യുദ്ധക്കപ്പലുകളെ തകർക്കാൻ ചൈനയുടെ ആളില്ലാ വിമാനം, ലക്ഷ്യം അമേരിക്കൻ പടക്കപ്പലുകൾ?

തിരകള്‍ക്ക് തൊട്ട് മുകളിലൂടെ തെന്നിപ്പറന്ന് യുദ്ധക്കപ്പലുകളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ ചൈന നിര്‍മിക്കുന്നു. ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ട ഈ സൈനിക ഡ്രോണിന്റെ ചിത്രങ്ങള്‍ അതിവേഗമാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. റഡാറുകള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത ഉയരത്തിലാണ് ഇവ പറക്കുകയെന്ന് ചൈനീസ് മാധ്യമമായ സിന റിപ്പോര്‍ട്ട് ചെയ്യുന്നു. അതിർത്തി ലംഘിച്ചെത്തുന്ന അമേരിക്കയുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടാണ് ചൈന ഇത്തരമൊരു ഡ്രോൺ നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 

മെയ് മൂന്നിനാണ് വെയ്‌ബോയില്‍ ഈ ചൈനീസ് ഡ്രോണിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. സമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ച് അതിവേഗം വിനാശകാരിയായ ആക്രമണങ്ങള്‍ നടത്താന്‍ശേഷിയുള്ള ഡ്രോണ്‍ എന്ന് വിശദീകരിച്ചു കൊണ്ടുള്ള ഒരു ബ്രോഷറിലാണ് ചിത്രമുണ്ടായിരുന്നത്. വൈകാതെ ചൈനീസ് വെബ്‌സൈറ്റായ സിന ഈ ചിത്രവും വാര്‍ത്തയും നല്‍കി. 

സമുദ്രനിരപ്പില്‍ നിന്നും വെറും ഒരു മീറ്റര്‍ മാത്രം ഉയരത്തില്‍ പറന്ന് വളരെ അകലെയുള്ള ലക്ഷ്യം പോലും തകര്‍ക്കാനാകുമെന്നതാണ് ഈ ഡ്രോണിന്റെ പ്രധാന സവിശേഷത. ഒരു ടണ്‍ വരെ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി ഈ ഡ്രോണിനുണ്ടെന്നും കരുതപ്പെടുന്നു. കടല്‍നിരപ്പില്‍ നിന്നും പരമാവധി ആറ് മീറ്റര്‍ (19.7 അടി) ഉയരത്തിലാണ് ഇവ പറക്കുക. ചൈനീസ് മിലിട്ടറിയുടെ സിഎച്ച് സീരീസില്‍ പെടുന്ന ഒടുവിലത്തെ ഡ്രോണുകളാണിത്. 

ചൈന അക്കാദമി ഓഫ് എയറോസ്‌പേസ് എയറോഡൈനാമിക്‌സാണ് സിഎച്ച് സീരീസിലെ ഡ്രോണുകള്‍ വികസിപ്പിച്ചെടുക്കുന്നത്. 2000ത്തിന് ശേഷം ഇതുവരെ ഒൻപത് മോഡലുകള്‍ ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇവര്‍ പുറത്തിറക്കിയ സിഎച്ച് 5 ശ്രേണിയില്‍ പെട്ട ഡ്രോണുകളാണ് അതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും ആധുനികമായ ചൈനീസ് സൈനിക ഡ്രോണുകള്‍. 

2015ലാണ് സിഎച്ച് 5 ഡ്രോണുകള്‍ ആദ്യമായി പരീക്ഷണപറക്കല്‍ നടത്തിയത്. ദീര്‍ഘദൂര ആക്രമണങ്ങള്‍ക്ക് ശേഷിയുള്ളവയാണ് ഇവ. ചിറകുകള്‍ അടക്കം 21 മീറ്റര്‍ നീളമുണ്ട് ഇവക്ക്. പരമാവധി 3.3 ടണ്‍ വരെ ആയുധം വഹിക്കാനുള്ള ശേഷി സിഎച്ച് 5 ഡ്രോണുകള്‍ക്കുണ്ട്. 40 മണിക്കൂര്‍ നിര്‍ത്താതെ പരമാവധി 6,500 കിലോമീറ്റര്‍ ദൂരം വരെ പറക്കാനും ഇവയ്ക്കാകും.