Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പൻ സേന ജപ്പാനെ വീഴ്ത്തി, അമേരിക്കയും റഷ്യയും കൊറിയ പങ്കിട്ടെടുത്തു!

japan-soviet-war

∙ 1945-ലെ സോവിയറ്റ്-ജപ്പാന്‍ യുദ്ധം

അമേരിക്ക ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചു മൂന്നു ദിവസത്തിനുള്ളില്‍, 1945 ഓഗസ്റ്റ് 9-ന് സോവിയറ്റ് യൂണിയന്‍ ജപ്പാനെതിരേ യുദ്ധം പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം മുതല്‍ കൊറിയന്‍ ഉപദ്വീപിന്റെ വടക്കന്‍ മേഖല ചൂവപ്പുസേന കൈയടക്കി തുടങ്ങി.

ജപ്പാന്‍ പൂര്‍ണമായി വീണതോടെ അമേരിക്കയും റഷ്യയും ചേര്‍ന്ന് കൊറിയ പങ്കിട്ടെടുത്തു. 38-ാമതു പാരലല്‍ അടിസ്ഥാനമാക്കി കൊറിയയെ വിഭജിക്കാന്‍ അമേരിക്ക കേണല്‍മാരായ ഡീന്‍ റസ്‌കിനെയും ചാള്‍സ് എച്ച് ബോണ്‍സ്റ്റീലിനെയും നിയോഗിച്ചു. ഓഗസ്റ്റ് 15-ന് ജപ്പാന്‍ പൂര്‍ണമായി കീഴടങ്ങി. 

1945 സെപ്റ്റംബറില്‍ യുഎസ് ലഫ്. ജനറല്‍ ജോര്‍ ആര്‍ ഹോഡ്ജിനെ ദക്ഷിണകൊറിയയില്‍ സൈനിക ഗവര്‍ണറായി നിയമിച്ചു. തുടര്‍ന്ന് കൊറിയയിലെ അമേരിക്കന്‍ സൈനിക സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമാണ്. ജാപ്പനീസ് അനുകൂലഭരണം തന്നെ തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹം ആദ്യം ശ്രമിച്ചെങ്കിലും കൊറിയയില്‍നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു തീരുമാനം മാറ്റി. 

1945-ല്‍ മോസ്‌കോ കരാര്‍ പ്രകാരം യുഎസ്-സോവിയറ്റ് സംയുക്ത കമ്മിഷന്‍ കൊറിയയുടെ നിയന്ത്രണം ഏറ്റെടുത്തു. അഞ്ചു വര്‍ഷത്തിനു ശേഷം കൊറിയയ്ക്കു സ്വാതന്ത്ര്യം നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ഇതിനെതിരേ കൊറിയയില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെ സമരങ്ങളെല്ലാം നിരോധിച്ചു. വിദേശാധിപത്യത്തിന്റെ ദുരിതങ്ങള്‍ ഏറെനാള്‍ അനുഭവിച്ച കൊറിയയില്‍ വീണ്ടും വിദേശ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരേ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇതോടെ യുഎന്‍ നിരീക്ഷണത്തില്‍ തിരഞ്ഞെടുപ്പു നടത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ സോവിയറ്റ് യൂണിയനും കൊറിയന്‍ കമ്യൂണിസ്റ്റകളും ഈ നീക്കത്തെ എതിര്‍ത്തു. 

നിരവധി ദക്ഷിണകൊറിയന്‍ രാഷ്ട്രീയനേതാക്കളും ഇതിനെതിരായിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് 1948 മേയ് പത്തിനു ദക്ഷിണ കൊറിയയില്‍ തിരഞ്ഞെടുപ്പു നടന്നു. ഉത്തരകൊറിയയിലാകട്ടെ മൂന്നു മാസത്തിനു ശേഷം ഓഗസ്റ്റ് 25-നാണു പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടത്തിയത്.

Soviet-japan-war

ദക്ഷണികൊറിയയില്‍ 1948 ജൂലൈ 20-ന് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സിങ്മാന്‍ റീയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1948 ഓഗസ്റ്റ് 15-ന് ദക്ഷിണകൊറിയന്‍ റിപ്പബ്ലിക്ക് നിലവില്‍വന്നു. എന്നാല്‍ സോവിയറ്റ് അധീനതയിലുള്ള ഉത്തരകൊറിയയില്‍ കിം ഇല്‍ സങിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരാണു രൂപീകൃതമായത്. കരാര്‍ പ്രകാരം 1948-ല്‍ റഷ്യയും തൊട്ടടുത്ത വര്‍ഷം അമേരിക്കയും കൊറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചു.

നാളെ: ചൈനീസ് ആഭ്യന്തരയുദ്ധത്തിൽ കമ്മ്യൂണിസ്റ്റുകൾക്ക് ഉത്തരകൊറിയൻ സഹായം