കിം പറഞ്ഞാൽ പറഞ്ഞതാണ്, രക്ഷപ്പെടാൻ വഴിയില്ല, ഹൈഡ്രജൻ ബോംബ് ഭീതിയിൽ ജപ്പാൻ

അമേരിക്ക പ്രകോപനം തുടർന്നാൽ പസഫിക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ മുന്നറിയിപ്പ് ഭീതിയിലാണ് ജപ്പാൻ. ജാപ്പനീസ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഇന്നലെയും ഇന്ന് പ്രധാന ചർച്ചാ വിഷയം ഹൈഡ്രജൻ ബോംബ് തന്നെ. പരീക്ഷണത്തിനിടെ എച്ച്–ബോംബ് അബദ്ധത്തിൽ ജപ്പാനിൽ വീണാൽ എല്ലാം ഒരു നിമിഷം തീരും. അണുബോംബിന്റെ ഭീകരതയെ കുറിച്ച് ജപ്പാനിലെ മാധ്യമങ്ങൾ എഡിറ്റോറിയൽ വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ ഭീതി. ഉത്തര കൊറിയ ആദ്യം ആക്രമിക്കുക അമേരിക്കയുടെ സൈനിക താവളങ്ങളായിരിക്കും. ഉത്തരകൊറിയ മിസൈല്‍ ആക്രമണം നടത്തിയാല്‍ ഓടിയൊളിക്കാന്‍ ഒരിടംപോലും തങ്ങള്‍ക്കില്ലെന്നാണ് മിക്ക ജപ്പാൻകാരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ജപ്പാനിലേക്ക് മിസൈല്‍ അയക്കാനുള്ള ശേഷി ഉത്തരകൊറിയക്ക് ഒരിക്കലുമുണ്ടാകില്ലെന്ന പഴയധാരണകളെല്ലാം കിമ്മിന്റെ ഭൂഖണ്ഡാന്തര മിസൈലുകൾ തിരുത്തി. പ്യോങ്‌യാങില്‍ നിന്നും മിസൈലുകള്‍ ജപ്പാനെ ലക്ഷ്യമാക്കി പുറപ്പെട്ടാല്‍ മിനിറ്റുകള്‍ പോലും രക്ഷപ്പെടാനായി ലഭിക്കില്ലെന്ന തിരിച്ചറിവ് ഇപ്പോള്‍ അവര്‍ക്കുണ്ട്.

ജപ്പാനിലെ ഒരു അമേരിക്കന്‍ വ്യോമതാവളമായ യൊകോട്ട എയര്‍ ബെയ്‌സിന് സമീപത്തെ ടാക്‌സി ഡ്രൈവർ പോലും പറയുന്നു, അങ്ങനെയൊരു മിസൈലാക്രമണം സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ സാധ്യത പോലുമില്ലെന്നാണ്. കാരണം ബങ്കറുകളോ, ഷെല്‍ട്ടറുകളോ ഒന്നും പ്രദേശത്തില്ല. അടുത്തുകാണുന്ന ഏതെങ്കിലും കെട്ടിടത്തിലേക്ക് ഓടുക മാത്രമേ വഴിയുള്ളൂ. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതോടെ ജപ്പാനിലെ വാര്‍ത്താ ചാനലുകളും മാധ്യമങ്ങളും ഈ യുദ്ധപ്പേടിയെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. 

അമേരിക്കയിലെത്തുന്ന മിസൈല്‍ വികസിപ്പിച്ചെടുക്കുക ഉത്തരകൊറിയക്ക് ഇപ്പോഴും സ്വപ്‌നമാണ്. അതുകൊണ്ടുതന്നെ അമേരിക്കയ്‌ക്കെതിരായ തിരിച്ചടി എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ദക്ഷിണ കൊറിയന്‍ മേഖലയിലേയും ജപ്പാനിലേയും അമേരിക്കന്‍ സൈനിക താവളങ്ങളെ ആക്രമിക്കുകയെന്നതാണ്. ഇതിനിടെയാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പും വന്നിരിക്കുന്നത്. മിസൈൽ ഉപയോഗിച്ച് പസഫിക് സമുദ്രത്തിനു മുകളിൽ വെച്ച് പരീക്ഷണം നടത്താനാണ് പദ്ധതി. ഇത് ഏറ്റവും വലിയ ഭീഷണി ജപ്പാനു തന്നെയാണ്. 

ഹൈഡ്രജൻ ബോംബ് ഭീഷണി ജപ്പാനിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്. ആണവ വികിരണങ്ങളില്‍ നിന്നും രക്ഷ നല്‍കുന്ന മാസ്‌കുകളും ജൈവായുധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആവരണങ്ങളുമൊക്കെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒരുപാട് പണമുള്ളവര്‍ ആണവാക്രമണത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഷെല്‍ട്ടറുകള്‍ പോലും നേരത്തെ തന്നെ വാങ്ങിക്കഴിഞ്ഞു.  

ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ട് ജപ്പാനീസ് അധികൃതര്‍ തന്നെ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്താണെങ്കില്‍ അടുത്തുള്ള ബലമുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറുകയോ താഴത്തെ നിലയിലേക്ക് മാറാന്‍ ശ്രമിക്കുകയോ ചെയ്യുക. ഇനി അത്തരം സാധ്യതയൊന്നുമില്ലെങ്കില്‍ നിലത്ത് തലയ്ക്കു മുകളില്‍ കൈവെച്ച് കമിഴ്ന്നു കിടക്കുക. ജൈവായുധ ആക്രമണത്തിനും സാധ്യതയുള്ളതിനാല്‍ എന്തെങ്കിലും തുണികൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കാനും ശ്രമിക്കണം. ഏതെങ്കിലും കെട്ടിടത്തിനുള്ളിലെത്തിയാല്‍ ഉടന്‍ തന്നെ വാതിലും ജനലും അടക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.  

കഴിഞ്ഞ മാര്‍ച്ചില്‍ വടക്കന്‍ ജപ്പാനില്‍ സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ ആദ്യത്തെ മിസൈല്‍ പ്രതിരോധ ഡ്രില്‍ നടന്നിരുന്നു. പൊതുജനങ്ങളില്‍ ഇത്തരം സാഹചര്യത്തെ അതിജീവിക്കാനുള്ള അവബോധം ഉണ്ടാക്കാനാണിതെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. അതേസമയം, ഈ കോലാഹലങ്ങളുടെ അത്രയും പ്രശ്‌നം മേഖലയിലില്ലെന്ന് കരുതുന്ന ജപ്പാന്‍കാരും ഏറെയാണ്. ടിവിയും മറ്റ് മാധ്യമങ്ങളും ഊതിവീര്‍പ്പിച്ച സൈനിക ശേഷിയാണ് ഉത്തരകൊറിയക്കെന്നാണ് ഇവര്‍ കരുതുന്നത്.