ബാൾട്ടിക് കടലിൽ ഭീതിവിതച്ച് റഷ്യന്‍ സൈനികാഭ്യാസം, ലക്ഷ്യം യുദ്ധസന്നാഹമോ?

മിസൈലുകളും വ്യോമാഭ്യാസവുമായി ബാള്‍ട്ടിക് കടലില്‍ റഷ്യയുടെ സൈനിക ശക്തിപ്രകടനം നടന്നത് ദിവസങ്ങൾക്ക് മുൻപാണ്. സിറിയയിലെ പ്രത്യോക്രമണങ്ങൾ നേരിടാൻ ലക്ഷ്യമിട്ടാണോ ഈ സൈനിക നീക്കമെന്നും സൂചനയുണ്ട്. നാറ്റോ അംഗമായ ലാത്വിയ റഷ്യയുടെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ സൈനികാഭ്യാസത്തെ തുടര്‍ന്ന് ബാള്‍ട്ടിക് മേഖലയിലെ വ്യാവസായിക വിമാനങ്ങളുടെ സഞ്ചാരം വലിയ തോതില്‍ തടസപ്പെട്ടിരുന്നു. 

പതിവ് സൈനികാഭ്യാസമാണ് ബാള്‍ട്ടിക് മേഖലയില്‍ നടന്നതെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ഇതിന്റെ ഭാഗമായി തല്‍സമയം മിസൈലുകള്‍ തൊടുക്കുന്നതും ആകാശത്തും കടലിലുമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കുന്ന പ്രകടനങ്ങളുമുണ്ടാകുമെന്നും റഷ്യ അറിയിച്ചിരുന്നു. ഇതാണ് മേഖലയിലെ വ്യോമ ഗതാഗതത്തെ തടസപ്പെടുത്തുന്ന ഒന്നായി റഷ്യന്‍ സൈനികാഭ്യാസത്തെ മാറ്റിയത്. 

'ഇത് ശക്തിയുടെ പ്രകടനമാണ്. ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാര പ്രദേശത്തോട് ചേര്‍ന്നാണ് ഈ സൈനികാഭ്യാസം നടത്തുന്നത്' ലാത്വിയന്‍ പ്രധാനമന്ത്രി മാരിസ് കുസിന്‍കിസ് ആശങ്ക പ്രകടിപ്പിച്ചു. ലാത്വിയയുടെ വ്യോമ- നാവിക മേഖലയോടു ചേര്‍ന്നാണ് സൈനികാഭ്യാസം നടത്തിയത്. ബാള്‍ട്ടിക് കടലിന്റെ പടിഞ്ഞാറ് ഭാഗത്ത് നടന്ന ഈ റഷ്യന്‍ പ്രകടനത്തെ തുടര്‍ന്ന് ഏറെ ബാധിക്കപ്പെടുന്ന രാജ്യവും ലാത്വിയ തന്നെയാണ്. 

ബാള്‍ട്ടിക് കടല്‍ വഴിയുള്ള ലാത്വിയയുടെ കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകളുടെ ഭൂരിഭാഗവും അവര്‍ക്ക് റദ്ദാക്കേണ്ടി വന്നു. സൈനികാഭ്യാസം നടന്ന മൂന്ന് ദിവസങ്ങളില്‍ ലാത്വിയന്‍ തലസ്ഥാനമായ റിഗയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളേയും സൈനികാഭ്യാസം ബാധിച്ചിരുന്നു. സ്വീഡനും തങ്ങളുടെ പൗരന്മാര്‍ക്ക് റഷ്യന്‍ സൈനികാഭ്യാസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് സ്വീഡന്‍ നല്‍കിയത്. 

ബാള്‍ട്ടിക് മേഖല മുതല്‍ ബ്ലാക് സീ വരെയുള്ള പ്രദേശത്ത് കഴിഞ്ഞ സെപ്തംബറില്‍ റഷ്യ നടത്തിയ വന്‍ സൈനികാഭ്യാസ പ്രകടനങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നാണ് കരുതുന്നത്. റഷ്യയുടെ ഈ നീക്കത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. സൈനികാഭ്യാസത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നില്ലെന്നതാണ് നാറ്റോയെ ചൊടിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം സൈനികാഭ്യാസങ്ങളെ തുടര്‍ന്ന് മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ തകരാറുകള്‍ സംഭവിച്ചാല്‍ അത് മേഖലയില്‍ വലിയ തോതില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് ഉയര്‍ന്നത്. 

മുമ്പൊരിക്കലുമില്ലാത്തവിധം തങ്ങളുടെ പരമാധികാര മേഖലയോടു ചേര്‍ന്ന് റഷ്യ സൈനികാഭ്യാസം നടത്തുന്നുവെന്നതാണ് ലാത്വിയയെ ആശങ്കപ്പെടുത്തുന്നത്. ബ്രിട്ടനില്‍വെച്ച് റഷ്യയുടെ മുന്‍ ചാരനും മകള്‍ക്കുമെതിരെ നടന്ന കൊലപാതകശ്രമം റഷ്യക്കെതിരെ വലിയ തോതില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. മാര്‍ച്ച് നാലിന് നടന്ന കൊലപാതകശ്രമത്തിന് പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച് നിരവധി രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെയാണ് പുറത്താക്കിയത്. 

രാജ്യാന്തര നിയമങ്ങളെ ലംഘിക്കാതെ തന്നെ ഫലത്തില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നതാണ് റഷ്യയുടെ പുതിയ സൈനികാഭ്യാസ നീക്കം. ലാത്വിയ അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിനിടെ നടക്കുന്നത് ശൈത്യകാലത്തിന് ശേഷം നടക്കുന്ന പതിവ് സൈനികാഭ്യാസമാണെന്ന നിലപാടിലാണ് റഷ്യ.