനാഥൻ പറയുന്നത്. ബിഎയും തുടർന്ന് എംഎയും വയലിനിൽ പൂർത്തിയാക്കി. 

ട്രിനിറ്റി കോളജ് ഓഫ് ലണ്ടനിൽ നിന്നു വെസ്റ്റേൺ വയലിനിൽ ഡിപ്ലോമ നേടി. കനേഡിയൻ സിംഫണി ഓർക്കസ്ട്ര, ഇറ്റാലിയൻ സിംഫണി ഓർക്കസ്ട്ര, വിയന്ന കൊയർ ഗ്രൂപ്പ്, ബെംഗളൂരു സിംഫണി ഓർക്കസ്ട്ര, കൊച്ചിൻ സിംഫണി ഓർക്കസ്ട്ര എന്നിവയിലെല്ലാം പങ്കെടുത്തിട്ടുള്ള വിശ്വനാഥൻ ഇന്ത്യൻ നാഷനൽ യൂത്ത് ഓർക്കസ്ട്രയിൽ അംഗമാകുന്ന ആദ്യ മലയാളിയാണ്. 

നാട്ടിലും വിദേശത്തും ഒട്ടേറെ വേദികളിൽ വയലിൻ വായിച്ചിട്ടുള്ള ഇദ്ദേഹം പല മലയാള സിനിമകൾക്കു വേണ്ടിയും പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഋതു രാഗാസ് എന്ന പേരിൽ സുഹൃത്തുക്കളുമായി ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് നടത്തുന്നുണ്ടിപ്പോൾ. ഇടപ്പള്ളി തോംസൺ മ്യൂസിക്സിലും രവിപുരം നാഷനൽ മ്യൂസിക്സിലും വയലിൻ പഠിപ്പിക്കുന്നുണ്ട്.