കാർഗിലിൽ പാക് സേനയെ പാഠംപഠിപ്പിച്ചത് ലേസർ നിയന്ത്രിത ‘ബോംബുകൾ’

ഇന്ന് കാർഗിൽ വിജയ ദിവസ്. ഇന്ത്യൻ സേന മഞ്ഞുമലയിൽ ആത്മാഭിമാനത്തിന്റെ കൊടി നാട്ടിയ ദിവസം. അന്ന് ഇന്ത്യൻ സേനയെ പ്രധാനമായും സഹായിച്ചത് ലേസർ നിയന്ത്രിത ബോംബുകളും ബോഫേഴ്സ് പീരങ്കികളുമായിരുന്നു. ഇസ്രായേലിൽ നിന്ന് ഇറക്കുമതി ചെയ്ത ലേസർ നിയന്ത്രിത ബോംബുകളാണ് അന്ന് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. പാക്ക് ബംഗറുകളും പോസ്റ്റുകളും നിമിഷങ്ങൾക്കകം തകർക്കാൻ അന്ന് ഇസ്രായേലിൽ നിന്നെത്തിയ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഇന്ത്യയെ വേണ്ടുവോളം സഹായിച്ചു. 

അടിയന്തര സാഹചര്യം നേരിടാൻ ഇസ്രായേൽ നൂറോളം ലേസർ നിയന്ത്രിത ബോംബുകളാണ് നൽകിയത്. ഇതു പ്രയോഗിക്കാനുള്ള സാങ്കേതി വിദ്യകളും നാവിഗേഷൻ സഹായവും ഇസ്രായേൽ നൽകി. പതിനായിരം മീറ്റർ ഉയരത്തിൽ പറന്നായിരുന്നു ബോംബുകൾ വർഷിച്ചിരുന്നത്. കൃത്യമായ സ്ഥലത്ത് ബോംബിടാൻ അന്നു ഇന്ത്യൻ സേനയെ അകമഴിഞ്ഞ് ഇസ്രായേൽ സഹായിച്ചു.

എന്നാൽ അന്ന് കടം ചോദിച്ചു വാങ്ങിയ മിക്ക ആയുധങ്ങളും ഇന്ന് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ഡിആർഡിഒ വികസിപ്പിച്ചെടുത്ത് പരീക്ഷിച്ച് വിജയിച്ച ആയുധങ്ങളും സാങ്കേതിക ഉപകരണങ്ങളും ഇന്ത്യയുടെ സുരക്ഷയ്ക്ക് എന്നും മുതൽകൂട്ടാണ്. അന്ന് ഇസ്രായേൽ തന്ന് സഹായിച്ച് ലേസർ നിയന്ത്രിത ബോംബിനേക്കാളും മികച്ചത് ഇന്ത്യയിൽ തന്നെ നിർമിച്ചു കഴിഞ്ഞു. ഇതിൽ പ്രധാനപ്പെട്ട ഒരു ആയുധമാണ് സുദർശൻ ലേസർ നിയന്ത്രിത ബോംബ്. 

ഇന്ത്യയുടെ ലേസർ നിയന്ത്രിത ബോംബ് സുദർശൻ 

ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളുടെ കൈവശവും ലേസർ നിയന്ത്രിത ബോംബുകളുണ്ട്. യുദ്ധഭൂമിയിൽ വൻ നാശം സൃഷ്ടിക്കാൻ ശേഷിയുള്ള ലേസർ ബോംബുകൾ 1960 ൽ അമേരിക്കയാണ് ആദ്യമായി വികസിപ്പിച്ചെടുക്കുന്നത്. പിന്നീട് റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഇസ്രായേൽ തുടങ്ങി രാജ്യങ്ങളും ലേസർ ബോംബുകള്‍ നിർമിച്ചു. വർഷങ്ങൾക്ക് ശേഷം 2013 ൽ ഇന്ത്യയും ലേസർ ബോംബ് നിര്‍മിച്ചു, പരീക്ഷിച്ചു വിജയിച്ചു, പേര് സുദർശന്‍. 

2006 ലാണ് ലേസർ നിയന്ത്രിത ബോംബ് സുദർശന്റെ ഡിസൈൻ തയാറാകുന്നത്. പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷമാണ് ബോംബ് പരീക്ഷണം പൂർത്തിയായി വ്യോമസേനയ്ക്ക് കൈമാറിയത്. ഭാരത് ഇലക്ട്രോണിക്സ് ആണ് സുദര്‍ശൻ നിർമിക്കുന്നത്. 450 കിലോ ഗ്രാം ഭാരമുള്ള ബോംബ് ഏകദേശം ഒൻപത് കിലോമീറ്റർ ദൂരപരിധിയിൽ വരെ പ്രയോഗിക്കാൻ സാധിക്കും. 2010 ൽ രണ്ടു തവണ പരീക്ഷണം നടത്തി വിജയിച്ച ബോംബാണ് സുദർശൻ. മിഗ്–27, ജാഗ്വർ, സുഖോയ്–30, മിറാഷ്, മിഗ് എന്നീ പോർവിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാൻ സാധിക്കുന്നതാണ് സുദർശൻ ബോംബ്. 

ജിപിഎസിന്റ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കാൻ ശേഷിയുള്ള സുദർശൻ ശത്രുക്കളുടെ പേടിസ്വപ്നം തന്നെയാണ്. 2013 ൽ 50 സുദർശൻ ബോംബുകൾ നിർമിച്ചു നൽകാനാണ് വ്യോമ സേന ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിലും മികച്ച ലേസർ നിയന്ത്രിത ബോംബുകളുടെ നിർമാണവുമായി മുന്നോട്ടു പോകുകയാണ് എഡിഇ. 

More Dfence News