Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ ധീരവനിത ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ 148 പേരും കത്തിതീർന്നേനെ’

TAMMIE-JO-SHULTS

148 യാത്രക്കാരുമായി ന്യൂയോർക്കിൽ നിന്നു ഡാലസിലേക്കു പറന്ന സൗത്ത്‍വെസ്റ്റ് എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചത് ചൊവ്വാഴ്ചയാണ്. 32,000 അടി ഉയരത്തിൽ 500 മൈൽ വേഗത്തിൽ പറക്കുകയായിരുന്ന വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിക്കുമ്പോൾ കോക്പിറ്റിലിരുന്ന് കാര്യങ്ങളെല്ലാം ധീരതയോടെ നേരിട്ടത് പൈലറ്റ് ടമി ജോ ഷുൾട്സ് ആണ്.

രണ്ടു എൻജിനുകളിൽ ഒന്ന് പൊട്ടിത്തെറിച്ചിട്ടും ഒരാളെ ഒഴികെ 148 പേരുടെയും ജീവൻ രക്ഷിച്ചെടുക്കാൻ ഈ ധീരവനിതയ്ക്ക് സാധിച്ചു. ഒരു നിമിഷം പിഴച്ചിരുന്നെങ്കിൽ വിമാനം കത്തിതീർന്നേനെ എന്നാണ് യാത്രക്കാരിൽ ചിലർ പറഞ്ഞത്. അത്രയ്ക്കും ഭീകരമായിരുന്നു ആ നിമിഷങ്ങൾ. 148 പേരുടെ ജീവൻ പോയേക്കാവുന്ന വന്‍ ദുരന്തം മുന്നിൽ കണ്ടിട്ടും ടമി പതറിയില്ല. എല്ലാം ശാന്തമായി നേരിട്ട് വിമാനം താഴെ ഇറക്കി. യാത്രക്കാരോടെല്ലാം സംസാരിച്ച് പുഞ്ചിരിച്ച മുഖത്തോടെയാണ് അവർ എയർപോർട്ട് വിട്ടത്.

Shults

വർഷങ്ങളോളം അമേരിക്കൻ സൈന്യത്തിലെ പൈലറ്റായിരുന്നു ടമി ജോ ഷുൾട്സ്. ഈ ധൈര്യം തന്നെയാണ് കഴിഞ്ഞ ദിവസവും കണ്ടത്. യാത്ര തുടങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ദുരന്തം സംഭവിച്ചത്. എൻജിൻ പൊട്ടിത്തെറിച്ചതോടെ കാര്യങ്ങളെല്ലാം ടമി നേരിട്ട് നിയന്ത്രിക്കാൻ തുടങ്ങി. ദുരന്തം സംഭവിച്ച ഉടനെ താഴെ എയർ ട്രാഫിക് കൺട്രോളുമായി ആശയവിനിമയം നടത്തി, താഴെ വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കാൻ പറഞ്ഞിരുന്നു. കൂടെ സഹായത്തിന് ഡാരൻ എല്ലിസറുമുണ്ടായിരുന്നു.

അവർ ചെയ്തതെല്ലാം ജോലിയുടെ ഭാഗമാണെന്നാണ് ഷുൾട്സും എല്ലിസറും സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയ സംയുക്തക്കുറിപ്പിൽ പറഞ്ഞത്. അവർ ഇല്ലായിരുന്നുവെങ്കിൽ 148 പേരും കത്തിയമർന്നേനെ എന്നാണ് പൈലറ്റിനെയും മറ്റു ജീവനക്കാരെയും പുകഴ്ത്തി യാത്രക്കാർ ട്വീറ്റ് ചെയ്തത്. മാധ്യമങ്ങളെ കാണാൻ ആഗ്രഹിക്കുന്നില്ല, അന്വേഷണ ഉദ്യേഗസ്ഥർക്ക് മാത്രമേ അഭിമുഖം നല്‍കൂവെന്നും പൈലറ്റ് ഷുൾട്സ് പറഞ്ഞു.

ബയോളജി ആൻഡ് അഗ്രിബിനസിൽ ബിരുദം നേടിയിട്ടുള്ള ഷുൾട്സ് 1985 ലാണ് അമേരിക്കൻ നേവിയുടെ ഭാഗമാകുന്നത്. അമേരിക്കൻ നേവി പൈലറ്റുമാരിലെ ആദ്യ സ്ത്രീകളിൽ ഒരാളായിരുന്നു ഷുൾട്സ്. നിരവധി ദുരന്തങ്ങളില്‍ വിമാനങ്ങളെയും കപ്പലുകളെയും രക്ഷിച്ചിട്ടുള്ള ഷുൾട്സിന് കഴിഞ്ഞ ദിവസത്തെ വെല്ലുവിളിയും അതിവേഗം നേരിടാനായി.

അമേരിക്കൻ നേവിയിലെ തന്ത്രപ്രധാന ദൗത്യങ്ങളിലെല്ലാം ഷുൾട്സ് പങ്കെടുത്തിട്ടുണ്ട്. ഇഎ–6ബി പ്രൗലർ എന്ന ഇലക്ട്രോണിക് യുദ്ധവിമാനത്തിന്റെ (റഡാറുകളെ ജാം ചെയ്യുന്ന സംവിധാനം) പരിശീലകനായും ഷുൾട്സ് പ്രവർത്തിച്ചിട്ടുണ്ട്. നിരവധി മെഡലുകളും അംഗീകാരങ്ങളും നേടിയ ഷുൾട്സ് 2001 ലാണ് നേവിയിൽ നിന്ന് വിരമിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയാണ് ഷുൾട്സ്.

shults-and-passengers

പൈലറ്റ് ഷുൾട്സ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിക്കുന്നതിന്റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. വളരെ ശാന്തമായും പതുക്കെയുമാണ് ഷുൾട്സ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. 30,000 അടി മുകളിലാണെന്നും വിമാനം അടിയന്തരമായി നിലത്തിറക്കണമെന്നുമാണ് ആദ്യം തന്നെ ആവശ്യപ്പെടുന്നത്. എൻജിന് തകരാർ സംഭവിച്ചു. വിമാനത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടുവെന്നാണ് ഓഡിയോയിൽ പറയുന്നത്. എൻജിൻ പൊട്ടിത്തെറിച്ചു എന്ന് പറയുന്നില്ല. വൈദ്യ സഹായം വേണമെന്നും പരുക്കേറ്റ യാത്രക്കാരുണ്ടെന്നും ട്രാഫിക് കൺട്രോളിനെ അറിയിക്കുന്നുണ്ട്.

related stories