സൈനികരെ പാരച്ച്യൂട്ടില്‍ ഇറക്കി ആത്മഹത്യാ ആക്രമണത്തിനൊരുങ്ങി കിമ്മിന്റെ 300 പോർ വിമാനങ്ങൾ!

എഴുപത് വര്‍ഷം പഴക്കമുള്ള അനറ്റോവ് എഎന്‍2 വിമാനങ്ങള്‍ ഉപയോഗിച്ച് ദക്ഷിണ കൊറിയക്ക് നേരെ ആത്മഹത്യാപരമായ ആക്രമണത്തിന് കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ മുതിരുന്നുവെന്ന് സൂചന. 1947ല്‍ സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച മുന്നൂറോളം അനറ്റോവ് വിമാനങ്ങള്‍ ഉത്തരകൊറിയയുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ദക്ഷിണകൊറിയക്ക് നേരെ ഈ വിമാനങ്ങള്‍ വഴി സൈനികരെ പാരച്ച്യൂട്ടില്‍ ഇറക്കി ആക്രമണം നടത്താന്‍ പോലും കിം ജോങ് ഉന്നിന് പദ്ധതിയുണ്ടെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 

70 വര്‍ഷം പഴക്കമുള്ളതാണെന്ന് കരുതി ഈ വിമാനങ്ങൾ കാലഹരണപ്പെട്ടതാണെന്ന് കരുതരുത്. അത്യന്താധുനിക റഡാറുകള്‍ക്ക് പോലും പിടി നല്‍കാത്ത വിധം താഴ്ന്നാണ് ഇവ പറക്കുക. ഒരു ടണ്‍ വരെ ചരക്കും പത്ത് സൈനികരേയും വഹിക്കാന്‍ ഈ വിമാനങ്ങൾക്ക് ശേഷിയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെയാണ് ഈ വിമാനങ്ങളുടെ വേഗത. ശക്തമായി കാറ്റടിച്ചാല്‍ പിന്നോട്ടു പറക്കാനുള്ള സംവിധാനം പോലും ഇതിലുണ്ട്. 

മണിക്കൂറിൽ 30 മൈൽ വേഗതയില്‍ പറക്കുന്ന ഈ വിമാനം സത്യത്തില്‍ ശത്രുക്കള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. റഡാറുകള്‍ മാത്രമല്ല ആധുനിക വിമാന നിരീക്ഷണ സംവിധാനങ്ങള്‍ക്ക് പോലും ഇവയെ കണ്ടെത്തുക എളുപ്പമാകില്ല. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വഴി ഈ വിമാനത്തെ ലക്ഷ്യം വെക്കുകയും സാധ്യമല്ല. 

ഇവയുടെ അടിഭാഗം നീലയും മുകള്‍ ഭാഗം പച്ചയുമാണ് പെയിന്റടിച്ചിരിക്കുന്നത്. മുകളില്‍ നിന്ന് നിരീക്ഷണ വിമാനങ്ങളുടേയും താഴെ നിന്നും സൈനികരുടേയും കണ്ണ് വെട്ടിക്കുന്നതിന് വേണ്ടിയാണിത്. തങ്ങളുടെ സൈനിക പരിശീലനത്തിനിടെ എഎന്‍ 2 വിമാനങ്ങളിലൂടെ വളരെ കുറഞ്ഞ ഉയരത്തില്‍ നിന്നും പാരച്ച്യൂട്ടുകള്‍ വഴി പറന്നിറങ്ങുന്ന സൈനികരുടെ ദൃശ്യങ്ങള്‍ ഉത്തരകൊറിയ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഈ വിമാനത്തിന് പറന്നിറങ്ങുന്നതിനോ ഉയരുന്നതിനോ വലിയ റണ്‍വേകളൊന്നും ആവശ്യമില്ല. കുഴികൾ നിറഞ്ഞ റോഡില്‍ പോലും ഇവയെ ഇറക്കാനും പറന്നുയര്‍ത്താനുമാകും. ഇവക്ക് അണ്വായുധങ്ങള്‍ പോലും വഹിക്കാനുള്ള ശേഷിയുണ്ടെന്നതും ശ്രദ്ധേയമാണ്. ശത്രുക്കളുടെ തന്ത്രപ്രധാന മേഖലയിലേക്ക് ഒരു ആത്മഹത്യാ ആക്രമണം നടത്താന്‍ ഈ വിമാനങ്ങള്‍ക്ക് ശേഷിയുണ്ട്.

ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാന്‍ തക്ക വലിപ്പത്തിലുള്ള ആണവായുധം തങ്ങളുടെ പക്കലുണ്ടെന്നാണ് കിം ജോങ് ഉന്നിന്റെ അവകാശവാദം. എന്നാല്‍ എഎന്‍ 2വില്‍ ഒരു ടണ്‍ വരെ ഭാരമുള്ള എന്തും കൊണ്ടുപോയി ലക്ഷ്യസ്ഥാനത്ത് നിക്ഷേപിക്കാനാകും. തികച്ചും ആത്മഹത്യാ പരമായ ഒരു ആക്രമണത്തിന് ഉത്തരകൊറിയ എഎന്‍ 2 വിമാനങ്ങളെ ആശ്രയിക്കുമോ എന്നത് കിം ജോങ് ഉന്‍ എന്ന ഏകാധിപതിക്ക് മാത്രം ഉത്തരം നല്‍കാനാകുന്ന ചോദ്യമായി അവശേഷിക്കുകയാണ്.