സിറിയന്‍ ആകാശത്ത് തീതുപ്പിയത് 2 ബി–1 ബോംബർ, കൂടെ റഫാൽ, തോമഹ്വാക് മിസൈൽ

സിറിയൻ നഗരങ്ങളിൽ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് നടത്തിയ ആക്രമണത്തിന് അത്യാധുനിക പോര്‍വിമാനങ്ങളും ക്രൂസ് മിസൈലുകളും സ്ഫോടക വസ്തുക്കളുമാണ് ഉപയോഗിച്ചത്. ആകാശത്ത് നിന്നുള്ള ആക്രമണത്തിന് പ്രധാനമായും ഉപയോഗിച്ചത് അമേരിക്കയുടെ ബി–1 ബോംബറും ഫ്രാൻസിന്റെ റഫാല്‍ ഫൈറ്റർ ജറ്റുകളുമാണ്. ഈ രണ്ട് പോർവിമാനങ്ങളും പ്രതിരോധ മേഖലയിലെ വൻ ശക്തിയാണ്. ഇതോടൊപ്പം ബ്രിട്ടന്റെ ടൊർണാഡോ ഫൈറ്റർ ജറ്റുകളും ആക്രമണത്തിനിറങ്ങി. 

ബ്രിട്ടന്റെ നാലു ഫൈറ്റര്‍ ജെറ്റുകളാണ് ദൗത്യത്തിൽ പങ്കെടുത്തത്. സ്റ്റോം ഷാഡോ ക്രൂസ് മിസൈലുകൾ ഈ പോര്‍വിമാനങ്ങളിൽ നിന്നാണ് താഴേക്കിട്ടത്. ഇതോടൊപ്പം ടൈഫൂൺ ഫൈറ്റർ ജെറ്റുകളും പങ്കെടുത്തുവെന്ന് ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഫ്രാൻസിന്റെ റഫാൽ ഫൈറ്റർ ജെറ്റുകൾ സിറിയയുടെ ആകാശത്ത് പറക്കുന്നതിന്റെ ദൃശ്യങ്ങൾ ഫ്രഞ്ച് പ്രസിഡന്റ് തന്നെ ട്വീറ്റ് ചെയ്തിരുന്നു. 250 മൈൽ വരെ പറക്കാൻ ശേഷിയുള്ള റഫാൽ ജെറ്റിൽ നിന്ന് സ്റ്റോം ഷാഡോ ക്രൂസ് മിസൈലുകളും തൊടുത്തിരുന്നു. ഇതൊടൊപ്പം ഫ്രാൻസിന്റെ മിറാഷ് ഫൈറ്റർ ജെറ്റുകളും ദൗത്യത്തിൽ പങ്കെടുത്തു.

സിറിയൻ ആക്രമണത്തിന് രണ്ടു ബി–1 ബോംബറുകൾ ഉപയോഗിച്ചുവെന്ന് അമേരിക്ക ഔദ്യോഗികമായി അറിയിച്ചു. നാലു എൻജിനുകളുടെ ശേഷിയുള്ള ബി–1 ബോംബർ 19 JASSM ക്രൂസ് മിസൈലുകളാണ് തൊടുത്തത്. 450 കിലോഗ്രാം പോർമുന വരെ വഹിക്കാൻ ശേഷിയുള്ളതാണ് JASSM ക്രൂസ് മിസൈൽ.

സിറിയൻ ആക്രമണങ്ങളിൽ പ്രധാനമായും ഉപയോഗിച്ചത് തോമഹ്വാക് ക്രൂസ് മിസൈലുകളാണ്. കടലിൽ നിന്ന് മിസൈല്‍ ആക്രമണം നടത്താൻ മൂന്ന് അമേരിക്കൻ യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും ഉപയോഗിച്ചെന്നും പെന്റഗൺ അറിയിച്ചു.