ഇന്ത്യയുടെ വ്യോമ ശക്തിക്കു മുന്നിൽ ചൈനീസ് യുദ്ധവിമാനം കീഴടങ്ങി

ചൈനയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ പോർവിമാനങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത് 2016 ലാണ്. ആകാശത്തു നിന്നു തീതുപ്പാൻ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ചെങ്ദു ജെ–20 പോർവിമാനത്തിലുള്ളത് എന്നാണ് അന്ന് വാദിച്ചിരുന്നു. ശത്രുക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നതും വലിയ ഫീച്ചറായി ചൈനീസ് മാധ്യമങ്ങൾ അവതരിപ്പിച്ചു. എന്നാൽ ചൈനയുടെ ആ യുദ്ധവിമാനത്തെ തന്നെ റഡാറിൽ കുരുക്കി ഇന്ത്യയുടെ സുഖോയ് ശക്തി തെളിയിച്ചിരിക്കുന്നു.

റഡാർ കണ്ണുകളെ വെട്ടിച്ചു പറക്കാൻ കഴിയും വിധം അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെൽത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ– 20 യുദ്ധവിമാനത്തിന്റെ നീക്കം ഇന്ത്യൻ യുദ്ധവിമാനമായ സുഖോയ് 30 എംകെഐ കഴിഞ്ഞദിവസം റഡാറിൽ കണ്ടെത്തിയിരിക്കുന്നു.

ശത്രുക്കളെ കണ്ണുവെട്ടിച്ച് മുന്നോട്ടു നീങ്ങാനായി ചാരനിറമാണ് ജെ–20യിൽ ഉപയോഗിച്ചിരിക്കുന്നത്. 2011 ലാണ് ചൈന ജെ–20 പോർവിമാനം പുറത്തിറക്കുന്നത്. പിന്നീട് നിരവധി മാറ്റങ്ങളും ടെക്നോളജികളും കൂട്ടിച്ചേർത്തു. ഏറ്റവും കുറഞ്ഞ ചെലവിലാണ് ജെ–20 നിര്‍മിക്കുന്നത്. 2017 മാർച്ചിൽ ചെങ്ദു ജെ–20 ചൈനീസ് സേനയുടെ ഭാഗമായി അതേസമയം, ഏതൊക്കെ ആയുധങ്ങളാണ് പുതിയ ജെ–20 യിൽ നിന്നു പ്രയോഗിക്കാൻ കഴിയുക എന്നത് സംബന്ധിച്ച് ചൈനക്കാർക്കു മാത്രമേ അറിയൂ.

രണ്ടു എൻജിനുകളുള്ള ജെ–20 യുടെ വേഗം മണിക്കൂറിൽ 2,100 കിലോമീറ്ററാണ്. ദീർഘദൂര എയർ ടു എയർ മിസൈൽ ആക്രമണത്തിനു പുതിയ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോംബുകൾ വർഷിക്കാൻ കഴിയും. അതേസയം, ചൈനയുടെ ജെ–20 അമേരിക്കയുടെ എഫ്–22, എഫ്–35 വിമാനങ്ങളോട് ഏറെ സാദൃശ്യമുണ്ടെന്നാണ് നിരീക്ഷകർ ആരോപിക്കുന്നത്. എന്നാൽ, ചൈനയുടെ ജെ–20 നിർമിക്കാൻ അമേരിക്കൻ പോര്‍വിമാനങ്ങളെക്കാൾ കുറഞ്ഞ ചെലവും സമയവും മതി.