103 ക്രൂസ് മിസൈലുകൾ, കെട്ടിടങ്ങൾ അപ്രത്യക്ഷമായി, സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്

സിറിയയ്ക്കുനേരെ യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകളുടെ സംയുക്ത മിസൈലാക്രമണത്തിനു മുൻപും ശേഷവുമുള്ള സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്. യുഎസ് പ്രതിരോധ വിഭാഗമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും പകർത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടത്. മിസൈല്‍ ആക്രമണത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന സിറിയൻ വാദത്തെ വെല്ലുവിളിക്കുന്നതാണ് പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ.

മിസൈൽ ആക്രമണത്തിൽ തകർന്ന ബർസയിലെ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. വെള്ളിയാഴ്ചയും ശനിയാഴ്ചയും പകർത്തിയ ചിത്രങ്ങളാണ് രണ്ട് സാറ്റ്‌ലൈറ്റ് ഇമേജറി കമ്പനികളായ ഡിജിറ്റൽ ഗ്ലോബും പ്ലാനറ്റ് ഡോട്ട് കോമും പുറത്തുവിട്ടിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചെവരെ നീണ്ട ആക്രമണത്തിൽ 103 ക്രൂസ് മിസൈലുകളാണു സിറിയയ്ക്കുനേരെ തൊടുത്തത്. എന്നാൽ, ഇതിൽ 71 മിസൈലുകൾ സിറിയയുടെ സോവിയറ്റ് നിർമിത മിസൈൽവേധ സംവിധാനം തകർത്തുവെന്നു സഖ്യരാജ്യമായ റഷ്യ അവകാശപ്പെട്ടിരുന്നു. ഇത് തെളിയിക്കാൻ വേണ്ടിയാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടത്.

സിറിയയുടെ രാസായുധ കേന്ദ്രങ്ങൾക്കു നേരെയായിരുന്നു മിസൈലാക്രമണം. ദമാസ്കസ്, ബർസ, ഹമ, ഹോംസ്, ഷയാറത്, ദുമായ്ർ, മർജ് റുഹൈൽ, മെസേഹ് എന്നിവിടങ്ങളിലാണു മിസൈലുകൾ പതിച്ചത്. ഈ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽനിന്ന് അധികൃതർ ദിവസങ്ങൾക്കു മുൻപേ ആളുകളെ ഒഴിപ്പിച്ചിരുന്നു.

മിസൈലാക്രമണത്തിനെതിരെ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ശക്തമായ പ്രതിപക്ഷ വിമർശനമുയർന്നു. 2015ലാണ് അസദിന്റെ സൈന്യത്തെ സഹായിക്കാൻ റഷ്യ സിറിയയിൽ ഇടപെട്ടത്. സേനയെ സഹായിക്കാൻ ഇറാൻ പിന്തുണയുള്ള ഹിസ്‌ബുല്ല പോരാളികളും യുദ്ധരംഗത്തുണ്ട്.