Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമഹ്വാക്കിനെ നേരിടാൻ റഷ്യ കാലിബർ പ്രയോഗിക്കും? സിറിയ ആയുധ പരീക്ഷണ ശാലയോ?

kaliber-russia

ഇസ്രയേലിനും അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിർഭാഗത്തുള്ള റഷ്യയ്ക്കും സിറിയ ഒരു ആയുധ പരീക്ഷണ ശാലയാണ്. പുതിയ ആയുധങ്ങളും പ്രതിരോധ ടെക്നോളജിയും ഒരു ഭയവുമില്ലാതെ പ്രയോഗിക്കാൻ ഇതിലും മികച്ച ഒരിടം ഇന്നില്ല. കുറച്ചു വർഷങ്ങളായി റഷ്യയുടെ ആയുധങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സിറിയയിൽ സ്ഥാപിച്ചിരിക്കുകയാണ്.

കടലിലും കരയിലും ആകാശത്തും സാന്നിധ്യം ശക്തമാക്കിയ റഷ്യയുടെ പ്രധാന ലക്ഷ്യം ആയുധ വിപണി വിപുലീകരിക്കുക തന്നെയാണ്. രാജ്യാന്തര വിപണിയിലെ ആയുധ വിൽപ്പന സജീവമാക്കാൻ സിറിയയിലെ സാന്നിധ്യം നിർബന്ധമാണ്. സിറിയയിൽ അണ്വായുധങ്ങൾ വരെ റഷ്യ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ ക്രൂസ് മിസൈലായ തോമഹ്വാക്കിന്റെ ആക്രമണത്തിന് പകരം ചോദിക്കാൻ കാലിബർ ക്രൂസ് മിസൈലിന് ശേഷിയുണ്ടെന്നാണ് റഷ്യൻ പ്രതിരോധ വിദഗ്ധർ പറയുന്നത്.

ക്രൂസ് മിസൈലുകൾ ലോകത്തെ ഞെട്ടിച്ചത്

റഷ്യ അടുത്ത കാലത്ത് സിറിയയില്‍ വ്യോമാക്രമണം നടത്താനുപയോഗിച്ച കാലിബർ ക്രൂസ് മിസൈലുകൾ ലോകത്തെ ഞെട്ടിച്ചതാണ്. കാരണം 2,000 കിലോമീറ്റർ വരെ ഇവയക്കു താണ്ടാനാകും എന്നതു തന്നെ. ഇതേ മിസൈലുകൾ റഷ്യ വീണ്ടും ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടാര്‍ഗറ്റിനെ അനുസരിച്ച് ഇതിന്റെ പരിധി വ്യത്യാസപ്പെടുമെന്നതാണ് കാലിബറിന്റെ പ്രത്യേകത. 1991 ലെ ഗൾഫ് യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്ര കൃത്യതയാർന്ന മിസൈലുകള്‍ റഷ്യ വ്യോമാക്രണത്തിന് ഉപയോഗിക്കുന്നത്. പല തവണ പരീക്ഷിച്ചു വിജയിച്ച കാലിബർ ക്രൂയിസ് മിസൈലുകൾ, ക്ലബ് എന്ന പേരിലാണു റഷ്യ മറ്റു രാജ്യങ്ങൾക്കു നൽകുന്നത്. വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങൾ ഈ മിസൈലിന്റെ സേവനം നിലവിൽ ഉപയോഗിക്കുന്നുണ്ട്. 

സിറിയയെ ആക്രമിക്കുന്നതിന് ഒക്ടോബർ ഏഴിനു ക്യാസ്പിയൻ കടലിൽ നിന്നും വിക്ഷേപിച്ച കാലിബർ മിസൈൽ സഞ്ചരിച്ചത് 1,500 കിലോമീറ്റർ (932 മൈൽ) ആണ്. ഐസിസ് തീവ്രവാദികളെ നേരിടാനാണ് അന്ന് മിസൈല്‍ പ്രയോഗിച്ചത്. അൽക്വയ്ദയുടെ അധീനതയിലായിരുന്ന ഇദ്‌ലിബ് പ്രവിശ്യയിലും ഈ മിസൈൽ വൻനാശമാണു വിതച്ചത്.

തങ്ങളുടെ മിസൈൽ ടെക്നോളജി ദശാബ്ദങ്ങൾ പിന്നിലാണെന്നു പറഞ്ഞു കളിയാക്കുന്ന യൂറോപ്പ്, അമേരിക്ക രാജ്യങ്ങൾക്കു റഷ്യയുടെ മികച്ച മറുപടിയാണ് ഈ മികച്ച മിസൈൽ. തങ്ങളുടെ ടെക്നോളജി അവരുടേതിൽ നിന്നും തെല്ലും പിന്നിലല്ലെന്ന് തെളിയിക്കുവാൻ അവർക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്. എന്നാൽ കാലിബർ മിസൈൽ ഭീകരരെ നേരിടുന്നതില്‍ പരാജയപ്പെട്ടെന്നാണ് അമേരിക്കൻ പ്രതിരോധ വിദഗ്ധർ പറയുന്നത്.

മിസൈൽ ‌ടെക്നോളജി മാത്രമല്ല ബോംബ് ടെക്നോളജിയിലും റഷ്യ മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അമേരിക്കയുടെ സിബിയു-105 നു പകരം വയ്ക്കാവുന്ന ബോംബാണു റഷ്യയുടെ ആർ. ബി. കെ. -500 എസ്.പി.ബി.ഇ.-ഇ. പേരിലെ 500 സൂചിപ്പിക്കും പോലെ 500 കിലോ സ്ഫോടകവസ്തുവിന്റെ പ്രഹര ശേഷിയുള്ളതാണ് ഈ ബോംബ്. വെവ്വേറെ സെൻസറുകളോടു കൂടിയ 15 ചെറുബോംബുകളും ഇതിലടങ്ങിയിരിക്കുന്നു. ഈ ബോംബുകളെല്ലാം സിറിയൻ നഗരങ്ങളിൽ റഷ്യ പരീക്ഷിച്ചിരുന്നു. 

15 ടാങ്കുകൾ നശിപ്പിക്കാൻ തക്ക ശേഷിയുള്ളതാണിത്. മനുഷ്യനെയും ഉപകരണങ്ങളെയും തിരിച്ചറിഞ്ഞ് ലക്ഷ്യം നിയന്ത്രിക്കാനാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. അതിനാൽ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഇത് അപകടം വിതയ്ക്കില്ലെന്നാണ് റഷ്യ പറയുന്നത്. ഒരു യുദ്ധവിമാനത്തിൽ ആറ് ആർ. ബി. കെ. -500 ബോംബുകൾ നിറയ്ക്കാനാകും. അതായത് ഏകദേശം 90 ടാങ്കുകൾ (ഏകദേശം രണ്ടു റെജിമെന്റ്സ്) പൂർണമായും നശിപ്പിക്കാൻ ഒരു യുദ്ധവിമാനത്തിനു കഴിയും. ഭീകരർക്കെതിരായ ആക്രമണത്തിൽ റഷ്യ ഈ സ്മാർട്ട് ബോംബുകൾ ഉപയോഗിച്ചിരുന്നു.